Onlive Talk

കന്യാസ്ത്രീകളുടെ സമരവും സമൂഹത്തിന്റെ നിസ്സംഗതയും

ഒരു ഹര്‍ത്താലിന്റെ എല്ലാ ക്ഷീണവും എറണാകുളം പട്ടണം കാണിച്ചിരുന്നു. ഹൈകോടതി പരിസരം തീര്‍ത്തും വിജനമാണ്. ഇടക്കിടക്ക് പോലീസുകാരുടെ കൂട്ടം കാണാം. പോലീസ് വണ്ടികളും പലയിടത്തും കാണാം. കന്യാസ്ത്രീകള്‍ എവിടെയാണ് സമരം ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ കോടതിയില്‍ നിന്നും രണ്ടു മിനുട്ട് നടക്കാവുന്ന ദൂരം എന്നാണു മറുപടി ലഭിച്ചത്. സമരപ്പന്തലില്‍ ആളുകള്‍ കുറവാണ്.

ഹര്‍ത്താല്‍ കാരണം ആളുകള്‍ക്ക് വന്നു ചേരാനുള്ള ബുദ്ധിമുട്ട് തന്നെ കാരണം. എങ്കിലും തരക്കേടില്ലാത്ത ഒരു ആള്‍ക്കൂട്ടം അവിടെ കണ്ടു. പലരും വന്നു പ്രസംഗിച്ചു പോകുന്നു. ഫ്രാങ്കോയെ അറസ്റ്റു ചെയാത്തതില്‍ എല്ലാവരും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇടയ്ക്കിടയ്ക്ക് ചെറിയ ഗ്രൂപ്പുകള്‍ വന്നു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഹൈക്കോടതിയില്‍ നല്‍കിയ പരാതി എന്തായി എന്ന ചോദ്യത്തിന് ആര്‍ക്കും കൃത്യമായ മറുപടി പറയാന്‍ കഴിഞ്ഞില്ല. (ശേഷം രാത്രി വൈകി കോടതിയുടെ ഇടപെടല്‍ വന്നു).

വളരെ ശ്രദ്ധിക്കുന്ന സ്ഥലത്താണ് ഈ സമരം നടക്കുന്നത്. ഇത് സഭയും അച്ഛനും കന്യാസ്ത്രീയും എന്ന് വായിക്കുമ്പോഴാണ് പ്രശ്‌നം വരുന്നത്. പീഡിപ്പിപ്പിക്കട്ടെന്നു പരാതി പറയുന്ന ഒരു സ്ത്രീയുടെ പരാതി എന്ന് മനസ്സിലാക്കിയാല്‍ ഇതൊരു ക്രിമിനല്‍ കേസു മാത്രമായി ചുരുങ്ങും. ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചു എന്ന് പരാതി പറഞ്ഞാല്‍ അത് അംഗീകരിച്ചു നടപടി എടുക്കുക എന്നതാണ് നമ്മുടെ നാട്ടിലെ നിയമം പറയുന്നത്. നിയമം കടലാസില്‍ കൃത്യമായി രേഖപ്പെടുത്തുന്നു എന്നത് ശരിയാണ്.

അതിന്റെ നടത്തിപ്പ് എന്നിടത്താണ് വിഷയത്തിന്റെ മര്‍മം. ആളുകളെയും സമുദായത്തെയും മതങ്ങളെയും നോക്കി നിയമത്തിന്റെ ഇടപെടല്‍ പലപ്പോഴും മാറി പോകാറുണ്ട്. ഫ്രാങ്കോ വിഷയം സഭയുടെ വിഷയം കൂടിയാണ്. ആരോപിതനായ ഒരാളെ ആ സ്ഥാനത്തു നില നിര്‍ത്തുക എന്നത് സഭക്കും മതത്തിനും മോശം പ്രതിച്ഛായ വരുത്തും എന്നാണ് അവര്‍ മനസ്സിലാക്കേണ്ടത്. അതെ സമയം പരാതി പറഞ്ഞ സ്ത്രീയെ മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതും.

നമ്മുടെ നാട്ടിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പലതും മൗനികളാണ്. ഒരു സ്ത്രീ പീഡന വിഷയം എന്നതിലപ്പുറം ഫ്രാന്‍കോ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ വോട്ടു ബാങ്ക് എന്നതും ഒരു കാരണമാണ് എന്നാണ് സമര പന്തലില്‍ നിന്ന് കിട്ടിയ മറുപടി. പോലീസും സര്‍ക്കാരും ഈ വിഷയത്തില്‍ എടുക്കുന്ന നിലപാട് തീര്‍ത്തും നിരാശാജനകം എന്നാണ് അവരുടെ പ്രതികരണം. ദീര്‍ഘമായ സമയം പ്രതിക്ക് കേസിന്റെ അടിസ്ഥാനം അട്ടിമറിക്കാന്‍ സമയം നല്‍കും എന്നുറപ്പാണ്. സഭയും സമുദായവും ഇപ്പോഴും ആരോപിതന്റെ കൂടെയാണ് എന്നതിനാല്‍ തന്നെ എത്രമാത്രം ഈ കേസിനു മുന്നോട്ടു പോകാന്‍ കഴിയും എന്നതില്‍ പലരും ആശങ്കാകുലരാണ്.

ഇത്തരം ആരോപണങ്ങള്‍ ചിലരുടെ നേരെ വരുമ്പോള്‍ ആവേശത്തോടെ ചാടി വീഴുന്ന മതേതര വിപ്ലവ കേന്ദ്രങ്ങള്‍ പൂര്‍ണമായും പിന്‍വാങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസങ്ങള്‍ ചോദ്യം ചെയ്തിട്ടും പൊലീസിന് കേസിന്റെ അവസ്ഥ മനസ്സിലാവുന്നില്ല. ഇതൊക്കെ പൊതു സമൂഹത്തില്‍ സംശയം ജനിപ്പിക്കുന്നു. പഴയ കാലത്തു സമൂഹത്തിലെ ജന്മികളും ഭരണ കൂടങ്ങളും പുലര്‍ത്തിയുന്ന വിശുദ്ധ കൂട്ടുകെട്ടുകള്‍ ഇന്ന് മതങ്ങളും ഭരണകൂടങ്ങളും എന്ന് വേണം വായിക്കാന്‍. സംഘടിത പ്രസ്ഥാനങ്ങളുടെ വോട്ടു ബാങ്ക് പലര്‍ക്കും ഒരു കവചമാണ്. അതിനുള്ളില്‍ തങ്ങള്‍ സുരക്ഷിതരാണ് എന്ന ബോധമാണ് പലരെയും മതത്തെ ചൂഷണം ചെയ്യാനും അത് മൂടി വെക്കാനും പര്യാപ്തമാക്കുന്നത്.

കന്യാസ്ത്രീകളുടെ സമരം അത് കൊണ്ടാണ് പലരും കാണാതെ പോകുന്നത്. സമൂഹം തെറ്റിനോട് കാണിക്കുന്ന നിസ്സംഗതയുടെ നേര്‍ ചിത്രമാണ് ഈ സമരം. നീതി തേടി ഒരു സ്ത്രീ തെരുവില്‍ സമരം ചെയ്യേണ്ടി വരുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥതിയെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. സ്ത്രീ സുരക്ഷക്ക് മുന്തിയ പരിഗണന നല്‍കും എന്ന് പ്രഖ്യാപിച്ച ഒരു വിഭാഗം നാട് ഭരിക്കുന്ന സമയത്ത് പ്രത്യേകിച്ചും. ആരെയും വേശ്യ എന്ന് വിളിക്കാനുള്ള അവകാശം ആരാണ് ചിലര്‍ക്ക് നല്‍കിയത്. സംഘടിത മതങ്ങളുടെയും പ്രസ്ഥാനങ്ങളുടയും പിന്തുണ എന്തും വിളിച്ചു പറയാനുള്ള കാരണമാകാന്‍ പാടില്ല.

‘കോടതിയില്‍ മാത്രമാണ് പ്രതീക്ഷ’ എന്നാണ് സമരത്തില്‍ പങ്കെടുക്കുന്ന ഒരു സഹോദരന്‍ പറഞ്ഞത്. തങ്ങള്‍ സമരം ചെയ്യുന്നതു ആരോടാണ് എന്ന കൃത്യമായ ധാരണയും അവര്‍ക്കുണ്ട്. കുറച്ചു സമയം പല പ്രസംഗങ്ങളും കേട്ട് നിന്നു. പലരും പറയുന്നത് അവര്‍ക്കുണ്ടായ ദുരനുഭവങ്ങളാണ്. നീതിക്കു വേണ്ടി തെരുവില്‍ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥ ഒരു ആധുനിക ജനാധിപത്യ രീതിക്കു തീരെ യോജിച്ചതല്ല എന്ന് തന്നെ പറയണം.

Facebook Comments
Show More

Related Articles

Close
Close