Current Date

Search
Close this search box.
Search
Close this search box.

ഭയത്തിന്റെ നിഴല്‍ പിന്തുടരുമ്പോള്‍

ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം അടുത്തിടെയാണ് ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ ഗവേഷക പ്രബന്ധം സര്‍വകലാശാല അധികൃതര്‍ മനസ്സില്ലാ മനസ്സോടെ സ്വീകരിച്ചിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിനു സമീപം സുഹൃത്തുക്കളുമായി ചായ കുടിച്ചു കൊണ്ടിരിക്കെയാണ് ഉമറിനു നേരെ അജ്ഞാതന്‍ വെടിവെച്ചത്. വെളുത്ത ഷര്‍ട്ട് ധരിച്ച നീളമുള്ള മുടിയുള്ള ഒരാളാണ് പൊടുന്നനെ ഖാലിദിനു നേരെ വെടിയുതിര്‍ത്തത്. വെടിയുണ്ടയില്‍ നിന്നും ഭാഗ്യംകൊണ്ടാണ് ഉമര്‍ രക്ഷപ്പെട്ടത്. ഖാലിദിന്റെ സുഹൃത്തുക്കള്‍ ആക്രമിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ കുതറിമാറി ഓടിരക്ഷപ്പെടുകയായിരുന്നു.

‘ഭയത്തില്‍ നിന്നും സ്വാതന്ത്ര്യം’ എന്ന തലക്കെട്ടില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. എന്നാല്‍ ഭയം ഇത്രയും അടുത്തുണ്ടെന്ന്് ഉമര്‍ കരുതിയില്ല. അതീവ സുരക്ഷയുള്ള മേഖലയില്‍ പൊലിസിന്റെ മൂക്കിനു ചുവട്ടില്‍ നിന്നും ആക്രമി സുഗമമായി രക്ഷപ്പെട്ടു എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. അതും സ്വാതന്ത്ര്യദിനത്തിന് രണ്ടു ദിവസം മുന്‍പ്. ദേശീയതയുടെ പേരില്‍ വിഷം കുത്തിവെച്ചാണ് ആക്രമികള്‍ക്ക് ഇന്ധനം നല്‍കുന്നത്. ഹിന്ദുത്വവാദികളാലും അവരുടെ മാധ്യമങ്ങളാലും ജനങ്ങളെ ദേശീയതക്കെതിരെ സംസാരിക്കുന്നവരായി ചിത്രീകരിക്കുകയാണ്. ഇവരെ ഭയം പിന്തുടരുകയാണ്. ഉയര്‍ത്തിപ്പിടിച്ച തലകളും ഭയമില്ലാത്ത മനസ്സുമായിരുന്നു ടാഗോര്‍ സ്വപ്‌നം കണ്ട രാഷ്ട്രം.

ജനങ്ങളെ മാധ്യമ അന്ധതയാണ് ഇപ്പോള്‍ നയിക്കുന്നത്. അവരുടെ പ്രതികരണ ശേഷിയെ ദേശസ്‌നേഹികള്‍ തളര്‍ത്തിയിരിക്കുന്നു. അവര്‍ അവരോട് തന്നെ ചോദിക്കണം യഥാര്‍ത്ഥത്തില്‍ ആരാണ് ദേശവിരുദ്ധര്‍ എന്ന്? അതീവ സുരക്ഷയുള്ള മേഖലയില്‍ ഒരാളെ വധിക്കാനായി ആയുധവുമായി എങ്ങനെയാണ് ഒരാള്‍ എളുപ്പത്തില്‍ കടന്നുവരുന്നത്. ഭരണഘടനയുടെ ഏത് ഭാഗത്താണ് ഇവരുള്ളത് എന്നാണ് ജനങ്ങള്‍ ഇപ്പോള്‍ ചോദിക്കുന്നത്.

ആരാണ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ നിഷേധിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതില്‍ രാജ്യം എത്രത്തോളം കുറ്റക്കാരാണ്. ഫാസിസ്റ്റ് ഗുണ്ടകളെ സ്വന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിക്കാന്‍ നമ്മള്‍ അനുവദിക്കുകയാണെങ്കില്‍ ജനങ്ങളുടെ ഭയം വര്‍ധിക്കുകയും ഭയത്തിനെതിരെ സംസാരിക്കാന്‍ പോലും ആളുകള്‍ക്ക് ഭയമാകുന്ന സ്ഥിതിവിശേഷമാണുണ്ടാവുക. ഇതോടെ ഈ രാജ്യത്തിന് അതിവേഗം സ്വബോധമില്ലാതാകും. ഇത്തരം വിഷലിപ്തമായ വികാരങ്ങള്‍ രാജ്യത്തിന്റെ നിയമത്തിനും മുകളിലാണെന്നാണ് അവര്‍ കരുതുന്നത്. ഇവ രാജ്യത്തെ നിയമങ്ങളെ കയ്യിലെടുക്കുമ്പോള്‍ ഇവിടെ പൂര്‍ണമായും സമഗ്ര ഫാസിസ്റ്റ് രാജ്യം പുലരും. മനസ്സിലുള്ളത് സംസാരിക്കാനും തല ഉയര്‍ത്തിപ്പിടിച്ച് നടക്കാനും ഭയപ്പെടുന്ന സമൂഹത്തെയാണ് അത് സൃഷ്ടിക്കുക.

കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ഖാലിദിനു നേരെ നടന്ന ആക്രമം അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ഭീതിപ്പെടുത്തുക എന്നതിന്റെ ഭാഗമാണ്. പ്രതികാരപരമായ ആക്രമണങ്ങളുടെ സംസ്‌കാരം എങ്ങിനെയാണ് ദേശീയവ്യവസ്ഥയുടെ ഭാഗമായി തീരുന്നത് എന്നതിന്റെയും പ്രശ്‌നമാണ് ഈ സംഭവം ഉയര്‍ത്തിക്കാണിക്കുന്നത്. ആരെങ്കിലും രാജ്യത്ത് വര്‍ധിച്ചു വരുന്ന ഭീതിയുടെ സംസ്‌കാരത്തെക്കുറിച്ച് സംസാരിച്ചാല്‍ അവര്‍ തോക്കിന്‍ നിഴലിലാകും. നമ്മളെല്ലാം ഭയത്തോടെയാണ് ഒരു സര്‍ക്കാരിനു കീഴില്‍ ജിവിക്കുന്നത്. രാജ്യത്തെ പൗരന്മാരെ ബാധിക്കുന്ന ഭയത്തെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ അത് ജനങ്ങളുടെ മനസ്സിനെ കൂടുതല്‍ ഭയത്തില്‍ ആഴ്ത്തിക്കളയും. ഇന്ന് നാം സാക്ഷിയാകുന്ന ദേശീയത സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ ദേശീയതയുമായി യാതൊരു ബന്ധവുമില്ല. നിങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയും ഭൂരിപക്ഷത്തിനെതിരെയും സംസാരിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും നിങ്ങള്‍ ഭീഷണി നേരിടും. നിങ്ങളെ പിന്നില്‍ ഭയത്തിന്റെ നിഴല്‍ പിന്തുടരും.

അവലംബം: thewire.in
വിവ: സഹീര്‍ വാഴക്കാട്

Related Articles