Current Date

Search
Close this search box.
Search
Close this search box.

ഇല്‍ഹാന്‍ ഒമര്‍; യു.എസ് കോണ്‍ഗ്രസ്സിലെ ഹിജാബിട്ട സ്ത്രീ

യു.എസ് കോണ്‍ഗ്രസ്സ് ഡമോക്രാറ്റിക് പ്രതിനിധികളായ നാല് വനിതകള്‍ക്കെതിരെ മുമ്പ് ട്രംപ് നടത്തിയ വംശീയ പരാമര്‍ശങ്ങള്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മിനസോട്ട മണ്ഡലത്തെ പ്രതിനിധീകരിച്ച ഇല്‍ഹാന്‍ ഒമര്‍, മിഷിഗന്‍ പ്രതിനിധി റാഷിദാ താലിബ്, ന്യൂയോര്‍ക്ക് പ്രതിനിധി അലക്‌സാണ്‍ട്രിയ, മസാചുസ്റ്റ്‌സ് പ്രതിനിധി അയാന പ്രിസ്‌ലി എന്നിവരായിരുന്നു ട്രംപിന്റെ വംശീയ ആക്രമണത്തിന് ഇരയാക്കപ്പെട്ടവര്‍. സാമൂഹികമാധ്യങ്ങളില്‍ ദ സ്‌ക്വാഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ നാല് വനിതകളും ട്രംപിന്റെ പല നിലപാടുകള്‍ക്കെതിരെയും നിശിതമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നവരായിരുന്നു. വിശേഷിച്ച് കുടിയേറ്റക്കാരുടെ നേരെയുള്ള ട്രംപിന്റെ കര്‍ക്കശനിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചവരായിരുന്നു നാല് പേരും. കുടിയേറ്റക്കാരായിരുന്ന ഇവര്‍ക്കെതിരെ കടുത്ത വംശീയതയായിരുന്നു ട്രംപ് ഇളക്കിവിട്ടിരുന്നത്. അമേരിക്കയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ സ്വന്തം രാജ്യങ്ങളിലേക്ക് തന്നെ മടങ്ങിക്കൊള്ളൂ എന്നുപറഞ്ഞ് ”ഗോബാക്ക് ” പ്രസ്താവന ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ രൂക്ഷമായ വിമര്‍ശനം നേരിടേണ്ടിവന്നത് ഇല്‍ഹാന്‍ ഒമര്‍ ആയിരുന്നു. ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പാത്രമായ നാല് വനിതകളെയും ഒരുമിപ്പിക്കുന്ന പൊതുഘടകം അവര്‍ വെള്ളക്കാരല്ലാത്തവരാണ് എന്നതാണ്. അതിനാല്‍തന്നെ അവര്‍ അമേരിക്കക്കാരല്ലെന്ന മട്ടിലായിരുന്നു ട്രംപിന്റെ വിമര്‍ശനം. എന്നാല്‍, യു.എസ് തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ നാല് പേരും ജയിച്ചുകയറിയത് അമേരിക്കയില്‍ നടക്കുന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ മൂവ്‌മെന്റുകളുടേയും വെളുത്ത മേധാവിത്വത്തിനെതിരെയുള്ള പോരാട്ടങ്ങളുടേയും വിജയമായി ഇത് നിരീക്ഷിക്കാവുന്നതാണ്.

യു.എസ് കോണ്‍ഗ്രസ്സിലേയ്ക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ ഇത് രണ്ടാം തവണയാണ് മിനിപ്പോളീസിലെ മിനിസോട്ടയില്‍ നിന്നും ഇല്‍ഹാന്‍ ഒമര്‍ വിജയിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ലേസി ജോണ്‍സനെയാണ് വ്യക്തമായ മാര്‍ജിനില്‍ ഇല്‍ഹാന്‍ പരാജയപ്പെടുത്തിയത്

യു.എസ് കോണ്‍ഗ്രസ്സിലേയ്ക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ ഇത് രണ്ടാം തവണയാണ് മിനിപ്പോളീസിലെ മിനിസോട്ടയില്‍ നിന്നും ഇല്‍ഹാന്‍ ഒമര്‍ വിജയിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ലേസി ജോണ്‍സനെയാണ് വ്യക്തമായ മാര്‍ജിനില്‍ ഇല്‍ഹാന്‍ പരാജയപ്പെടുത്തിയത്. യു.എസ്.കോണ്‍ഗ്ര്സ്സിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന രണ്ടു മുസ്‌ലിം വനിതകളില്‍ ഒരാളും ആദ്യത്തെ സോമാലിയന്‍ വംശജയുമാണ് ഇല്‍ഹാന്‍. തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമേരിക്കക്കാരിയല്ലെന്ന് പറഞ്ഞുകൊണ്ട് ട്രംപ് ഒമറിനെ പരസ്യമായി അപമാനിച്ചിരുന്നു. എന്നാല്‍ ട്രംപ് വംശീയവാദിയാണെന്ന് തുറന്നുപറഞ്ഞുകൊണ്ടായിരുന്നു ഇല്‍ഹാന്‍ ആഞ്ഞടിച്ചത്.

Also read: യു.എസ് കോണ്‍ഗ്രസിലെ പെണ്‍താരകങ്ങള്‍

ഇസ്‌റാഈലിനെ അന്ധമായി പിന്തുണക്കുന്ന അമേരിക്കയുടെ വിദേശനയത്തെ നിശിതമായി വിമര്‍ശിച്ചതിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരില്‍ നിന്ന് മാത്രമല്ല, ഡെമോക്രാറ്റില്‍ നിന്നുള്ള ചിലരും ഇല്‍ഹാനെ എതിര്‍ത്തിരുന്നു.അമേരിക്കയുടെ ഇസ്‌റാഈലി പിന്തുണയുടെ പിന്നില്‍ സയണിസ്റ്റ് അനുകൂല ലോബിയുടെ പണക്കൊഴുപ്പാണെന്നുള്ള ഇല്‍ഹാന്റെ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇസ്രായീല്‍ അനുകൂലികളായ വലിയൊരു വിഭാഗം ജനത അമേരിക്കയില്‍ ഉണ്ടായിരിക്കെ, ഇസ്രായീലിനെ എതിര്‍ക്കുന്നത് സെമിറ്റിക്ക് വിരുദ്ധതയായി കണക്കാക്കുന്നവര്‍ക്കിടയില്‍ നിന്ന് കൊണ്ടാണ് ഇങ്ങനെയൊരു പരാമര്‍ശം നടത്താന്‍ ഇല്‍ഹാന്‍ ധൈര്യം കാണിച്ചത്. അസ്സലാമുഅലൈകും, അല്‍ഹംദുലില്ലാഹ് തുടങ്ങിയ വാചകങ്ങള്‍ ഉപയോഗിച്ച്‌കൊണ്ടായിരുന്നു ഇല്‍ഹാന്‍ വൈറ്റ് ഹൗസില്‍ അഭിവാദ്യം ചെയ്തത്. അമേരിക്കന്‍ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഇസ്‌ലാമോഫോബിക് തെരെഞ്ഞെടുപ്പ് എന്ന് വിളിക്കപ്പെട്ട ഒരു തെരെഞ്ഞടുപ്പിന് ശേഷം ഇതുപോലുള്ള ഒരു വേദിയില്‍ അടിസ്ഥാന മുസ് ലിം അഭിവാദ്യങ്ങള്‍ പോലും ഒരു നേട്ടമായിട്ടാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് ഇല്‍ഹാന്‍ പറഞ്ഞു.

വിജയിച്ചതിന് ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ താന്‍ തിരിച്ചറിഞ്ഞ ഒരു അമേരിക്കയെക്കുറിച്ച് ഇല്‍ഹാന്‍ സവിസ്തരം വിവരിക്കുകയുണ്ടായി. താന്‍ കേവലം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതല്ലെന്നും മെച്ചപ്പെട്ട ജീവിതത്തിനായി അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ പലപ്പോഴും വര്‍ഗീയതയും വിദ്വേഷവും നേരിടുന്നുണ്ടെന്നും സ്വന്തം ദേശത്ത് അഭയാര്‍ഥികളെപ്പോലെ കഴിയേണ്ടിവരുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അവര്‍ തുറന്നുപറഞ്ഞു. കറുത്ത വര്‍ഗക്കാരില്‍ നിന്ന് കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ വനിത, ഹിജാബ് ധരിച്ചെത്തുന്ന ആദ്യ വനിത, കോണ്‍ഗ്രസ്സിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന ആദ്യ അഭയാര്‍ഥി വനിത, തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ തനിക്കുണ്ടെന്ന് വികാരാധീതയായി ഇല്‍ഹാന്‍ ചേര്‍ത്തുപറയുകയുണ്ടായി.

2016ല്‍ യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ആദ്യമായി സ്ഥാനാര്‍ഥിയായപ്പോള്‍ യു.എസിലേക്ക് പ്രവേശിക്കുന്നതില്‍ നി്‌നും എല്ലാ മുസ്‌ലിംകളേയും വിലക്കണമെന്ന കുപ്രസിദ്ധമായ പ്രചാരണം നടത്തിയിരുന്നു ട്രംപ്. പിന്നീട് യു.എസ് പ്രസിഡന്റായി അധികാരമേറ്റതിനു ശേഷമെടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് വിവിധ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യു.എസില്‍ പ്രവേശിക്കാന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുക്കൊണ്ടുള്ളതായിരുന്നു. അതിനിടയിലാണ് ഇല്‍ഹാന്‍ ഒമര്‍ വാഷിംഗ്ടണിലെ ഒരു പ്രധാന ശബ്ദമായി ഉയര്‍ന്നുവരുന്നത്. ഇത് ട്രംപിനെ ഏറെ പ്രകോപിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഒമറിന്റെ വിശ്വാസത്തെയും സ്വതത്വേയും കടന്നാക്രമിക്കാന്‍ ട്രംപ് ശ്രമിച്ചത്. ഇല്‍ഹാന്‍ ഒമറിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും ഇല്‍ഹാന്‍ അമേരിക്കയെ വെറുക്കുന്നവളാണെന്നുമൊക്കെ പല റാലികളിലും ട്രംപ് പരസ്യമായി യാതൊരു തെളിവുമില്ലാതെ ആരോപിക്കുകയുണ്ടായി. എന്നാല്‍ ഇല്‍ഹാനില്‍ അമേരിക്കന്‍ ജനതക്ക് വിശ്വാസം വര്‍ധിച്ചുവരികയായിരുന്നു. അവളുടെ പോരാട്ടവീര്യത്തില്‍ ജനം അര്‍പ്പിച്ച പിന്തുണയുടെയും പ്രതീക്ഷയുടെയും ഫലമാണ് ഈ വിജയം.

Also read: കൊറോണയും ഉത്തരംകിട്ടാത്ത ​ഗൂഢാലോചന സിദ്ധാന്തങ്ങളും

സോമാലിയയില്‍ ജനിച്ച ഇല്‍ഹാന്‍ ഒമര്‍ തന്റെ എട്ടാം വയസ്സില്‍ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തില്‍ നിന്നും കുടുംബത്തോടൊപ്പം ഓടിപ്പോയതാണ്. അമേരിക്കയിലേക്ക് വരുന്നതിന് മുമ്പ് കെനിയയിലെ ഒരു അഭയാര്‍ഥി ക്യാമ്പിലായിരുന്നു നാല് വര്‍ഷം ചെലവഴിച്ചിരുന്നത്. 1997ല്‍ അവര്‍ കുടുംബത്തോടൊപ്പം മിനിയാപൊളിസിലേക്ക് മാറി. ചെറുപ്പത്തില്‍തന്നെ മുസ്ലിമും സോമാലിയക്കാരിയുമായവള്‍ എന്ന കാരണത്താല്‍ വെള്ളക്കാരായ സഹപാഠികളില്‍നിന്നും കടുത്ത വിവേചനം നേരിട്ടിരുന്നു. തന്റെ വല്ലിപ്പയില്‍ നിന്നാണ് ഇല്‍ഹാന്‍ രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത്. യു.എസ് പാര്‍ലമെന്റില്‍ ഹിജാബ് ധരിച്ചുകൊണ്ടാണ് ഇല്‍ഹാന്‍ സത്യപ്രതിജ്ഞ ചെയ്തത്. ഹിജാബ് ധരിക്കുന്നതെന്ത് കൊണ്ടാണെന്ന ചോദ്യത്തിന് ഇതെന്റെ വിശ്വാസത്തെ പ്രത്യക്ഷത്തില്‍ തന്നെ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയാണെന്ന് അവര്‍ മറുപടി പറയുകയുണ്ടായി. അമേരിക്കയിലെ മുസ്‌ലിംകള്‍ക്കെന്നപോലെ തന്നെ വിശ്വസിച്ച് പാര്‍ലമെന്റിലെത്തിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്ക് വേണ്ടിയും താന്‍ അങ്ങേയറ്റം പ്രയത്‌നിക്കുമെന്ന് ഇല്‍ഹാന്‍ തന്റെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

Related Articles