Current Date

Search
Close this search box.
Search
Close this search box.

ഹിതപരിശോധനയും കുര്‍ദുകളെ കാത്തിരിക്കുന്ന പ്രതിസന്ധികളും

kurdisthan3333.jpg

ഹിതപരിശോധനയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതിലൂടെ കുര്‍ദിസ്താന്‍ പ്രവിശ്യാ മേധാവി മസ്ഊദ് ബാര്‍സാനി തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയായിരുന്ന തന്റെ നേതൃത്വത്തെ രക്ഷിച്ചിരിക്കുകയാണ്. ഹിതപരിശോധനയുമായി മുന്നോട്ടു പോയതിലൂടെ അദ്ദേഹത്തിന്റെ ജനപിന്തുണയില്‍ ശ്രദ്ധേയമായ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ കുര്‍ദുകളെ വലിയൊരു പ്രതിസന്ധിയിലേക്കാണത് എടുത്തെറിഞ്ഞിരിക്കുന്നത്. പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും അവര്‍ കൂടുതല്‍ ഒറ്റപ്പെടുകയും അവര്‍ക്കെതിരെ ശത്രുക്കള്‍ ഒന്നിക്കുകയും ചെയ്തിരിക്കുന്നു.

കുര്‍ദിസ്താന്‍ പ്രവിശ്യയുടെ വരും നാളുകള്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും ഇറാന്‍ പ്രസിഡന്റ് റൂഹാനിയും ഔദ്യോഗിക കൂടിക്കാഴ്ച്ചക്കൊടുവില്‍ നടത്തിയ പത്രസമ്മേളം വീക്ഷിച്ചവര്‍ക്ക് മനസ്സിലാവും. കഴിഞ്ഞ 14 വര്‍ഷമായി പ്രദേശം അനുഭവിച്ചിരുന്ന സമൃദ്ധിയും സുരക്ഷിതത്വവും ഇല്ലാതാകലിന്റെ പാതയിലാണ്. യുദ്ധങ്ങള്‍ക്കും വീണ്ടും മലമുകളിലേക്കും അതിന്റെ മടക്കുകളിലേക്കും മടങ്ങാനുള്ള സാധ്യതയും വര്‍ധിക്കുകയാണ്.

പ്രദേശത്തെ ഛിദ്രമാക്കുന്നത് ഒരു നിലക്കും അംഗീകരിക്കില്ലെന്നും ഇറാഖിന്റെയും സിറിയയുടെയും അഖണ്ഡത നിലനിര്‍ത്തുമെന്നും ഇരു പ്രസിഡന്റുമാരും വ്യക്തമാക്കിയിരിക്കുന്നു. മിഡിലീസ്റ്റിലെ സുസ്ഥിരതയുടെ കേന്ദ്രങ്ങളാണ് ഈ രണ്ട് രാഷ്ട്രങ്ങള്‍. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ അവയിപ്പോള്‍ എടുക്കുകയും ചെയ്തിരിക്കുന്നു.

‘നിയമസാധുതയില്ലാത്ത ഹിതപരിശോധക്ക്’ ശേഷം വടക്കന്‍ ഇറാഖ് ഒറ്റപ്പെടുത്തപ്പെടുമെന്നാണ് പ്രസിഡന്റ് എര്‍ദോഗാന്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇറാഖ് കേന്ദ്ര ഭരണകൂടവുമായി തങ്ങള്‍ വിഷയം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിഹാസത്തോടെ അദ്ദേഹം ചോദിച്ചു: ”എന്ത് ഹിതപരിശോധനയാണിത്, അതിനെയും അതിന്റെ ഫലത്തെയും ഇസ്രയേലല്ലാത്ത ഒരു രാജ്യവും അംഗീകരിക്കുന്നില്ല, അവരെ നിയന്ത്രിക്കുന്നതോ മൊസാദും.”

കുര്‍ദുകളും ബാര്‍സാനിയും നിര്‍ണായകമായൊരു ഘട്ടത്തിലാണ്. തുര്‍ക്കി കണ്ണിയിലെ ദൗര്‍ബല്യത്തിലാണ് അവര്‍ പ്രതീക്ഷവെച്ചിരിക്കുന്നത്. അതുപൊലെ അവരുടെ ഇസ്രയേല്‍ സഖ്യം ഹിതപരിശോധനക്കും വിഘടനത്തിനും വിരുദ്ധമായ അമേരിക്കന്‍ നിലപാട് മാറ്റാന്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ പ്രതീക്ഷിക്കും. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇസ്രയേലിനുള്ള സ്വാധീനമാണ് അങ്ങനെയൊരു വിശ്വാസത്തിന് ജീവന്‍ പകരുന്നത്. അവരുടെ സ്വകാര്യ സദസ്സുകളില്‍ അവരത് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. തന്റെ പ്രവര്‍ത്തനത്തിന് മറുപടികളുണ്ടാവുമെന്ന് ബാര്‍സാനി പ്രതീക്ഷിച്ചിരുന്നു. വരാനിരിക്കുന്ന ഉപരോധത്തെ കുറിച്ചും അദ്ദേഹം ബോധവനാണ്. എന്നാല്‍ കാലക്രമേണം കാര്യങ്ങള്‍ മാറിമറിയും, കുര്‍ദുകളെ ഉപരോധിക്കുന്നത് ലോകം അംഗീകരിക്കില്ല. ക്ഷമിക്കുന്നവര്‍ക്കാണല്ലോ വിജയം.

ഒരുപക്ഷേ ഇതൊരു ധൃതിപിടിച്ച വായനയായിരിക്കാം. അബദ്ധങ്ങള്‍ അതില്‍ പതിയിരിപ്പുണ്ടാവാം. തീര്‍ത്തും തെറ്റായ സമയത്ത് ബാര്‍സാനിയെടുത്ത് അപകടകരമായ കാല്‍വെപ്പിനെ കുറിച്ച ധാരണക്കുറവുണ്ടാവാം. പ്രസിഡന്റ് എര്‍ദോഗാന്റെ ദൗര്‍ബല്യം സാമ്പത്തികമാണെന്ന് തന്ത്രശാലികളായ ഇറാനികള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കുര്‍ദിസ്താനുമായുള്ള വ്യാപാരത്തിലൂടെ ലഭിച്ചിരുന്ന 10 ബില്യണ്‍ ഡോളറിന്റെ നഷ്ടം നികത്താമെന്ന തീരുമാനം അവരെടുത്തത്. അതിര്‍ത്തികളില്‍ മൂന്ന് പുതിയ തുറമുഖങ്ങള്‍ തുറന്നും പ്രാദേശിക കറന്‍സികള്‍ തന്നെ ഉപയോഗിക്കാന്‍ ധാരണയുണ്ടാക്കി വ്യാപാരത്തിന് ഉണര്‍വേകിയും ഇര്‍ബിലിലൂടെ കടന്നു പോകാതെ നേരിട്ട് തുര്‍ക്കിയില്‍ നിന്ന് ഇന്ധന പൈപ്പ്‌ലൈന്‍ തുറന്നുമാണത്. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളലില്‍ വ്യാപാരത്തിന്റെ തോത് 10 ബില്യണില്‍ നിന്ന് മുപ്പത് ബില്യണില്‍ എത്തിക്കാനും ധാരണകളുണ്ടായിട്ടുണ്ട്.

ഹിതപരിശോധന നീട്ടിവെക്കാനുള്ള സഖ്യകക്ഷികളുടെ നിര്‍ദേശം തള്ളിക്കളഞ്ഞ ബാര്‍സാനി ഒട്ടും പ്രതീക്ഷിക്കാത്ത രണ്ട് കാര്യങ്ങളാണ് സംഭവിച്ചത്. ഒരുപക്ഷേ അവയെ കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരിക്കാം, എന്നാല്‍ അതുസംബന്ധിച്ച കൃത്യമായ കണക്കുകൂട്ടലുകള്‍ക്ക് കഴിഞ്ഞില്ല.
ഒന്ന്, കിര്‍കൂകിനടുത്തുള്ള ഐഎസിന്റെ അവസാന താവളമായ ഹുവൈജയില്‍ ജനകീയ പോരാളികള്‍ ഇരച്ചുകയറി. കിര്‍കൂക്കിലെയും സമീപത്തെയും പെട്രോളിയം സ്രോതസ്സുകള്‍ നിയന്ത്രണത്തിലാക്കുന്നതിനുള്ള ആക്രമണത്തിന്റെ കേന്ദ്രമായി അതിനെ തെരെഞ്ഞെടുക്കുകയും ചെയ്തു. ഒരുപക്ഷേ അതിന് ശേഷം ഇര്‍ബിന് നേരെയും അവര്‍ മുന്നേറിയേക്കാം. പ്രദേശത്തിന്റെ ഇറാഖുമായി ചേര്‍ന്നു കിടക്കുന്ന 1800 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന അതിര്‍ത്തിയിലെ അപകടങ്ങളെ നേരിടാന്‍ പെഷ്‌മെര്‍ഗ പോരാളികള്‍ക്ക് സാധിക്കില്ല.

രണ്ട്, കുര്‍ദുകള്‍ക്കിടയിലെ തന്നെ പിളര്‍പ്പും നേതൃത്വത്തെ ചൊല്ലിയുള്ള പിടിവലികളും. ഇറാനോട് അടുപ്പമുള്ള നേതാക്കളുള്ള സുലൈമാനിയ്യ പ്രദേശത്ത് ഇത് സവിശേഷമായി തന്നെ പ്രകടമാണ്. മുന്‍ ഇറാഖ് പ്രസിഡന്റ് ജലാല്‍ താലിബാനിയുടെ ഭാര്യ ഹീറോ ഇബ്‌റാഹീം ബാര്‍സാനിക്കെതിരെ കടുത്ത ആക്രമണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഹിതപരിശോധനക്ക് രാഷ്ട്രീയ സമിതി രൂപീകരിച്ചതിനെ അവര്‍ അംഗീകരിച്ചിട്ടില്ല. ഹിതപരിശോധന നടത്തരുതെന്ന റഷ്യയുടെയും ചൈനയുടെയും അമേരിക്കയുടെയും ബ്രിട്ടന്റെയും ആവശ്യം തള്ളിയതിലൂടെ അവരെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഈ വെല്ലുവിളിയുടെ ഫലം പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി.

ഏത് സ്വതന്ത്ര കുര്‍ദ് രാജ്യത്തിന്റെയും വിജയത്തിന്റെയും പരാജയത്തിന്റെയും താക്കോല്‍ തുര്‍ക്കിയുടെ പക്കലാണ്. അവര്‍ ഇറാനുമായി ഈ രാഷ്ട്രത്തിനെതിരെ കൈകോര്‍ത്താല്‍ ഇസ്രയേലിനും അമേരിക്കക്കും അത് പ്രയോജനം ചെയ്യില്ല. ഹൈദര്‍ അല്‍അബാദിയെ ഇറാനില്‍ അഭയം കണ്ടെത്താന്‍ നിര്‍ബന്ധിതനാക്കിയത് ബാര്‍സാനിയാണ്.

വിശപ്പും പട്ടിണിയും അസ്ഥിരതയും കുര്‍ദുകളെ സംബന്ധിച്ചടത്തോളം പുതുമയുള്ള കാര്യമൊന്നുമല്ലെന്ന ചില അഭിപ്രായങ്ങളും വടക്കന്‍ ഇറാഖില്‍ നിന്നുയരുന്നുണ്ടെന്നത് ശരിയാണ്. അതൊക്കെ എത്രയോ ശീലിച്ചവരും പോരാളികളായി  പതിറ്റാണ്ടുകളോളം മലമുകളില്‍ ജീവിച്ചവരുമാണവര്‍. അവിടേക്ക് തന്നെ മടങ്ങാന്‍ അവര്‍ തയ്യാറാണ്, അതാണ് അവര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതെന്നുമെല്ലാം അവര്‍ പറയുന്നു. എന്നാല്‍ എന്തിനാണവര്‍ ഈ പ്രയാസങ്ങളും അപകടങ്ങളും ഏറ്റുവാങ്ങുന്നത്? പ്രത്യേകിച്ചും കുര്‍ദ് മലകള്‍ അവരുടെ പിതാക്കന്‍മാരുടെയും പൂര്‍വപിതാക്കളുടെയും കാലത്തുണ്ടായിരുന്ന അവസ്ഥയിലല്ലാതിരിക്കെ. ജനങ്ങളുടെ താല്‍പര്യങ്ങളേക്കാല്‍ തങ്ങളുടെ നേതൃതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന നേതാക്കന്‍മാര്‍ക്ക് വേണ്ടി തങ്ങളുടെ സുഖകരമായ ജീവിതം വെടിയേണ്ട നിര്‍ബന്ധിതാവസ്ഥയൊന്നും അവര്‍ക്കില്ല.

കുര്‍ദുകള്‍ക്കും അവരുടെ ഹിതപരിശോധനക്കും എതിരെ എര്‍ദോഗാനും റൂഹാനിയും അബാദിയും ഒന്നിച്ചിരിക്കുകയാണ്. ചര്‍ച്ച നടത്തുകയോ ഉപരോധം ഒഴിവാക്കുകയോ ചെയ്യുന്നതിന് ഹിതപരിശോധനയും അതിന്റെ ഫലവും റദ്ദാക്കണമെന്നതിലും അവര്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. ഈ മൂന്ന് രാഷ്ട്രങ്ങളും ഒപ്പം സിറിയയും ചേര്‍ന്നാല്‍ കുര്‍ദിസ്താനെ ശ്വാസംമുട്ടിക്കാനും തളര്‍ത്താനും സാധിക്കും.

ജനാധിപത്യ രീതിയില്‍ തന്നെ ബാഗ്ദാദ് ഭരിക്കാനോ ഭരണകര്‍ത്താക്കളെ നിര്‍ണയിക്കാനോ ബാര്‍സാനിക്ക് സാധിക്കുമായിരുന്നു. ഇറാഖി ഭരത്തിന്റെ അഴിമതിയും പക്ഷപാതിത്വവും അംഗീകരിക്കാത്ത ശക്തികളെ കൂട്ടുപിടിച്ച് സാധിക്കുന്ന കാര്യമായിരുന്നു അത്. എന്നാല്‍ വിഭാഗീയതയുടെ വഴി സ്വീകരിച്ച് വിഘടവാദവുമായിട്ടാണ് അദ്ദേഹം മുന്നോട്ടു പോയത്. അത് ബാഗ്ദാദിനെന്ന പോലെ ഇര്‍ബിലിനും നഷ്ടമാണ് വരുത്തുക.

വരും മാസങ്ങളില്‍ കാര്യങ്ങള്‍ എവിടേക്ക് പോകുമെന്ന് നമുക്കറിയില്ല. എങ്കിലും രണ്ട് കാര്യങ്ങള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്. കുര്‍ദിസ്താന്‍ എന്നാല്‍ ബാര്‍സാനിയോ, ബാര്‍സാനിയെന്നാല്‍ കുര്‍ദിസ്താനോ അല്ലെന്നുള്ളതാണ് ഒന്നാമത്തേത്. 2014ല്‍ ഐഎസിനെ പരാജയപ്പെടുത്തുന്നതില്‍ ഇര്‍ബില്‍ വിജയിച്ചിട്ടുണ്ടെങ്കിലും ഉപരോധം ഏര്‍പ്പെടുത്തപ്പെട്ടതിന് ശേഷം ചില സാധ്യതകള്‍ ചൂണ്ടിക്കാട്ടുന്ന പോലെ ജനകീയ പോരാളികളും, ഇറാന്റെ ഖുദ്‌സ് ഫോഴ്‌സും ഇരച്ചെത്തിയാല്‍ സഖ്യകക്ഷികളുടെ ഭാഗ്യം തുണക്കെത്തില്ല എന്നതാണ് രണ്ടാമത്തെ കാര്യം.

ഇസ്രയേലും രഹസ്യമായി ചില അറബ് രാഷ്ട്രങ്ങളും തങ്ങളുടെ അയല്‍ക്കാരെ ദുര്‍ബലപ്പെടുത്താനും പ്രകോപിപ്പിക്കാനുമുള്ള ഒരു കാര്‍ഡായി കുര്‍ദുകളെ ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന കാര്യം അവര്‍ മനസ്സിലാക്കണം. എന്നാല്‍ ഈ അയല്‍ക്കാര്‍ ശക്തരാണ്. ലബനാനില്‍ ഹിസ്ബുല്ലയെയും ഗസ്സയില്‍ ഹമാസിനെയും പരാജയപ്പെടുത്താനാവാത്തവര്‍ക്ക് ഇറാനും തുര്‍ക്കിയും ഇറാഖും സിറിയയും ഒന്നിച്ചു നിന്നാല്‍ പരാജയപ്പെടുത്താനാവില്ല.

മൊഴിമാറ്റം: നസീഫ്‌

Related Articles