Current Date

Search
Close this search box.
Search
Close this search box.

യഥാര്‍ഥത്തില്‍ ആരാണ് യുപിയില്‍ പരാജയപ്പെട്ടത്!

upresultelct.jpg

എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന യു.പി തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുകയാണ്. എക്‌സിറ്റ്‌പോള്‍ പ്രവചനക്കാര്‍ക്ക് ബീഹാറില്‍ പിഴച്ചെങ്കിലും ഇപ്പോഴവര്‍ വിജയം ആഘോഷിക്കുകയാണ്. പഞ്ചാബിലെ സാദ്-ബി.ജെ.പി ഭരണപങ്കാളിത്തം അവസാനിക്കുകയും ഉത്തരഘണ്ഡിലെയും ഗോവയിലെയും മുഖ്യമന്ത്രിമാര്‍ നാണംകെട്ട പരാജയം ഏറ്റ് വാങ്ങുകയും ചെയ്തിരിക്കുന്നു. മണിപ്പൂരില്‍ ഇറോം ശര്‍മിളക്ക് 91 വോട്ടുകളാണ് നേടാനായത്. ഇതിന് മുമ്പും ജനങ്ങള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരും പരാജയപ്പെട്ടിട്ടുണ്ട്. നമ്മുടെ ജനാധിപത്യ മൂല്യങ്ങളുടെ പരാജയത്തെയാണ് അത് കാണിക്കുന്നത്. മാത്രമല്ല, എത്ര പ്രയാസം നേരിടുന്നുണ്ടെങ്കിലും അടിച്ചമര്‍ത്തുന്നവരെയാണ് ജനങ്ങള്‍ തെരെഞ്ഞെടുക്കുന്നത് എന്ന വസ്തുതയെയും അത് വരച്ചിടുന്നുണ്ട്. എന്നാല്‍ യു.പിയിലെ ബി.ജെ.പി യുടെ വിജയം അവരുടെ അണികളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. 39.7 ശതമാനം (312 സീറ്റുകള്‍) വോട്ടുകള്‍ ബി.ജെ.പിക്ക് കിട്ടിയപ്പോള്‍ ബി.എസ്.പിക്ക് 22 ശതമാനം വോട്ടുകളാണ് നേടാനായത്. എന്നാല്‍ അവര്‍ക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം വെറും ഇരുപത്തിരണ്ടാണ്. അതേസമയം അറുപത് ശതമാനത്തോളം പേര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പരമ്പരാഗതമായി 29-30 വോട്ടുകളുടെ പങ്കാളിത്തത്തോടെയാണ് യു.പിയില്‍ ഗവണ്‍മെന്റുകള്‍ രൂപീകരിക്കപ്പെടാറുള്ളത്. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള മുന്നണി 26 ശതമാനം വോട്ടുകള്‍ നേടിയെങ്കിലും അത് സീറ്റുകളായി പരിവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല.  First past the post system (മല്‍സരാര്‍ത്ഥികളുടെ ലിസ്റ്റില്‍ നിന്ന് വോട്ടര്‍മാര്‍ തെരെഞ്ഞെടുക്കാനാഗ്രഹിക്കുന്ന മല്‍സരാര്‍ത്ഥിയുടെ പേരിന് നേരെ മാര്‍ക്ക് ചെയ്യുന്ന വോട്ടിംഗ് സമ്പ്രദായം) എന്ന വോട്ടിംഗ് സമ്പദായത്തിന്റെ പരിമിതിയാണ്. അതിനാല്‍ തന്നെ അത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. വോട്ടറുടെ മനസ്സിനെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സംസാരിക്കേണ്ടതുണ്ട്. ഭൂരിപക്ഷ വോട്ടുകള്‍ പാഴായിപ്പോവുന്ന അവസ്ഥ അവിടെ ഉണ്ടാവില്ല.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുകളുടെ പ്രശ്‌നങ്ങളും പരിമിതികളും ചൂണ്ടിക്കാണിച്ച് കൊണ്ട് ബി.എസ്.പി പ്രസിഡണ്ട് മായാവതി തെരെഞ്ഞെടുപ്പ് കമ്മീഷന് ഒരു കത്തെഴുതിയിരുന്നു. അവര്‍ പറയുന്നത് ബി.ജെ.പി യുടെ ഈ വമ്പിച്ച വിജയം അസാധ്യമാണ് എന്നാണ്. കാരണം മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് ഭൂരിപക്ഷം ലഭിച്ച സീറ്റുകളിലെല്ലാം ബി.ജെ.പിയാണ് വിജയിച്ചത്. അതിനാല്‍ തന്നെ വോട്ടിംഗ് മെഷീനെക്കുറിച്ച പരാതികള്‍ സൂക്ഷമമായി അന്വേഷിക്കേണ്ടതുണ്ട്. മുമ്പും ഇത്‌പോലെയുള്ള പരാതികള്‍ ഉണ്ടായിട്ടുണ്ട്. തെരെഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള അത്തരം നീക്കങ്ങള്‍ക്കെതിരെ ബി.എസ്.പി, സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ജനതാദാള്‍, ആര്‍.ജെ.ഡി, ഇടത് പാര്‍ട്ടികള്‍ തുടങ്ങിയവയെല്ലാം യോജിച്ച് കൊണ്ട് പോരാടേണ്ടതുണ്ട്.

സംസ്ഥാന അസംബ്ലികളിലേക്കുള്ള തെരെഞ്ഞെടുപ്പുകളുടെ കാലാവധി കുറക്കേണ്ടതുണ്ട്. രണ്ട് മാസത്തോളമാണ് തെരെഞ്ഞെടുപ്പുകള്‍ക്കായി സംസ്ഥാനങ്ങള്‍ നീക്കി വെക്കുന്നത്. അത്‌പോലെ ലോകസഭ തെരെഞ്ഞെടുപ്പുകളും രണ്ടോ മൂന്നോ മാസങ്ങള്‍ നീളാറുണ്ട്. അതിനാല്‍ തന്നെ തെരെഞ്ഞെടുപ്പുകളുടെ കാലാവധി കുറക്കേണ്ടതിനെക്കുറിച്ച് നാം ഗൗരവപൂര്‍വ്വം ആലോചിക്കേണ്ടതുണ്ട്. കൂടാതെ വോട്ടിംഗ് മെഷീനുകളുടെ പ്രശ്‌നവും അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. ബി.ജെ.പി യുടെ ദേശീയ വക്താവായ ഡോ. ജി.വി.എല്‍ നരസിംഹറാവു പോലും ഈ പ്രശ്‌നത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് 2010ല്‍  ‘ജനാധിപത്യം പരാജയത്തില്‍: നമുക്ക് വോട്ടിംഗ് മെഷീനുകളെ വിശ്വസിക്കാമോ’ എന്ന തലക്കെട്ടില്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. എല്‍.കെ അദ്വാനിയാണ് അതിന് ആമുഖം എഴുതിയത്. voter verified paper audit trail (vpat) എന്ന ഒരു വ്യവസ്ഥ കൊണ്ട് വരണമെന്ന് ആ പുസ്തകത്തില്‍ ആവശ്യപ്പെടുന്നുണ്ട്.  താന്‍ ചെയ്ത വോട്ടിന്റെ പ്രിന്റ് കാണാന്‍ വോട്ടര്‍ക്ക് സാധിക്കും എന്നതാണ് ആ വ്യവസ്ഥയുടെ പ്രത്യേകത. ഇത് നടപ്പിലാക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളെക്കുറിച്ച വാര്‍ത്തകള്‍ വാട്ട്‌സപ്പിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാലിപ്പോഴുമത് നടപ്പിലായിട്ടില്ല. സുപ്രീം കോടതിയുടെ വിധിയെക്കുറിച്ച് എനിക്ക് കൃത്യമായി അറിയില്ല. എന്നാല്‍ വാമന്‍ മെഷ്‌റാം വോട്ടിംഗ് മെ,ീനെതിരെ ഒരു പരാതി നല്‍കിയിരുന്നു. ഒരുപക്ഷേ ഇത് സുപ്രീംകോടതി നിര്‍ദേശത്തിന്റെ ഭാഗമാകാം. ഈ വിഷയത്തില്‍ കുറച്ച് കൂടി വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്.

വോട്ടിംഗ് മെഷീനെതിരെ അന്വേഷണം വേണ്ടതുണ്ടെന്നാണ് ഞാന്‍ വാദിക്കുന്നത്. അതേ സമയം തന്നെ മതതേതരം എന്നവകാശപ്പെടുന്ന പാര്‍ട്ടികള്‍ ജനങ്ങളെ വഞ്ചിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ ഞാന്‍ നിഷേധിക്കുന്നില്ല. ആര്‍.എസ്.എസില്‍ നിന്നും വ്യത്യസ്തമായി നാം പിന്തുണക്കുന്ന പാര്‍ട്ടികള്‍ക്ക് ഒരുകാലത്തും ബുദ്ധിജീവികളെ വേണ്ടിവന്നിട്ടില്ല.  തങ്ങളുടെ നേതാക്കന്‍മാര്‍ക്ക് വേണ്ടി പ്രചരണം നടത്തുന്ന ഉച്ചഭാഷിണികളാണ് അവര്‍ക്കാവശ്യം. തീര്‍ച്ചയായും മോദി തരംഗം സൃഷ്ടിക്കാന്‍ വേണ്ടി ബി.ജെ.പിയും പ്രചരണ പരിപാടികളില്‍ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ആര്‍.എസ്.എസും പോഷക സംഘടനകളും ബുദ്ധിജീവികളെ കൂട്ടുപിടിച്ച് വ്യത്യസ്തമായ ആലോചനകളും പദ്ധതികളും രൂപപ്പെടുത്തുന്നുണ്ട്. ഫാസിസ്റ്റ് സംഘടനയാണ് ഇന്ത്യയിലെ ഇതര ജനാധിപത്യ സംഘടനകളേക്കാള്‍ ജനാധിപത്യം പാലിക്കുന്നത്. അതിനാല്‍ തന്നെ നമ്മുടെ അടവുകള്‍ മാറ്റേണ്ട സമയമായിട്ടുണ്ട്. എന്ത് കൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുന്നതിന് പകരം എല്ലാത്തിനെയും ന്യായീകരിക്കുന്ന ബുദ്ധിജീവികളെ തേടുന്നത് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. മിക്ക പാര്‍ട്ടികളും സ്വന്തം ചാനലുകള്‍ തുടങ്ങിയിട്ടുണ്ട്.  എന്നാല്‍ അവ ജനങ്ങള്‍ക്കിടയില്‍ സംവാദവും ചര്‍ച്ചയുമാണ് സൃഷ്ടിക്കുന്നത് എന്നാര്‍ക്കും പറയാന്‍ കഴിയില്ല. രാഷ്ട്രീയ നേതാക്കന്‍മാരുടെ പ്രസംഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മാത്രമാണവ. ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരും ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിന് പകരം തീര്‍ത്തും അരാഷ്ട്രീയമായ ജീവിതമാണ് നയിച്ച് കൊണ്ടിരിക്കുന്നത്. മാത്രമല്ല, തങ്ങളുടെ പ്രദേശങ്ങളിലെ രാഷ്ട്രീയ ചലനങ്ങളെക്കുറിച്ച് ഒരു ധാരണയും അവര്‍ക്കില്ല. മോഡിയെയും കെജ്‌രിവാളിനെയും പോലെ തങ്ങളുടെ നേതാക്കന്‍മാരെ പരമാവധി പ്രശസ്തരാക്കി ജനമധ്യത്തില്‍ നിര്‍ത്തുക എന്ന പ്രവര്‍ത്തനം മാത്രമാണ് പാര്‍ട്ടികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ മോഡിയും കെജ്‌രിവാളുമെല്ലാം പൊതു പ്രാസംഗികരാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മടുപ്പിക്കുന്നതാണെങ്കില്‍ കൂടി അവര്‍ക്ക് ജനങ്ങളോട് അവരുടെ ഭാഷയില്‍ സംസാരിക്കാനും ആശയവിനിമയം നടത്താനും സാധിക്കും. ജനങ്ങള്‍ അവരെ വിശ്വസിക്കുകയും ചെയ്യും.

ഈ തെരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ വാരാണസിയിലായിരുന്നു. അവിടെ നിന്നാണ് ഞാന്‍ ദിയോറിയയിലേക്ക് വന്നത്. സ്വയം തന്നെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കിയ ജനങ്ങളെക്കുറിച്ച് അഭിപ്രായ രൂപീകരണം നടത്തുക വളരെ പ്രയാസമാണ് എന്നാണ് എനിക്ക് തോന്നുന്നത്. അതിനാല്‍ തന്നെ വോട്ടര്‍മാരുടെ അവസ്ഥകളെ നിര്‍ണ്ണയിക്കുക വളരെ പ്രയാസമാണ്.

ഉത്തര്‍പ്രദേശിലെ വ്യത്യസ്ത ജാതി സംഘങ്ങള്‍ക്കിടയിലെ ഒരുമക്ക് വേണ്ടി ഞാന്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ പ്രത്യയശാസ്ത്രപരമായ ഐക്യത്തെ നാം തേടുന്നില്ലെങ്കില്‍ അതൊരിക്കലും യാഥാര്‍ത്ഥ്യമാകില്ല. സ്വത്വരാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയം ഒരിക്കലും വിജയിക്കുകയില്ല. ഇന്ന് നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയില്‍ വിജയിക്കണമെങ്കില്‍ ജനങ്ങള്‍ പരസ്പരം സ്വീകാര്യമായ സാമൂഹ്യ-രാഷ്ട്രീയ പദ്ധതികളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. സ്വത്വരാഷ്ട്രീയവും വര്‍ഗ രാഷ്ട്രീയവും സംഘ്പരിവാറിനെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. പൊതുസമ്മതമായ ഒരു രാഷ്ട്രീയത്തെ വികസിപ്പിക്കാന്‍ അതിന് കഴിഞ്ഞിട്ടില്ല. ജാതിയുടെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിക്കുന്ന സര്‍വ്വകലാശാലകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് നമ്മുടെ ഗ്രാമങ്ങള്‍ എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ജാതിയുടെ സമ്മര്‍ദ്ദത്തിലേക്ക് ജനങ്ങള്‍ വീണുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

കുഷിനഗര്‍ സ്വദേശിയും ബി.എസ്.പി യുടെ സഹചാരിയുമായിരുന്ന ഒരാളെ എനിക്കറിയാം. അയാള്‍ ബി.എസ്.പിക്ക് കീഴില്‍ സിലാപരിഷദില്‍ മല്‍സരിച്ചിരുന്നു. ബാബാ സാഹിബിനെക്കുറിച്ച് അയാള്‍ എപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ സ്വാമി പ്രഷാദ് മൗര്യ പാര്‍ട്ടി വിട്ടതിന് ശേഷം അയാള്‍ ബി.ജെ.പിയില്‍ ചേരുകയുണ്ടായി. എന്നെ സംബന്ധിച്ചിടത്തോളം അതത്ര അത്ഭുതകരമായ കാര്യമൊന്നുമല്ല. കാരണം മനുവാദത്തിനെതിരെ ഒച്ചവെക്കുന്നവരെല്ലാം രാഷ്ട്രീയ അവസരം വരുമ്പോള്‍ കാലുമാറാണ് പതിവ്. അതേസമയം അയാള്‍ക്ക് വന്ന മാറ്റം എന്നെ ഞെട്ടിച്ച് കളഞ്ഞു. പിന്നീട് അയാളോട് സംസാരിക്കണ്ട എന്ന് ഞാന്‍ തീരുമാനിക്കുകയും ചെയ്തു. അതേസമയം കുഷ്വാഹുകളിലെയും മൗര്യകളിലെയും വലിയൊരു വിഭാഗം തങ്ങളുടെ നേതാക്കന്‍മാരുടെ അവഗണനയില്‍ മനം മടുത്ത് ബി.ജെ.പി യില്‍ ചേര്‍ന്നിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

ഈ പ്രവണതകളെല്ലാം മുമ്പ് കണ്ടിട്ടുള്ളതിനാല്‍ തന്നെ പരമ്പരാഗതമായ ബി.എസ്.പി വോട്ടര്‍മാരല്ലാത്ത ആളുകളോട് സംസാരിക്കാന്‍ എനിക്ക് ഭയമായിരുന്നു. ജാതി ധ്രുവീകരണം അവിടെ ശക്തമായിരുന്നു. തന്റെ നിയോജക മണ്ഡലത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ സമാജ് വാദി പാര്‍ട്ടി മല്‍സരിപ്പിച്ചപ്പോള്‍ മുഷാഹര്‍ ഗ്രാമത്തിലെ മുഴുവന്‍ പേരും ബി.ജെ.പിക്കാണ് വോട്ട് ചെയ്തത്. ഈ സംഭവമറിഞ്ഞ ഞാന്‍ ഞെട്ടിത്തരിച്ചു പോയി. നഗരത്തിലെ ഹിന്ദു-മുസ്‌ലിം പ്രശ്‌നവുമായി ഒരു ബന്ധവുമില്ലാത്ത മുഷാഹര്‍ ജനതയെ സ്വാധീനിച്ച് ധ്രുവീകരണം സൃഷ്ടിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചു. ബി.എസ്.പി യാകട്ടെ സ്ഥിരം സ്ഥാനാര്‍തഥിയെ മാറ്റി സുനാര്‍ ജാതിയില്‍ പെട്ട ഒരാള്‍ക്ക് സീറ്റ് നല്‍കുകയും അയാള്‍ സമാജ് വാദി പാര്‍ട്ടിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ചെയ്തു. ബി.എസ്.പി സീറ്റ് നിഷേധിച്ചയാള്‍ ബി.ജെ.പിയില്‍ ചേരുകയും ബി.എസ്.പി, സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്തു.

പല സ്ഥലങ്ങളിലും സമാജ് വാദി പാര്‍ട്ടി മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിറുത്തിയെങ്കിലും പ്രാദേശിക നേതൃത്വം സഹകരിച്ചില്ല. മാത്രമല്ല, മല്‍സരിക്കാന്‍ സാധിക്കാത്ത എന്റെ സുഹൃത്തുക്കളെല്ലാം ആളുകളോട് ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവര്‍ തന്നെയാണ് ഇതെന്നോട് പറഞ്ഞത്.

നമ്മുടെ സുഹൃത്തായ ഖാലിദ് അനീസ് അന്‍സാരി ദലിത് ബഹുജനുകളും പസ്മന്ത മുസ്‌ലിംകളും തമ്മിലുള്ള ഐക്യത്തെക്കുറിച്ച് ഒരുപാട് കാലമായി സംസാരിക്കുന്നുണ്ട്. എന്നാല്‍ മതേതരംസാമുദായികം എന്ന വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ മനസ്സിലാക്കുന്നവര്‍ക്ക് പസ്മന്ത മുസ്‌ലിംകളുടെ താല്‍പര്യങ്ങളെ കാണാന്‍ കഴിയില്ല. അക്കാരണത്താല്‍ അവര്‍ ബി.ജെ.പിക്കാണ് വോട്ട് ചെയ്തത്. മാത്രമല്ല, മിക്ക സ്ഥലങ്ങളിലും ആര്‍.എസ്.എസും അവരുടെ അഭ്യുദയകാംക്ഷികളും പസ്മന്ത മുസ്‌ലിംകളും ഇതര പാര്‍ട്ടികളിലെ സാമൂഹ്യമായി ഉയര്‍ന്ന് നില്‍ക്കുന്നവരും തമ്മിലുള്ള വ്യത്യാസത്തെ ഉയര്‍ത്തിക്കാട്ടി അവരെ സ്വാധീനിക്കുകയുണ്ടായി. ഗാസിപൂറില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കള്‍ പറഞ്ഞത് സമാജ് വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം നിറുത്തിയ മുഖ്താര്‍ അന്‍സാരിക്കെതിരെ ബി.ജെ.പിക്ക് വോട്ട് ചെയ്യാനാണ് പലരും ആവശ്യപ്പെട്ടത് എന്നാണ്. തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തലേദിവസം ബ്രാഹ്മണനായ ഒരു പ്രാദേശിക റിപ്പോര്‍ട്ടര്‍ ഉത്തര്‍പ്രദേശിനെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിക്കുകയുണ്ടായി. ഒരു സഖ്യഭരണകൂടം രൂപീകരിക്കപ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നു എന്നാണ് ഞാനദ്ദേഹത്തോട് പറഞ്ഞത്. യു.പിയിലെ പടിഞ്ഞാറന്‍ ഭാഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്കവയെക്കുറിച്ച് തീര്‍ച്ചയില്ല എന്നും എന്നാല്‍ ജാട്ട് സമുദായത്തിന്റെ അസംതൃപ്തി ബി.ജെ.പിയുടെ പരാജയത്തിലേക്ക് നയിക്കും എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഞാനയോളോട് ദിയോറിയയിലെ പ്രാദേശിക അവസ്ഥയെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. എന്നാലയാള്‍ പറഞ്ഞത് ബി.ജെ.പി വിജയിക്കുമെന്നാണ്. പാവപ്പെട്ട മുസ്‌ലിംകള്‍ പോലും ബി.ജെ.പിക്കാണ് വോട്ട് ചെയ്തത് എന്നുമയാള്‍ സൂചിപ്പിക്കുകയുണ്ടായി. എങ്ങനെയാണിത് സാധ്യമാകുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞ കാര്യം ആശങ്കാജനകമാണ്. മേല്‍ജാതി മുസ്‌ലിംകളും പാവപ്പെട്ട മുസ്‌ലിംകളും തമ്മില്‍ ഒരു ഭൂമി തര്‍ക്കമുണ്ടായിരുന്നു. ആ സമയത്ത് സമാജ് വാദി പാര്‍ട്ടിക്ക് കീഴില്‍ മല്‍സരിച്ച ഒരു മുസ്‌ലിം മേല്‍ജാതി മുസ്‌ലിംകളുടെ കൂടെയാണ് നിന്നത്. അങ്ങനെയാണ് കീഴ്ജാതി മുസ്‌ലിംകള്‍ ബി.ജെ.പിയെ പിന്തുണക്കാന്‍ തീരുമാനിച്ചതത്രേ.

ഒരു ദിവസത്തിന് ശേഷം മഹാരജ്ഗന്‍ജില്‍ നിന്നുള്ള എന്റെ ഒരു മുസ്‌ലിം സുഹൃത്ത് തന്റെ ബി.ജെ.പി സുഹൃത്തുമായി എന്നെ കാണാന്‍ വരികയുണ്ടായി. മധ്യവര്‍ഗ മുസ്‌ലിംകള്‍ ബി.ജെ.പിയുമായി ബന്ധം സ്ഥാപിക്കുന്നതില്‍ എനിക്ക് ആശ്ചര്യമൊന്നുമില്ല. അവരുമായി ബന്ധം സ്ഥാപിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല എന്ന് ഒരുപക്ഷേ അവര്‍ ചിന്തിക്കുന്നുണ്ടാകും. കഴിഞ്ഞ വര്‍ഷം സിലാ പരിഷദ് തിരഞ്ഞെടുപ്പിന്റെ സമയത്ത് കലന്ദര്‍ മുസ്‌ലിംകള്‍ സമാജ് വാദി പാര്‍ട്ടി നേതാവിനെ അയാളുടെ സമീപനത്തിന്റെ പേരില്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയയുണ്ടായി. വളരെ ഒറ്റപ്പെട്ട സമുദായങ്ങളില്‍ പെട്ട ഒന്നാണ് കലന്ദര്‍ മുസ്‌ലിംകള്‍. ഉപജീവനമാര്‍ഗ്ഗം പോലും നഷ്ടപ്പെട്ട അവര്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പോലും മുസ്‌ലിം നേതാക്കന്‍മാര്‍ക്കാര്‍ക്കും അറിയില്ല. ആര്‍ക്കുമറിയില്ല. അതുപോലെ മുസഫര്‍നഗര്‍ കലാപത്തിന്റെ ഇരകളധികവും പാവപ്പെട്ട മുസ്‌ലിംകളാണ്. അതിനാല്‍ തന്നെ അവരുടെ പ്രശ്‌നങ്ങളൊന്നും തന്നെ എവിടെയും ചര്‍ച്ചയാകുന്നില്ല.

ബി.ജെ.പി ഇപ്പോള്‍ മണ്ഡലിനെ കമണ്ഡലുമായി ലയിപ്പിച്ചിരിക്കുകയാണ്. അതിന്റെയടിസ്ഥാനത്തില്‍ പുതിയ കഥകളും അവര്‍ സൃഷ്ടിക്കുന്നുണ്ട്. കാരണം സാമൂഹ്യനീതിയെക്കുറിച്ച വര്‍ത്തമാനങ്ങളെല്ലാം പസ്മന്ത മുസ്‌ലിംകളുടെ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെടുകയും ഇന്ത്യയിലെ ബഹുജന്‍ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ മുസ്‌ലിംകളുടെ മണ്ഡല്‍വല്‍ക്കരണ പ്രക്രിയ സജീവമാക്കേണ്ടതിന്റെ ആവശ്യകത മുസ്‌ലിം നേതാക്കന്‍മാര്‍ മറക്കുകയും ചെയ്തിരിക്കുന്നു. തുറന്ന ഒരു ബഹുജന്‍ പ്രസ്ഥാനത്തിന്റെ അഭാവത്തില്‍ മുസ്‌ലിം ആയി ജീവിക്കുക എന്നത് ശ്രമകരമാണ് എന്നാണെനിക്ക് തോന്നുന്നത്. മുസ്‌ലിംകള്‍ മാത്രം സംഘടിക്കുന്നത് ഹിന്ദുത്വ ശക്തികള്‍ക്കാണ് ഗുണം ചെയ്യുക.

സ്ഥിരമായി മുസ്‌ലിംകള്‍ക്ക് എംപിമാര്‍ ഉണ്ടായിരുന്ന പല സ്ഥലങ്ങളിലും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിരവധി മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളുണ്ട്. അലിഗഢ്. മൊറാദാബാദ്, സഹാറന്‍പൂര്‍, ബിജ്‌നാഊര്‍, മീറത്ത്, സമ്പാല്‍, ആഗ്ര, ദയൂബന്ദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നൊന്നും തന്നെ മുസ്‌ലിം നേതാക്കന്‍മാര്‍ അസംബ്ലിയിലേക്കോ പാര്‍ലമെന്റിലേക്കോ തെരെഞ്ഞെടുക്കപ്പെടുന്നില്ല. ബി.ജെ.പി യാണ് അവിടങ്ങളിലെല്ലാം വിജയയിക്കുന്നത്. ഹിന്ദു-മുസ്‌ലിം വിഭജനം ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കാണ് വഹിക്കാന്‍ പോകുന്നത്. മതേതര പാര്‍ട്ടികള്‍ വോട്ടുബാങ്ക് എന്നതിനപ്പുറം മുസ്‌ലിംകളെ കാണാറില്ല. അതിനാല്‍ തന്നെ അവര്‍ക്കാര്‍ക്കും മുസ്‌ലിം പ്രശ്‌നത്തെ പരിഹരിക്കുക സാധ്യമല്ല. ഉദാഹരണത്തിന് ബി.ജെ.പി മുത്തലാഖ് പ്രശ്‌നം ഉന്നയിച്ചപ്പോള്‍ പാര്‍ലമെന്റില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി സംസാരിക്കുന്നതിന് പകരം മായാവതി അടക്കമുള്ള രാഷ്ട്രീയക്കാര്‍ പറഞ്ഞത് അത് മുസ്‌ലിംകളുടെ ആഭ്യന്തര വിഷയമാണ് എന്നാണ്. സമാജ്‌വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ഈ വിഷയത്തില്‍ ഒരു നിലപാടുമുണ്ടായിരുന്നില്ല. ഷാബാനു കേസിന്റെ അനുഭവത്തില്‍ നിന്നും കോണ്‍ഗ്രസ് ഒന്നും പഠിച്ചിട്ടില്ല എന്നാണിത് കാണിക്കുന്നത്. ഇന്ത്യയില്‍ മതേതരത്വം നിലനില്‍ക്കണമെങ്കില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന എല്ലാ ശക്തികള്‍ക്കെതിരെയും അതിന് നിലകൊള്ളാന്‍ സാധിക്കണം. മുത്തലാഖ് വിഷയത്തില്‍ ബി.ജെ.പിയുടെ സമീപനമാണ് മതേതര പാര്‍ട്ടികളേക്കാള്‍ പുരോഗമനമായി തോന്നുന്നത്. കാരണം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് പകരം മതയാഥാസ്ഥികരെ പ്രീണിപ്പിക്കുകയാണ് ചെയ്യുന്നത്. മുസ്‌ലിംകള്‍ നീതിയല്ല, മറിച്ച് മതനേതൃത്വത്തെയാണ് ആവശ്യപ്പെടുന്നത് എന്ന് ചിന്തിക്കുന്നതും ഇസ്‌ലാമിന്റെ പേരില്‍ എല്ലാ വിവേചനത്തെയും ന്യായീകരിക്കുന്നതും ശരിയല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഞാന്‍ നേരത്തെ സൂചിപ്പിച്ച വിധമുള്ള ജനാധിപത്യ വ്യവസ്ഥ (First Past the Post democracy system) തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിംകളെ വില്ലന്‍മാരാക്കുകയാണ് ചെയ്യുന്നത്. നാമിന്ന് ആഘോഷിക്കുന്ന ജനാധിപത്യം യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്. അവരുടെ പ്രാതിനിധ്യം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ 19 ശതമാനം മുസ്‌ലിംകള്‍ക്ക് 403 അംഗ അസംബ്ലിയില്‍ 24 എം.എല്‍.എമാരാണുള്ളത്. കഴിഞ്ഞ അസംബ്ലിയില്‍ 64 എം.എല്‍.എ മാരാണുണ്ടായിരുന്നത്. 321 എം.എല്‍.എ മാരുള്ള ഹിന്ദുത്വ പാര്‍ട്ടിക്ക് ഒരു മുസ്‌ലിം നേതാവിനെ പോലും മല്‍സരിപ്പിക്കാന്‍ സാധിച്ചില്ല എന്നത് കൂട്ടമായ പരിശ്രമം, സമഗ്ര വികസനം (സബ്കാ സാത്, സബ്കാ വികാസ്) എന്ന അവരുടെ മുദ്രാവാക്യം എത്രത്തോളം പൊള്ളയാണ് എന്നാണ് കാണിക്കുന്നത്.

മൂന്ന് ദിവസം മുമ്പ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കെ നിഷാദ് സമുദായത്തില്‍ പെട്ട ഒരു പെണ്‍കുട്ടി റേഷന്‍ കാര്‍ഡ് ലഭിക്കാനും ഭൂമി ലഭിക്കാനും വേണ്ടി എന്റെ സഹായം തേടുകയുണ്ടായി.  ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ ആ ദിവസം വന്നിരുന്നു. അയാള്‍ പോയപ്പോള്‍ ഞാനവളോട് ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് ചോദിച്ചു. തങ്ങള്‍ മോദിക്കാണ് വോട്ട് ചെയ്തത് എന്നാണ് അവളടക്കമുള്ള സ്ത്രീകള്‍ പറഞ്ഞത്. അപ്പോള്‍ ഭൂമിയും വെള്ളവും മോദിയോട് ചോദിക്കാന്‍ ഞാന്‍ ദേഷ്യത്തോടെ അവളോട് പറയുകയും ചെയ്തു. മുഷാഹര്‍ ബസ്തിയിലെ മിക്ക വോട്ടുകളും ബി.ജെ.പിക്കാണ് ലഭിച്ചത്. കാരണം സമാജ് വാദി പ്രവര്‍ത്തകര്‍ തെരെഞ്ഞെടുപ്പ് ക്യാമ്പയ്ന്‍ നടത്തിയിരുന്നില്ല. മാത്രമല്ല, ബി.എസ്.പി ഒരു പുതുമുഖത്തെയാണ് അവിടെ മല്‍സരിപ്പിച്ചത്. പാര്‍ട്ടിക്ക് വേണ്ടി ഒരുപാട് കാലം പ്രവര്‍ത്തിച്ച വ്യക്തിക്ക് സീറ്റ് നിഷേധിക്കുകയാണുണ്ടായത്. ഈ അവസ്ഥ എല്ലായിടത്തുമുണ്ട്. പാര്‍ട്ടി നേതാക്കന്‍മാരിത് ഹിന്ദു-മുസ്‌ലിം പ്രശ്‌നമായി മാറ്റുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ മതേതരം എന്നവകാശപ്പെടുന്ന പാര്‍ട്ടികളൊന്നും മതേതരമല്ല. അവരെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകള്‍ വോട്ട്ബാങ്ക് മാത്രമാണ്. എപ്പോഴെങ്കിലും മതേതര കക്ഷികള്‍ മുസ്‌ലിംകള്‍ക്ക് സീറ്റ് നല്‍കുകയാണെങ്കില്‍ പ്രാദേശിക അമുസ്‌ലിം രാഷ്ട്രീയ നേതാക്കള്‍ ബി.ജെ.പിയെ പിന്തുണക്കുകയാണ് ചെയ്യുന്നത്. ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തെ ഹൈന്ദവവല്‍ക്കരിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ്. മുസ്‌ലിംകളാണ് അതിന് വില നല്‍കേണ്ടി വരുന്നത്.

ഹിന്ദുത്വ ശക്തികളും ബ്രാഹ്മണിക മാധ്യമങ്ങളും രണ്ടാമത്തെ ഏറ്റവും വലിയ സമുദായമായ മുസ്‌ലിംകളെ അപരവല്‍ക്കരിച്ചു കൊണ്ടുള്ള ഇന്ത്യ എന്ന ആശയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ‘ജനാധിപത്യ’ മാര്‍ഗങ്ങളുപയോഗിച്ചാണ് അത് സാധ്യമാക്കുന്നത് എന്നതാണ് തമാശ. ബ്രിട്ടീഷുകാരില്‍ നിന്ന് നാം സ്വീകരിച്ച കൊളോണിയല്‍ ജനാധിപത്യത്തിന്റെ പ്രതിസന്ധിയാണിത്. ഭിന്നിപ്പിച്ച് ഭരിക്കുന്ന ജനാധിപത്യമാണത്. മുമ്പത് ബ്രിട്ടീഷുകാരാണ് ഉപയോഗിച്ചതെങ്കില്‍ ഇന്ന് ഇന്ത്യയിലെ അപരവല്‍കൃത സമൂഹത്തെ രാഷ്ട്രീയമായി ക്ഷയിപ്പിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്.

ആഴ്ചകള്‍ക്ക് മുമ്പ് ഞാന്‍ ബി.ജെ.പിയുടെ കീഴില്‍ മല്‍സരിക്കുന്ന ദലിത് നേതാവിന്റെ കഥയെഴുതിയിരുന്നു. ഒരു പ്രത്യേക ഗ്ലാസ് കൈയ്യില്‍ പിടിച്ചായിരുന്നു അയാള്‍ വോട്ട് ചോദിച്ചിരുന്നത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ ആളുകളുടെ കാല് അദ്ദേഹം തൊട്ടു വന്ദിക്കുന്നുണ്ടായിരുന്നു. വാല്‍മീകി സമുദായത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. ബി.എസ്.പി വാല്‍മീകി സമുദായത്തെ ഒട്ടും പരിഗണിച്ചിരുന്നില്ല. ഹതാരസിനടുത്തുള്ള ഇഗ്‌ലാസില്‍ നിന്നും അദ്ദേഹം വിജയിച്ചെങ്കിലും സമുദായത്തിന് അദ്ദേഹം അപമാനമാണ്. ആചാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ജാതി വിവേചനത്തെ ന്യായീകരിക്കുന്ന അത്തരം നേതാക്കന്‍മാര്‍ക്ക് എങ്ങനെയാണ് തങ്ങളുടെ സമുദായ അംഗങ്ങള്‍ക്ക് ആത്മാഭിമാനം ഉറപ്പ് വരുത്താനാവുക? പൂന കരാറിന്റെ അനന്തരഫലമായാണ് ഞാനീ സംഭവത്തെ മനസ്സിലാക്കുന്നത്. ബി.എസ്.പി യും മറ്റ് ദലിത്-ബഹുജന്‍ പാര്‍ട്ടികളും ഇത്തരം പ്രശ്‌നങ്ങളെല്ലാം ഉന്നയിച്ചിരുന്നെങ്കിലും അധികാരത്തിലെത്തിയപ്പോള്‍ എല്ലാം മറക്കുകയാണുണ്ടായത്. ഈ വ്യവസ്ഥയെ ചോദ്യം ചെയ്യേണ്ടുന്ന സമയമാണിത്. നമ്മുടെ തെരെഞ്ഞെടുപ്പ് വ്യവസ്ഥയിലും മാറ്റങ്ങള്‍ വരേണ്ടതുണ്ട്. ഇന്ന് 17 ശതമാനത്തോളം വരുന്ന ദലിതരും 7.5 ശതമാനത്തോളം ആദിവാസികളുമാണ് നിയമസഭയിലുള്ളത്. അവരെല്ലാം പൂന കരാര്‍ ഉണ്ടാക്കിയ നേതാക്കന്‍മാരാണ്. ഹിന്ദുത്വ ശക്തികള്‍ അതിനെ തങ്ങളുടേതാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. ബ്രാഹ്മണ വ്യവസ്ഥയെ പിന്തുണക്കുന്ന ദലിതരെ മാത്രമേ അവര്‍ സ്‌നേഹിക്കുകയുള്ളൂ. അത്തരം ദലിതര്‍ പറയുന്നത് ജാതി വ്യവസ്ഥ നല്ലതും തങ്ങള്‍ പാരമ്പര്യത്തെയാണ് പിന്തുടരുന്നത് എന്നുമാണ്!

സൂക്ഷമാന്വേഷണത്തിനുള്ള സമയമാണിത്. ആദ്യമായി വേണ്ടത് ബഹുജന്‍ പാര്‍ട്ടികളെ വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ എത്തിക്കുക എന്നതാണ്. രണ്ടാമതായി, അവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍, സ്വത്വമാണോ പ്രത്യയശാസ്ത്രമാണോ പ്രധാനം എന്നതിനെക്കുറിച്ച മൗലികമായ ചോദ്യങ്ങള്‍ എന്നിവ തീര്‍ച്ചയായും അഭിമുഖീകരിക്കപ്പെടെണ്ടതുണ്ട്. തീര്‍ച്ചയായും ബ്രാഹ്മണ ശക്തികള്‍ക്ക് പറ്റിയ ജാതിരഹിത, ‘സത്യസന്ധരായ’ ഹരിജനുകളെയല്ല രാജ്യത്തിനാവശ്യമെന്നും എല്ലാ തരത്തിലുള്ള അനീതികള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ സംസാരിക്കുകയും സമുദായത്തിന് നീതി വാങ്ങിക്കൊടുക്കുകയും ചെയ്യുന്ന നിശ്ചയദാര്‍ഢ്യമുള്ള ദലിതരാണ് ഉയര്‍ന്ന് വരേണ്ടതെന്നുമുള്ള ബോധ്യം അംബേദ്കറേറ്റ് പ്രസ്ഥാനങ്ങള്‍ക്കുണ്ടാകും. മൂന്നാമതായി, ആനുപാതികമായ ഒരു തെരെഞ്ഞെടുപ്പ് വ്യവസ്ഥയെയാണ് നാം തേടേണ്ടത്. നാല്, വ്യവസ്ഥകള്‍ക്കെതിരെ നില്‍ക്കുന്ന ബുദ്ധിജീകള്‍ക്ക് അര്‍ഹമായ ഇടം നല്‍കുകയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു പദ്ധതി രൂപീകരിക്കുകയും ചെയ്യുക. അഞ്ച്, മതത്തിന്റെയും ജാതിയുടെയുമെല്ലാം അതിര്‍ത്തികളെ മറികടക്കുന്ന ഒരു പൊതുവായ പദ്ധതി രൂപീകരിക്കുക. എന്നിട്ട് അതിന് കീഴില്‍ ഭൂപരിഷ്‌കരണം, പൊതു സ്‌കൂള്‍ വ്യവസ്ഥ, പൊതു ആരോഗ്യത്തിന്റെയും വിതരണ വ്യവസ്ഥയുടെയും സംരക്ഷണം, എല്ലാവര്‍ക്കും വീട് തുടങ്ങിയ പദ്ധതികളും പരിപാടികളും നടപ്പിലാക്കുക. അത്‌പോലെ ജാതിനിര്‍മ്മാര്‍ജനത്തിനും അപര സമുദായങ്ങളുടെ ശാക്തീകരണത്തിനും വേണ്ടി നടക്കുന്ന ശ്രമങ്ങളെ പിന്തുണക്കുകയും വേണം. അത്‌പോലെ ഇതര സമുദായങ്ങളിലുളള നന്‍മയുള്ള മനുഷ്യരെ കൂട്ടുപിടിച്ച് അംബേദ്കര്‍, ഫൂലെ, പെരിയാര്‍, ഭഗത്സിംഗ് തുടങ്ങിയവരുടെ ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ പുരോഗതിക്കായി നാം പരിശ്രമിക്കേണ്ടതുണ്ട്.

ഉത്തര്‍പ്രദേശിലെ തെരെഞ്ഞെടുപ്പ് ഫലം നിരാശാജനകമാണെങ്കിലും പുനരാലോചനക്കും ആത്മവിമര്‍ശനത്തിനുമുള്ള സാധ്യതകള്‍ അത് നല്‍കുന്നുണ്ട്. ഇന്ത്യ എങ്ങനെ ജാതീയമായി എന്നതല്ല ഇപ്പോഴത്തെ ചോദ്യം. മറിച്ച് മതേതര പാര്‍ട്ടികള്‍ എങ്ങനെയാണ് ഹിന്ദുത്വ ശക്തികള്‍ക്ക് തങ്ങളുടെ പരാജയങ്ങളെ ദുരുപയോഗിക്കാനും ദുര്‍വ്യാഖ്യാനം ചെയ്യാനും സഹായകമായത് എന്നതാണ്. ഈയവസരത്തില്‍ ജാതിവിരുദ്ധമായ അജണ്ടയില്‍ ഊന്നിക്കൊണ്ട് ഉദാരമായ ചിന്തകളാണ് യഥാര്‍ത്ഥ മതേതരത്വം നടപ്പിലാക്കേണ്ടത്. മാത്രമല്ല, താഴേത്തട്ടുകളില്‍ നേതൃത്വത്തെ നിര്‍മ്മിക്കാനും വ്യത്യസ്തങ്ങളായ അഭിപ്രായ രൂപീകരണങ്ങള്‍ സാധ്യമാകുന്ന ഇടം നിര്‍മ്മിക്കാനും നമുക്ക് സാധ്യമാകേണ്ടതുണ്ട്. ഇടുങ്ങിയതും ദുര്‍ബലവുമായ ആശയങ്ങളില്‍ നിന്ന് മാറി വ്യത്യസ്തങ്ങളായ സമുദായങ്ങളെ ആകര്‍ഷിക്കുന്ന ഒരു ഭാവിപദ്ധതിയാണ് നാം രൂപീകരിക്കേണ്ടത്. ജനങ്ങള്‍ കാലങ്ങളായി കേട്ട് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെ വീണ്ടും കേള്‍ക്കാന്‍ തയ്യാറാവുകയില്ല. അവര്‍ പുതിയൊരു ഭാവി അജണ്ടയാണ് ആവശ്യപ്പെടുന്നത്.

നമ്മുടെ പാര്‍ട്ടികളെ ജനാധിപത്യവല്‍ക്കരിക്കാനും അഴിമതിക്കെതിരെയും ലിംഗ വിവേചനങ്ങള്‍ക്കെതിരെയും സംസാരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ പൂര്‍വ്വികരായ നേതാക്കന്‍മാര്‍ സ്വപ്‌നം കണ്ട ഒരു ഇന്ത്യയെയാണ് നാം സൃഷ്ടിക്കേണ്ടത്. സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി നമ്മുടെ രാഷ്ട്രീയ നേതാക്കന്‍മാര്‍ അത്തരം സ്വപ്‌നങ്ങളെയെല്ലാം നശിപ്പിക്കുകയാണ് ചെയ്യുന്നത്.

ഉത്തര്‍പ്രദേശ് തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ജാതിവിരുദ്ധമായ ഒരു പുതിയ മതേതര-ഉദാര രാഷ്ട്രീയ നേതൃത്വത്തിന്റെ സൃഷ്ടിപ്പിലേക്കുള്ള അവസരമായി കാണേണ്ടതുണ്ട്. ഹിന്ദുത്വ നേതൃത്വത്തിന് ബദലായി ഒരു രാഷ്ട്രീയ വീക്ഷണം അവര്‍ക്ക് വാഗ്ദാനം ചെയ്യാന്‍ സാധിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന് ഇനിയും മുസ്‌ലിംകളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനാധിപത്യത്തെ നാം പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ട്. രാഷ്ട്രീയമായി ഈ വിഷയം കൈകാര്യം ചെയ്യേണ്ട സമയമാണിത്. എത്രത്തോളം മുസ്‌ലിംകളെ രാഷ്ട്രീയമായി ക്ഷയിപ്പിക്കാന്‍ ജനാധിപത്യത്തിന് കഴിയും? ഈയവസ്ഥ തുടരുകയാണെങ്കില്‍ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്ക് മാത്രമാണ് വളര്‍ച്ച സാധ്യമാവുക. എന്നാല്‍ അങ്ങനെയുള്ള ജനാധിപത്യം കപട ജനാധിപത്യമാണ്. വര്‍ഗീയ അജണ്ടകളെ ചെറുക്കുന്ന ഭാരിച്ച ഉത്തരവാദിത്വമാണ് നമുക്കുള്ളത്. തെരെഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നത് കൊണ്ട് മാത്രം എല്ലാം നേടി എന്ന ധാരണ ശരിയല്ല. അമേരിക്കയില്‍ മാധ്യമങ്ങള്‍  ജനാധിപത്യ ഇടങ്ങള്‍ക്കും ഉദാരമായ ബഹുസ്വര മൂല്യങ്ങള്‍ക്കും വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലാകട്ടെ, മാധ്യമങ്ങള്‍ പൂര്‍ണ്ണമായും വ്യവസ്ഥക്ക് കീഴടങ്ങിക്കഴിഞ്ഞു. അതിനാല്‍ തന്നെ നവോത്ഥാന മൂല്യങ്ങള്‍ മുന്നോട്ട് വെക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ക്കാണ് മതേതര-ഉദാര ഇന്ത്യ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാനുള്ള ഉത്തരവാദിത്വമുള്ളത്. എന്നാല്‍ അവരുടെ ഭാഷ മനസ്സിലാക്കുന്നതില്‍ ജനങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. അതേസമയം, നാമൊരിക്കലും നിരാശപ്പെടരുത്. നവോത്ഥാന ഇന്ത്യക്ക് വേണ്ടിയുള്ള നമ്മുടെ യുദ്ധം അവസാനിച്ചിട്ടില്ല. തുടങ്ങിയിട്ടേയുള്ളൂ.

വിവ: സഅദ് സല്‍മി
കടപ്പാട്: countercurrents

Related Articles