Current Date

Search
Close this search box.
Search
Close this search box.

ലിബറൽ-ജനാധിപത്യത്തിന് അരങ്ങൊഴിയാൻ നേരമായി

ലോകത്താകെ കടുത്ത ഭീതിയും അശാന്തിയും പടർന്നു പിടിച്ച ഒരു സാഹചര്യമാണ് നാം ദർശിക്കുന്നത്. ടി.വിയിലൂടെയും ഇന്റർനെറ്റിലൂടെയും ദൈനംദിനം നമ്മുടെ മുന്നിലേക്കെത്തുന്നത് അവകാശ സമരങ്ങളുടെയും പുതു വിപ്ലവത്തിന്റെയും മുറവിളികളാണ്. നിലവിലുള്ള ഭരണങ്ങൾക്കെതിരെയുള്ള ജനരോഷം തെരുവുകളിൽ നിന്ന് മുഴങ്ങിക്കേൾക്കുന്നു. ഒരു ഭാഗത്ത് അതൃപ്തരായി തെരുവിലിറങ്ങുന്ന ജനങ്ങളുടെ ബാഹുല്യം തെല്ലൊരു അസ്വസ്ഥയുണ്ടാക്കാം. എന്നാൽ മറ്റൊരു ഭാഷയിൽ, ജനങ്ങളുടെ ഈ സമരാവേശത്തെ ഉദാത്തമായ ജനകീയാവിഷ്കാരങ്ങളായി കണ്ട് ആധിപത്യ സ്വഭാവമുള്ള ആഗോള ഭരണ സംവിധാനത്തിൽ നിന്ന് ജനകീയ പങ്കാളിത്തത്തിന്റെ പുതിയ ഇടങ്ങളിലേക്കുള്ള ഒരു തിരിഞ്ഞു നടത്തമായി ഇതിനെ നിർവചിക്കാവുന്നതാണ്. ശുഭാപ്തി വിശ്വാസം പേറുന്ന ഒരു വ്യക്തി എന്ന നിലക്ക് രണ്ടാമത്തെ കാഴ്ചപ്പാടിൽ ഊന്നിയാണ് ഞാൻ ഈ വിഷയത്തിൽ ചിന്തിക്കുന്നത്. ചിലിയൻ ജനതയുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും ഇറാഖിലും സുഡാനിലും അൾജീരിയയിലും ഉയർന്നു വരുന്ന ജനകീയ സമരങ്ങളും ഈ മാതൃകയിൽ വായിക്കപ്പെടേണ്ടവയാണ്.

ശീതയുദ്ധാനന്തരം ലോകത്തുണ്ടായ ഭരണ മാതൃകകൾ പല വാഗ്ദാനങ്ങളും ജനങ്ങളുടെ മുമ്പിൽ വെച്ചെങ്കിലും അവ പൂർത്തീകരിക്കുന്നതിൽ ഈ സംവിധാനങ്ങളൊക്കെയും പരാജയമായിരുന്നു. ഐക്യരാഷ്ട്ര സഭ അടക്കം നിലവിലുള്ള സാമൂഹ്യ- രാഷ്ട്രീയ സ്ഥാപനങ്ങളും മാനുഷിക ചിന്തകളും സൈനിക ഇടപെടലുകൾ വരെ ലിബറൽ-ജനാധിപത്യ ഭരണക്രമമാണ് ലോക ജനതക്ക് അനുഗുണമായത് എന്ന വീക്ഷണഗതിയിലാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. ബലം പ്രയോഗിച്ചോ പ്രീണനത്തിലൂടെയോ ഈ സംവിധാനത്തോട് പൊരുത്തമുണ്ടാക്കാൻ ശ്രമിക്കുന്നത് പുരോഗതിയിലേക്കുള്ള ചുവടുവെയ്പ്പായി വ്യാഖ്യാനിക്കപ്പെടുന്നു.

Also read: ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം ഒരാണ്ട് പിന്നിടുമ്പോള്‍

വിശാലമായ ജനാധിപത്യ പദ്ധതിയിലാണ് ഞാൻ വിശ്വസിക്കുന്നത് എന്ന് ഈയവസരത്തിൽ വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങളെ കൃത്യമായി മുഖവിലയ്ക്കെടുക്കുന്ന സാകല്യവും പ്രാതിനിധ്യവുമുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കുക എന്നത് മഹത്തായ ഒരു ലക്ഷ്യമായിരിക്കണം. മനുഷ്യജീവനുകളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ മനുഷ്യാവകാശങ്ങൾ എന്ന ആശയത്തെ ഉയർത്തിപ്പിടിക്കുക എന്നത് മാനവരാശിയുടെ തന്നെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അധികാരവും സമ്പത്തും ഉള്ളവർക്ക് മാത്രം നിലനിൽപിന് അവകാശമുള്ള ഒരു ലോകക്രമമാണിത്. വ്യത്യസ്തമായ പശ്ചാത്തലങ്ങളുള്ള ഭരണകൂടങ്ങൾക്കും സമകാലിക രാഷ്ട്രീയത്തിനും സാംസ്കാരിക വ്യവഹാരങ്ങൾക്കുമൊക്കെ കൃത്യമായ ഒരു ക്രമമുണ്ടാകുമ്പോഴാണ് ഭൂമിയിൽ സഹവർത്തിത്വം സാധ്യമാവുകയുള്ളൂ.

ഇന്ന് ജനങ്ങൾ അസ്വസ്ഥരാണെങ്കിൽ അതിനുള്ള പ്രധാന കാരണം അവർ വിശ്വാസം വെച്ചുപുലർത്തിയ ലിബറൽ സംവിധാനം ഒരു പരാജയമായി ഭവിച്ചു എന്നതിനാലാണ്. മുന്നോട്ടു വെച്ച വാഗ്ദാനങ്ങളൊന്നും നിറവേറ്റാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, അതിനേക്കാൾ അപകടകരമായി അധികാരവും സമ്പത്തും ഒരു ചെറിയ വിഭാഗത്തിലേക്ക് മാത്രം കേന്ദ്രീകരിച്ച് സമഗ്രാധിപത്യത്തിന്റെ തുരുത്തുകൾ സൃഷ്ടിക്കുകയാണ് ലിബറൽ ലോകക്രമം ചെയ്യുന്നത്. ലിബറൽ അധികാര സ്ഥാനങ്ങളെ സംബന്ധിച്ചുള്ള പുതിയ ഒരു വിമർശനമല്ല ഇത്, എനിക്കും മുമ്പ് ഫ്രാൻസ് ഫാനനും തോമസ് സൻകാരയും ഈ വിഷയം ഭംഗിയായി അവതരിപ്പിച്ചവരാണ്. ഈയൊരു ഡിജിറ്റൽ യുഗത്തിൽ ലിബറൽ-ജനാധിപത്യ സംവിധാനങ്ങളുടെ പിടി ജനങ്ങളുടെ മേൽ ശക്തമാകുന്നു എന്നതാണ് എന്റെ നിരീക്ഷണം. ഓരോരുത്തരും അവരവരുടെ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് വിവരങ്ങൾ വിരൽത്തുമ്പിൽ കൈകാര്യം ചെയ്യുന്ന ഈ കാലത്ത് നമ്മിൽ പലർക്കും പക്ഷേ സുഖകരമായ അനുഭവങ്ങളല്ല നേരിടേണ്ടിവരുന്നത്. ജനങ്ങളുടെ പങ്കാളിത്തമാണ് പുരോഗതിക്കാവശ്യം എന്ന വാദം അനിയന്ത്രിതമായ ലിബറൽ ഉപഭോഗത്തിന് അവരെ പാത്രമാക്കുന്നു. ലിബറൽ ലോകക്രമം സമൂഹത്തിലും വ്യക്തികൾക്കും വരുത്തി വെയ്ക്കുന്ന വിപത്തുകളുടെ വാർത്തകളാണ് നിരന്തരമായി നാം കേട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ ജാഗ്രതയോടെയാണ് ആളുകൾ പല വിഷയങ്ങളിലും ഇടപെടേണ്ടി വരുന്നത്.

ഈയൊരു സംവിധാനത്തിന് ഭാവിയില്ല എന്നത് ഏറെക്കുറെ ലോകജനത മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ലിബറൽ ലോകക്രമം കെട്ടിപ്പടുക്കുന്നതിനായി ത്വരിതഗതിയിൽ നശിപ്പിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിതിയുടെ വിഷയവും എല്ലാവരുടെയും മുന്നിലുണ്ട്. ഈയൊരു പോക്കു തുടർന്നാൽ അത് മനുഷ്യരാശിയുടെ അന്ത്യത്തിന് വഴിവെക്കും എന്നതിൽ തർക്കമില്ല. ലോകത്താകെ ഉയർന്നുകൊണ്ടിരിക്കുന്ന മനുഷ്യരുടെ രോഷവും കരച്ചിലുകളും കേൾക്കാൻ ലിബറൽ-ജനാധിപത്യത്തിന്റെ തമ്പുരാക്കന്മാർക്ക് സാധിക്കുന്നുണ്ടോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.

വിവ: അനസ് പടന്ന
കടപ്പാട്: New Internationalist

Related Articles