Current Date

Search
Close this search box.
Search
Close this search box.

പരദൂഷണം: മനുഷ്യബന്ധങ്ങള്‍ തകര്‍ക്കുന്ന വന്‍ ദുരന്തം

ഒരിക്കല്‍ മുഹമ്മദ് നബി(സ) തന്റെ ശിഷ്യന്മാരോട് ചോദിച്ചു: നിങ്ങള്‍ക്കറിയുമോ ഗീബത്ത് (പരദൂഷണം)എന്താണെന്ന്? അനുചരന്മാര്‍ പ്രതിവചിച്ചു: ദൈവത്തിനും ദൂതനുമാണ് ഏറ്റവും അറിയുക. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: നീ സഹോദരനെ/സഹോദരിയെ (ജനങ്ങളെ) സംബന്ധിച്ച് അവര്‍ക്ക് ഇഷ്ടപ്പെടാത്തത് പറയുക. അപ്പോള്‍ ഒരാള്‍ ചോദിച്ചു: ഞാന്‍ പറയുന്നത് അവരില്‍ ഉള്ളതാണെങ്കിലോ? പ്രവാചകന്‍ പറഞ്ഞു: നീ പറയുന്നത് അവരില്‍ ഉള്ളതാണെന്നങ്കില്‍ നീ പരദൂഷണം പറഞ്ഞു. അത് അവരില്‍ ഇല്ലാത്തതാണെങ്കില്‍ നീ കളവ് പറഞ്ഞു.

പലരുടെയും സംശയം തീര്‍ക്കുന്ന ഒരു ധാര്‍മികാധ്യാപനമാണിത്. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ചികഞ്ഞെടുത്ത് പരത്തിപ്പറയാന്‍ നാം ഏറെ മിടുക്കരാണ്. അതൊക്കെ അവരില്‍ ഉള്ളതാണല്ലോ എന്ന് നാം ആശ്വസിക്കാറുമുണ്ട്.

എന്നാല്‍ ഇങ്ങനെയുള്ള ദുര്‍ഗുണങ്ങള്‍ പറഞ്ഞ് മനുഷ്യരെ സമൂഹമധ്യത്തില്‍ താറടിക്കുന്നത് തന്നെയാണ് ദൈവം ഏറ്റവും വെറുക്കുന്ന പരദൂഷണം എന്ന് പ്രവാചകന്‍ ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ‘സഹോദരന്റെ മൃതശരീരം ഭക്ഷിക്കുന്നതു പോലെ’ എന്ന അത്യന്തം ഗൗരവാര്‍ഹമായ പദപ്രയോഗങ്ങളിലൂടെയാണ് ദൈവം / അല്ലാഹു പരദൂഷണങ്ങളെ വിലയിരുത്തുന്നത് (ഖുര്‍ആന്‍:49:12)

അന്യരെ ദുഷിക്കുന്നതിന്റെശിക്ഷ അതി കഠിനമായിരിക്കുമെന്നും നബിവചനങ്ങളില്‍ വന്നിട്ടുണ്ട്. തന്റെ ആകാശയാത്രയില്‍ (മിഅ്‌റാജ് ) ചെമ്പിന്റെ നഖമുള്ള ഒരു കൂട്ടര്‍ തങ്ങളുടെ മുഖങ്ങളും നെഞ്ചുകളും സ്വയം മാന്തിപ്പിളര്‍ക്കുന്നത് പ്രവാചകന്‍ കാണാനിടയായി. അതെ കുറിച്ചന്വേഷിച്ച പ്രവാചകനോട് അവര്‍ ഭൂമിയില്‍ വെച്ച് പരദൂഷണം പറഞ്ഞവരാണെന്ന് മലക്ക് ജിബ്‌രീല്‍(അ) മറുപടി പറഞ്ഞതായി ഹദീസ് (നബിവചനം) ഗ്രന്ഥങ്ങളില്‍ കാണാം.

നാം അധ്വാനിച്ച് നേടിയെടുത്ത സല്‍കര്‍മ്മങ്ങള്‍ പരദൂഷണത്തിന് വിധേയമായവരുടെ കണക്കു പുസ്തകത്തിലേക്ക് മാറിപ്പോകും എന്ന വന്‍ നഷ്ടക്കച്ചവടവും പരദൂഷണത്തിന്റെ ഫലമായി സംഭവിക്കുമെന്ന് പ്രവാചകന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

അന്തിമ വിശകലനത്തില്‍ മനുഷ്യരെ തമ്മിലടിപ്പിക്കാനും അവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും അതുവഴി സ്‌നേഹ ബന്ധങ്ങളും ഒപ്പം മരണാനന്തര വിജയവും തകര്‍ക്കാനും മാത്രമുതകുന്ന അത്യന്തം ഗര്‍ഹണീയമായ ദുര്‍ഗുണമത്രെ പരദൂഷണം .

Related Articles