Current Date

Search
Close this search box.
Search
Close this search box.

രണ്ട് വര്‍ഷത്തെ മോദി സര്‍ക്കാര്‍

modilkdjfkld.jpg

കഴിഞ്ഞ രണ്ടു വര്‍ഷത്തെ മോദി ഭരണകൂടത്തിന്റെ ഭരണനിര്‍വഹണം തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍, ഇന്ത്യന്‍ ഭരണഘടനയുടെ ബഹുസ്വര, നാനാത്വത്തില്‍ ഏകത്വ മൂല്യങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍ മനസ്സിലാക്കാവുന്നതാണ്. അച്ഛേ ദിന്‍ ഒരു പാഴ് വാക്കായി മാറികഴിഞ്ഞു. കള്ളപ്പണം പിടിച്ചെടുത്ത് പൗരന്‍മാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നത് ഒരുപാട് പേര്‍ കാത്തിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷിച്ച ജനമനസ്സില്‍ ആഴത്തില്‍ വേരോടി. പക്ഷെ ഒന്നും സംഭവിച്ചില്ല. അത്യാവശ്യ സാധനങ്ങളുടെ വില ആകാശംമുട്ടെ കുത്തനെ ഉയര്‍ന്നു, പരിപ്പ് പോലുള്ള സാധനങ്ങള്‍ പോലും ആഢംബര വസ്തുക്കളുടെ ശ്രേണിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പതിനഞ്ച് ലക്ഷം ആരുടെ അക്കൗണ്ടിലും എത്തിയിട്ടില്ല, തൊഴിലവസരങ്ങളുടെ സൃഷ്ടിപ്പ് നിലച്ച അവസ്ഥയിലാണ്. വലിയ കാര്യമായി ഉയര്‍ത്തികാണിക്കപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിരന്തര വിദേശയാത്രകള്‍ അല്ലാതെ വിദേശനയത്തില്‍ കാര്യമാത്രപ്രസക്തമായ ഒന്നും തന്നെയില്ല. പാകിസ്ഥാനുമായുള്ള ശാത്രവം കൂടികൂടി വരുമ്പോള്‍, വളരെ അടുത്ത അയല്‍വാസിയായ നേപ്പാളുമായുള്ള സൗഹൃദത്തില്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

എല്ലാ അധികാരവും ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു, ഏകാധിപത്യപ്രവണത തലപ്പൊക്കി കാണിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം പ്രധാനമന്ത്രി ഒറ്റക്ക് നിയന്ത്രിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. സാമുദായിക മൈത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണം, മതസഹിഷ്ണുത തുടങ്ങിയക്ക് കനത്ത പരിക്കുകളേറ്റു.

ഇതാദ്യമായാണ് ബി.ജെ.പിക്ക് ലോക്‌സഭയില്‍ കേവലഭൂരിപക്ഷം ലഭിക്കുന്നത്. ഇതോടെ ഹിന്ദുത്വ അജണ്ട വളരെ വിനാശകരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വളച്ചുകെട്ടില്ലാതെ പറയുകയാണെങ്കില്‍; ഹിന്ദുത്വ രാഷ്ട്രീയ സംഘടനകള്‍ സജീവമായി രംഗത്ത് വരികയും, പൂനെയില്‍ നിന്നുള്ള ഐ.ടി വിദഗ്ദനായിരുന്ന മുഹ്‌സിന്‍ ശൈഖിനെ ഹിന്ദു രാഷ്ട്ര സേനയുടെ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുകയും ചെയ്തു. ഭരണകൂട അജണ്ടകളെ എതിര്‍ക്കുന്നവര്‍ക്ക് എതിരെ വെറുപ്പ് പടര്‍ത്തികൊണ്ട് ഹിന്ദുത്വരാഷ്ട്രീയ ഗൂഢാലോചനാസംഘം പ്രവര്‍ത്തനരംഗത്തേക്ക് കടന്ന് വന്നു. അധികാരത്തില്‍ കയറുന്നതിന് മുമ്പ് തന്നെ, മോദിക്ക് വോട്ട് ചെയ്യാത്തവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് നിലവിലെ കേന്ദ്രമന്ത്രിയായ ഗിരിരാജ് സിംഗ് പ്രസ്താവിച്ചിരുന്നു. തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്തവരെ ‘ജാരസന്തതികള്‍’ എന്നാണ് സാധ്വി നിരജ്ഞന്‍ ജ്യോതി വിശേഷിപ്പിച്ചത്. ഈ തിട്ടൂരങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പ് പരത്തുന്ന നിലയിലേക്ക് എത്തി; ‘അപരനെ വെറുക്കുന്ന’ രാഷ്ട്രീയം തെരുവുകളിലൂടെ മാര്‍ച്ച് ചെയ്യുന്നത് നിരീക്ഷിച്ച് കൊണ്ട് പ്രധാനമന്ത്രി കൈയ്യുംകെട്ടി നിന്നു. ഓരോ സംഭവങ്ങളിലും പ്രതികരിക്കാന്‍ പ്രധാനമന്ത്രിക്ക് എങ്ങനെ സാധിക്കും എന്നാണ് ചിലര്‍ ചോദിച്ചത്. മനപൂര്‍വം മൗനം നടിക്കുകയായിരുന്നു അദ്ദേഹം. മാതൃസംഘടനയായ ആര്‍.എസ്.എസിന്റെ ‘തൊഴില്‍ വിഭജന’ത്തിന്റെ ഒരു ഭാഗമാണത്. വെറുപ്പ് കലര്‍ന്ന പ്രസ്താവനകള്‍ ഇറക്കുന്നവര്‍ ഏതെങ്കിലും തീവ്രവാദ സംഘങ്ങളുടെ ഭാഗമായിരുന്നില്ല, മറിച്ച് ഭരണകൂട അജണ്ടയുടെ മര്‍മ്മപ്രധാന ഭാഗങ്ങളാണ് അവര്‍.

സ്വത്വ സംബന്ധമായ വിഷയങ്ങളിലാണ് ഹിന്ദുത്വ രാഷ്ട്രീയം തഴച്ചു വളരുന്നത്. ബീഫ് ഇറച്ച് കഴിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന വിഷയം. ഈ വിഷയവുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെട്ട ഭ്രാന്താവസ്ഥയാണ് ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാക്ക് കൊല്ലപ്പെടുന്നതിലേക്കും, കൊലപാതകമടക്കമുള്ള മറ്റു അക്രമസംഭവങ്ങളിലേക്കും നയിച്ചത്. ദബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകങ്ങളുടെ തുടര്‍ച്ചയാണവ. രാജ്യത്ത് വളര്‍ന്ന് കൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ തെളിവാണ് ദാദ്രി സംഭവം. ഇതില്‍ പ്രതിഷേധിച്ച് കൊണ്ട് ഒരുപാട് പ്രമുഖ എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍, സംവിധായകര്‍ തുടങ്ങിയവര്‍ അവരുടെ ബഹുമതികള്‍ തിരികെ നല്‍കുകയുണ്ടായി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനാവശ്യമായി ഇടപെടാനുള്ള ഈ ഗവണ്‍മെന്റിന്റെ ശ്രമം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. കഴിവ് പരിഗണിക്കാതെ, ഭരണകൂടത്തോടുള്ള പ്രത്യയശാസ്ത്രക്കൂറ് മാത്രം നോക്കി നിയമനങ്ങള്‍ നടത്തുന്നതില്‍ നിന്നും അത് വ്യക്തമാണ്. FTII-യുടെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാന്‍ നിയമിക്കപ്പെട്ടു. ഈ തീരുമാനത്തിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അവഗണിച്ച് തള്ളുകയാണ് ചെയ്തത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍, അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വേട്ടയാടപ്പെട്ടു. രാജ്യദ്രോഹികളും, ജാതിവെറിയന്‍മാരും എച്ച്.സി.യുവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടി ബി.ജെ.പി എം.പി ബന്താരു ദത്തത്രേയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് പരാതി കത്തയച്ചു. മാനവവിഭവശേഷി മന്ത്രാലയം സര്‍വകലാശാലക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി, രോഹിത്ത് വെമുലയെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ സര്‍വകലാശാല അധികൃതര്‍, അവരുടെ സ്‌കോളര്‍ഷിപ്പ് നിര്‍ത്തിവെക്കുകയും ചെയ്തു. ഇതാണ് പിന്നീട് രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരെ രാജവ്യാപകമായി പ്രതിഷേധം അലയടിച്ചു. അതിനിടെ ജെ.എന്‍.യു ലക്ഷ്യംവെക്കപ്പെട്ടു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടില്ലാത്ത കനയ്യകുമാറിന്റെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി. മുദ്രാവാക്യം മുഴക്കിയവര്‍ അറസ്റ്റ് ചെയ്യപ്പെട്ടില്ല. മുദ്രാവാക്യം മുഴക്കുന്നത് ഒരു കുറ്റമല്ലെന്ന വസ്തുത ആരും തന്നെ കണക്കിലെടുത്തില്ല. വ്യാജമായി നിര്‍മിച്ച വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് തുടങ്ങിയ ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ കേസില്‍ കുടുക്കിയത്. അവരുടെ മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടു.

യുവാക്കള്‍ നിര്‍ബന്ധമായും ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കണമെന്ന് പറഞ്ഞുകൊണ്ട് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് മറ്റൊരു വൈകാരിക വിഷയത്തിന് തിരികൊളുത്തി. അതിന് മറുപടിയായി; കഴുത്തില്‍ കത്തിവെച്ചാലും അത് പറയില്ലെന്ന് പറഞ്ഞുകൊണ്ട് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്ത് വരികയുണ്ടായി. ഇവിടെയൊരു ഭരണഘടന ഉണ്ടായിരുന്നില്ലെങ്കില്‍ ലക്ഷകണക്കിന് തലകള്‍ കൊയ്യപ്പെടുമായിരുന്നു എന്ന് പറഞ്ഞു കൊണ്ട് ആര്‍.എസ്.എസ് സഹചാരി ബാബാ രാംദേവ് വിഷയം ആളികത്തിച്ചു. താഴേത്തട്ടിലേക്ക് വളരെ അപകടകരമായ സന്ദേശമാണ് ഇവ നല്‍കുന്നത്.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്ന, ഇന്ത്യന്‍ ദേശീയതയെ നശിപ്പിക്കുകയും ചെയ്യുന്ന പണിയാണ് ആര്‍.എസ്.എസ് പ്രചാരകായ മോദി രണ്ട് വര്‍ഷമായി എടുത്ത് കൊണ്ടിരിക്കുന്നത്. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യന്‍ ദേശീയത. സാമുദായിക രാഷ്ട്രീയം വൈകാരിക വിഷയങ്ങളിലാണ് ഇടപെടുക, ബീഫ്, ദേശീയത, ഭാരത് മാതാ കീ ജയ് എന്നിവയിലൂടെ അത് വെളിപ്പെടുന്നുണ്ട്. ഇനിയും മൂന്ന് വര്‍ഷം കൂടി ഈ ഗവണ്‍മെന്റിന് മുന്നിലുണ്ട്. സാധാരണ ജനങ്ങളുടെ ക്ഷേമത്തിന് ഹാനികരമായ വിഭാഗീയ-വര്‍ഗീയ അജണ്ടകളും നയങ്ങളുമാണ് ഇപ്പോള്‍ പ്രയോഗത്തിലുള്ളതെന്ന് കാണാന്‍ കഴിയും. എല്ലാവരേയും ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള വളര്‍ച്ചയുടെയും, സാമുദായിക മൈത്രിയുടെയും പാതയിലൂടെയാണ് ഇന്ത്യ സഞ്ചരിക്കേണ്ടത്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: countercurrents.org

Related Articles