Current Date

Search
Close this search box.
Search
Close this search box.

ബാബരി മസ്ജിദ് : മതേതര ഇന്ത്യ സുപ്രീം കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്

ബാബരി മസ്ജിദ് കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കവേ വിചാരണ നടത്തുന്ന ലക്‌നോവിലെ സെഷന്‍സ് ജഡ്ജിയില്‍ നിന്ന് സുപ്രീം കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം ഏപ്രിലില്‍ വിചാരണ തീര്‍ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കെ എങ്ങനെ വിചാരണ നടപടികള്‍ തീര്‍ക്കാനാണ് ഉദ്ധേശമെന്ന് അറിയാനാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വിചാരണ കോടതി ജഡ്ജ് ആയ എസ്.കെ യാദവ് തന്റെ പ്രൊമോഷന്‍ അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണ കേള്‍ക്കുന്ന യാദവ് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട് എന്നതിനാലാണ് അലഹബാദ് ഹൈക്കോടതി പ്രമോഷന്‍ സ്‌റ്റേ ചെയ്തത്.

2017 ഏപ്രില്‍ 19 നായിരുന്നു ഉന്നത ബി .ജെ പി നേതാക്കളായ അദ്വാനി, ജോഷി, ഉമാ ഭാരതി തുടങ്ങിയവരെ ബാബരി മസ്ജിദ് ധ്വംസനത്തിനു ഗൂഡാലോചന നടത്തിയ കേസില്‍ വിചാരണ നടത്താന്‍ ആവശ്യപ്പെട്ടത്. ദിനേന വിചാരണ നടത്തി രണ്ടു വര്‍ഷത്തിനുള്ളില്‍, അതായത് 2019 ഏപ്രില്‍ 19 ന് വിചാരണ നടപടി ക്രമങ്ങള്‍ തീര്‍ക്കാനായിരുന്നു നിര്‍ദേശം. ബി .ജെ .പി ഉന്നത നേതാക്കളുടെ മേലുള്ള ക്രിമിനല്‍ ഗൂഡാലോചന ചാര്‍ജ് പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി സി.ബി ഐ സമീപിച്ചപ്പോള്‍ ‘മധ്യകാലഘട്ടത്തിലെ ചരിത്ര സ്മാരകമായ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് ഇന്ത്യന്‍ ഭരണഘടനയുടെ മതേതര ഘടനയെ കുലുക്കിയ കുറ്റകരമായ പ്രവൃത്തിയാണ്’ എന്നായിരുന്നു സുപ്രീം കോടതി പ്രസ്താവിച്ചത് . പുതിയൊരു വിചാരണ തുടങ്ങേണ്ടതില്ല എന്നും വിചാരണ നടപടികള്‍ തീരും വരെ ജഡ്ജിയെ ട്രാന്‍സ്ഫര്‍ ചെയ്യരുതെന്നും പറഞ്ഞിരുന്ന കോടതി, വിചാരണ നടത്താന്‍ കഴിയില്ലെന്ന ഘട്ടം വന്നാല്‍ മാത്രമേ മറ്റൊരു തിയ്യതിയിലേക്ക് കേസ് മാറ്റി വെക്കാന്‍ പാടുള്ളൂ എന്നും സെഷന്‍സ് കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു . രണ്ടു സെറ്റ് കേസുകളാണ് ബാബരി മസ്ജിദ് തകര്‍ത്തതുമായി നിലവിലുള്ളത് . ഒന്ന് അജ്ഞാതരായ കര്‍സേവകര്‍ക്കെതിരെ ലഖ്‌നോ കോടതിയിലും രണ്ടാമത്തേത് ബി.ജെ.പി നേതാക്കള്‍ക്കെതിരെ റായ് ബറേലി കോടതിയിലുമാണ്.

കോടതിയുടെ പരിഗണയിലിരിക്കുന്ന ബാബരി മസ്ജിദ് കേസില്‍ പുതിയ ഒരു വഴിത്തിരിവ് ഉണ്ടായത് ജൂലൈയിലാണ് . ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ബുദ്ധന്മാര്‍ക്കുള്ള അവകാശം ഉന്നയിച്ചു കൊണ്ടുള്ള ഹരജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചത് ഇക്കഴിഞ്ഞ ജൂലൈ 23 നാണ് . അയോധ്യാ നിവാസിയായ വിനീത് കുമാര്‍ മൗര്യ സുപ്രീം കോടതിക്ക് മുന്‍പാകെ നല്‍കിയ റിട്ട് ഹരജി സുന്നി വഖഫ് ബോര്‍ഡും നിരമോഹി അഖാരയുമടക്കം മറ്റു 13 പേര്‍ നല്‍കിയ അപ്പീലുകളുടെ കൂടെ ചേര്‍ത്താണ് ഇനി വിധി പറയുക . വഖഫ് ബോര്‍ഡിനും, നിര്‍മോഹി അഖാരക്കും ശ്രീ രാം ലല്ല വിരാജ്മാന്‍ എന്നിവര്‍ക്ക് 2.7 ഏക്കര്‍ വരുന്ന സ്ഥലം വീതം വെച്ച് നല്‍കുന്ന ഒന്നായിരുന്നു 2010ലെ അലഹബാദ് ഹൈകോടതി വിധി.
പ്രസ്തുത വിധി വന്ന് ഏഴു വര്‍ഷം കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സുപ്രീം കോടതി ബാബരി മസ്ജിദ് കേസില്‍ അവസാന വാദം കേള്‍ക്കല്‍ ആരംഭിച്ചത്. മാര്‍ച്ചില്‍ മറ്റു ഇടക്കാല അപേക്ഷകളെല്ലാം കോടതി തള്ളിയിരുന്നു. എന്നാലിപ്പോള്‍ ആദ്യമായിട്ടാണ് ബാബരി മസ്ജിദ് കേസില്‍ ബുദ്ധന്മാരുടെ അവകാശം ഉന്നയിച്ചു കൊണ്ടുള്ള ഹരജി കോടതി സ്വീകരിക്കുന്നത്. 1958ലെ Ancient Monuments And Archaeological Sites And Remains Acts പ്രകാരം ഭൂമിയെ ‘അയോധ്യ ബുദ്ധ വിഹാറായി’ പ്രഖ്യാപിക്കണമെന്നാണ് മൗര്യയുടെ ആവശ്യം.

ബാബരി മസ്ജിദ് നില നിന്നിരുന്ന സ്ഥലം ആരുടേത് എന്ന കേസില്‍ പതിറ്റാണ്ടുകളായി തുടരുന്ന നിയമ യുദ്ധത്തില്‍ സുപ്രീം കോടതി ഈ മാസം സുപ്രധാനമായ വിധി പുറപ്പെടുവിക്കും . ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ അശോക് ഭൂഷണും അബ്ദുല്‍ നസീറുമടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ബാബരി മസ്ജിദ് കേസ് ഇതിനോടകം പത്തു തവണ കേട്ടു കഴിഞ്ഞു. പക്ഷെ കേസ് അഞ്ചോ അതില്‍ കൂടുതലോ ന്യായാധിപരടങ്ങുന്ന ഭരണഘടനാ ബെഞ്ചിന് വിട്ടു കൊടുക്കണോ എന്ന കാര്യത്തില്‍ ഒരു അന്തിമ തീരുമാനമെടുക്കാന്‍ അവര്‍ക്കിന്നും സാധിച്ചിട്ടില്ല. ഇക്കാര്യത്തിലാണ് സുപ്രീം കോടതി വിധി പറയുക.

ഭരണഘടനയെ എങ്ങനെ വ്യാഖ്യാനിക്കണം എന്ന കാര്യത്തില്‍ ഗൗരവകരമായ ചോദ്യങ്ങള്‍ ഉയരുന്ന എല്ലാ കേസിലും വിധി പറയാന്‍ ഭരണഘടനാ ബെഞ്ച് രൂപീകരിക്കണം എന്നാണ് ഭരണഘടനയിലെ ആര്‍ടിക്ള്‍ 145(3) നിര്‍ദ്ദേശിക്കുന്നത്. മതപരമായ വിഷയങ്ങള്‍ കയറിവരുന്ന സത്രീകളുടെ ശബരിമല നട പ്രവേശനം തുടങ്ങിയ കേസുകളും ഭരണഘടനാ ബെഞ്ച് തന്നെയാണ് പരിഗണിച്ചത്. എന്നിരിക്കെ അത്യന്തം വിവാദാത്മകവും വെല്ലുവിളി ഉയര്‍ത്തുന്നതുമായ ബാബരി മസ്ജിദ് കേസ് ഉയര്‍ന്ന ബെഞ്ചിന് വിട്ടു കൊടുക്കാനുള്ള വൈമുഖ്യം അത്ഭുതപ്പെടുത്തുന്നതാണ് എന്ന് പല നിയമ വിശാരദരും അഭിപ്രായപ്പെടുകയുണ്ടായിട്ടുണ്ട്.

ഇപ്പോഴുള്ള മൂന്നംഗ ബെഞ്ച് കൈകാര്യം ചെയ്താല്‍ കേസ് ഭരണഘടനാ വിഷയങ്ങളിലേക്ക് കടക്കാതെ വെറും വസ്തു തര്‍ക്കത്തില്‍ ഒതുങ്ങിപ്പോവുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാകുമെന്നും ബാബരി മസ്ജിദ് പ്രശ്‌നത്തെ ഒരു വസ്തു തര്‍ക്കമായി കൈകാര്യം ചെയ്യുന്നത് വിഷയത്തിന്റെ വ്യാപ്തി ചുരുക്കാനുള്ള ഒരു തന്ത്രമാണെന്നും ഇതൊരു എളുപ്പ വഴിയാണെങ്കിലും ശരിയായ വഴിയല്ലെന്നും ഗവേഷകനായ സത്യ പ്രസൂന്‍ കഴിഞ്ഞ മാസം ദ വയറില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. നിയമത്തിന്റെ പരമാധികാരം ബാബറി മസ്ജിദ് ധ്വംസനത്തിലൂടെ വെറും ആള്‍ബലത്തിന്റെ പേരില്‍ ദുര്‍ബ്ബലപ്പെടുന്ന അവസ്ഥയാണ് ഉണ്ടായതെന്നും ഒരു സമുദായത്തിന്റെ മൊത്തം ആശങ്കകളെ പരിഹസിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുന്നതിനുള്ള ‘അവസാന പ്രതീക്ഷ’ എന്ന സ്വന്തം സ്ഥാനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖം തിരിക്കുകയുമാണ് കോടതി ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്തുത ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

ചരിത്ര രേഖകളും പ്രമാണപത്രങ്ങളും കൊണ്ട് പരിഹരിക്കാവുന്ന ഒരു വസ്തുതര്‍ക്കമായി ബാബരി മസ്ജിദിനെ കാണുന്നതിലൂടെ പ്രസക്തമായ എല്ലാ ചോദ്യങ്ങളും ഉന്നയിക്കാനും ഇന്ത്യയുടെ ‘മുറിവേറ്റ ആത്മാവിന്റെ’ മുറിവുണക്കാനും സുപ്രീം കോടതിക്ക് സാധിക്കുമോയെന്നും അലഹാബാദ് ഹൈകോടതി വിധി ഉയര്‍ത്തിയ ആശങ്കകളും എതിരഭിപ്രായങ്ങളും പരിഗണിക്കാനും അതില്‍ അന്തര്‍ലീനമായ പ്രശ്‌നങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കാനും സുപ്രീം കോടതിക്ക് സാധിക്കുമോയെന്നുമുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ സുപ്രധാനമായ വിധി വരാനിരിക്കുന്ന ഈ ഘട്ടത്തില്‍ ഏറെ പ്രസക്തമാണ്. പള്ളി തകര്‍ത്തതിലെ തെറ്റ് പരിശോധിക്കാതെ അതിനു പകരം ഗംഭീരമായ രാമക്ഷേത്രം പണിയുന്നതിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ മാറിപ്പോയിരിക്കുന്നുവെന്ന അദ്ദേഹത്തിന്റെ വിമര്‍ശനം മതേതരത്വത്തിന്റെ താഴിക കുടങ്ങള്‍ പൊളിഞ്ഞുവെന്ന് രണ്ടര ദശകങ്ങള്‍ക്ക് മുന്‍പ് വിലപിച്ച ഇന്ത്യയിലെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേര്‍ക്കാണ് ഉന്നം വെക്കുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം പള്ളി പുതുക്കി പണിയുമെന്ന ദൂരദര്‍ശനിലൂടെ പ്രഖ്യാപിച്ച അന്നത്തെ പ്രധാനമന്ത്രി ശ്രീ.നരസിംഹ റാവുവിന്റെ പ്രഖ്യാപനം ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ ? ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന നീതിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ നരസിംഹ റാവുവിന്റെ പ്രഖ്യാപനമല്ലേ കോടതികളില്‍ നിന്നും ഉയരേണ്ടത് എന്ന ചോദ്യം ഓരോ ഇന്ത്യന്‍ പൌരന്റെയും മനസ്സിലുയരേണ്ടതാണ്.

Related Articles