Current Date

Search
Close this search box.
Search
Close this search box.

പ്രബലമായ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഇല്ലാതിരിക്കല്‍ സാമ്രാജ്യത്തിന്റെ താല്‍പര്യം

map-divide.jpg

ഖത്തറിനെതിരെ സൗദി അറേബ്യയും യു.എ.ഇയും  മറ്റും ചേര്‍ന്ന് പരിശുദ്ധ റമദാനില്‍ നടത്തിയ കടുത്ത ബഹിഷ്‌കരണ നടപടിക്ക് പിന്നില്‍ അമേരിക്കന്‍ ഇസ്രയേല്‍ അച്ചുതണ്ടാണെന്ന് മനസ്സിലാക്കാന്‍ അസാമാന്യ ബുദ്ധിയൊന്നും വേണ്ടതില്ല. ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് തൊട്ടുടനെയാണല്ലോ ഈയൊരു തീരുമാനം ഉണ്ടായത്. അറബ്-മുസ്‌ലിം നാടുകളെ പരസ്പരം ശത്രുക്കളാക്കി മാറ്റുകയെന്നതും മുസ്‌ലിം സംഘടനകളെയും കൂട്ടായ്മകളെയും അതിവിദഗ്ദമായി പരസ്പര വൈരികളാക്കി ശിഥിലമാക്കുകയെന്നതും ചിരകാലമായി തുടര്‍ന്നു വരുന്ന മുസ്‌ലിം-ഇസ്‌ലാം വിരുദ്ധ തന്ത്രമാണെന്നറിയാനും അതിനെ സദാ കരുതിയിരിക്കാനും മുസ്‌ലിം ലോകത്തിനാവുന്നില്ല.

അറബ്-മുസ്‌ലിം നാടുകളില്‍ പല ജീര്‍ണതകളും തകരാറുകളുമുണ്ട്. ഏറിയോ കുറഞ്ഞോ അത്തരം ജീര്‍ണതകള്‍ അറബ് ഇതര നാടുകളിലുമുണ്ട്. പക്ഷെ, അറബ് /മുസ്‌ലിം നാടുകളിലെ ജീര്‍ണതകളെ ഒറ്റതിരിച്ചും പര്‍വ്വതീകരിച്ചും പറഞ്ഞു പരത്തി അറപ്പും വെറുപ്പും വ്യാപകമാക്കുന്ന കുതന്ത്രം അതിവിദഗ്ദമായി നടത്തുന്ന പ്രത്യേക ലോബികളെ അമേരിക്കന്‍ – സയണിസ്റ്റ് അച്ചുതണ്ട് തന്ത്രപൂര്‍വം പ്രമോട്ട് ചെയ്യുന്നുണ്ടെന്ന് ന്യായമായും സന്ദേഹിക്കേണ്ടതുണ്ട്. രാജഭരണത്തിലുള്ളതിനേക്കാള്‍ ജീര്‍ണതകളും അഴിമതികളും ധൂര്‍ത്തും ആഢംബരങ്ങളും ജനാധിപത്യ സംവിധാനങ്ങളിലും ഏറെക്കുറെയുണ്ട്. ജനപ്രതിനിധികളുടെ രാജകീയ ശൈലിയും ഭാവവും പലവിധത്തിലുള്ള അഴിമതികളും അനുഭവിച്ച് മടുത്ത് ഇതിലും ഭേദം ഗള്‍ഫിലെ രാജഭരണമായിരിക്കുമെന്ന് വേദനയോടെ ആത്മഗതം ചെയ്യുന്നവര്‍ അനവധിയാണ്.

ഇസ്‌ലാം ഒരു വിശ്വമതവും മുസ്‌ലിംകള്‍ വിശ്വസമുദായവുമാണ്. ലോക മുസ്‌ലിംകളെ പലതാക്കി ഭിന്നിപ്പിച്ച് ദുര്‍ബലപ്പെടുത്തുകയെന്നത് ഇസ്‌ലാം വിരുദ്ധരുടെ ആവശ്യമാണ്. 1990ല്‍ സദ്ദാം ഹുസൈനെ ഉപയോഗപ്പെടുത്തി കുവൈത്ത് പിടിച്ചടക്കല്‍ പരിപാടി നടത്തിയത് വഴി കുവൈത്തിന് മാത്രമല്ല, അറബ് മുസ്‌ലിം നാടുകള്‍ക്കും ലോകമുസ്‌ലിംകള്‍ക്കാകെയും ഉണ്ടായ പ്രത്യക്ഷവും പരോക്ഷവുമായ കഷ്ടനഷ്ടങ്ങള്‍ വിവരണാതീതമാണ്. മുസ്‌ലിം ലോകത്തെയും ഇസ്‌ലാമിസ്റ്റുകളെയും സദ്ദാം അനുകൂലി / വിരുദ്ധര്‍ എന്നിങ്ങനെ രണ്ട് ചേരികളിലാക്കി ഭിന്നിപ്പിച്ചു ആ സംഭവം. കാല്‍ നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും അതിന്റെ ബഹുമുഖ പരിക്കുകളും പ്രശ്‌നങ്ങളും ഇന്നും മാറിയിട്ടില്ല. ലോകമുസ്‌ലിംകളുടെ നീറുന്ന വേദനയായിരുന്ന ഫലസ്തീന്‍ പ്രശ്‌നത്തെ വര്‍ഷങ്ങളോളും ഏറെക്കുറെ വിസ്മൃതമാക്കാന്‍ ഇത് ഇടയാക്കി. തുടര്‍ന്ന് നടന്ന ഗള്‍ഫ് യുദ്ധവും അനന്തര സംഭവങ്ങളും വഴി കുവൈത്ത്, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളുടെ സാമ്പത്തിക മേഖലക്കുണ്ടായ പരിക്ക് വളറെ വലുതായിരുന്നു. അതിന്ന് മുമ്പ് എട്ടുവര്‍ഷത്തിലേറെ നീണ്ടു നിന്ന ഇറാന്‍ – ഇറാഖ് യുദ്ധവും അനുബന്ധ സങ്കീര്‍ണതകളും ഇറാഖ്, ഇറാന്‍, കുവൈത്ത്, സൗദി അറേബ്യ മറ്റിതര മുസ്‌ലിം രാഷ്ട്രങ്ങള്‍ എന്നിവക്ക് ഏല്‍പിച്ച ഭീകരവും മാരകവുമായ കഷ്ടനഷ്ടങ്ങള്‍ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ്.

1990 ആഗസ്റ്റ് രണ്ടാം തിയ്യതി നടന്ന സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശത്തിന് (ആക്രമണം) മുമ്പെ തന്നെ കുറെയേറെ ഗൂഢാലോചനകളും കുത്തിത്തിരിപ്പുകളും നടന്നിട്ടുണ്ടെന്നത് ഉറപ്പാണ്. ഒടുവില്‍ ഇറാഖ്-കുവൈത്ത് പ്രശ്‌നം ലോക ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ തന്നെ ഒരര്‍ത്ഥത്തില്‍ പിളര്‍പ്പുണ്ടാക്കിയെന്നതാണ് നേര്. ഒരു വിഭാഗം കുവൈത്ത് പക്ഷത്തും മറ്റൊരു വിഭാഗം സദ്ദാം (ഇറാഖ്) പക്ഷത്തും എന്ന സ്ഥിതി വന്നു. സദ്ദാമും ബുഷും പരാജയപ്പെടുന്ന, അല്ലെങ്കില്‍ ഇരുകൂട്ടരെയും പരാജയപ്പെടുത്തുന്ന മറ്റൊരു സമീപനം വേണമെന്ന മൂന്നാം ലൈനിന് വലിയ സ്വീകാര്യത അന്നുണ്ടായില്ല. സദ്ദാം യുദ്ധത്തിലും ജോര്‍ജ്ജ് ബുഷ് (സീനിയര്‍) തുടര്‍ന്ന് നടന്ന തെരെഞ്ഞെടുപ്പിലും പരാജയപ്പെടുകയാണുണ്ടായത്. ജോര്‍ജ്ജ് ബുഷിനെ എതിര്‍ക്കുകയെന്നാല്‍ കുവൈത്തിനെ എതിര്‍ക്കുക എന്ന് വരെ മനസ്സിലാക്കപ്പെട്ടു. കുവൈത്ത് ഉള്‍പ്പടെ പല നാടുകളിലെയും ഇസ്‌ലാമിസ്റ്റുകളില്‍ ഒരു തരം ദേശീയത (Nationalism) എന്ന മാരക രോഗം ശക്തിപ്പെട്ടു. ഇസ്‌ലാമിക പ്രസ്ഥാനം വ്യത്യസ്ത ദേശീയ ബ്രാന്റുകളിലായി മാറുകയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിശാലമായ ആഗോള സ്വഭാവം ഏറെക്കുറെ നഷ്ടമാവുകയും ചെയ്തു.

ഇത് തന്നെയാണ് മറ്റൊരര്‍ത്ഥത്തില്‍ സൗദി-ഖത്തര്‍ തര്‍ക്കത്തിലും സംഭവിച്ചത്. ഉപജാപം ഖത്തറിനെതിരെ എന്നതിനേക്കാള്‍ സൗദിക്കെതിരെയാണ്. ഇക്കാര്യം സൗദി രാജാക്കന്‍മാര്‍ ഗ്രഹിച്ചുവോ എന്നത് സംശയമാണ്. സൗദി അറേബ്യ എന്ന വലിയ/പ്രബല രാഷ്ട്രത്തെ വിഭജിച്ച് ദുര്‍ബലമാക്കണമെന്ന് അമേരിക്കന്‍ – ഇസ്രയേല്‍ അച്ചുതണ്ട് ആഗ്രഹിക്കുന്നുണ്ട്. മക്കയും മദീനയും ഒരുവിധം നന്നായി പരിപാലിക്കുക വഴി മുസ്‌ലിം ലോകത്തിന്റെ ഏതോ അര്‍ത്ഥത്തിലുള്ള ആദരവ് സമ്പാദിക്കുന്ന സൗദി അറേബ്യ ആഗോള മുസ്‌ലിം ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി നിലകൊള്ളുന്നുമുണ്ട്. മുസ്‌ലിം ലോകത്ത് ഒരു രാഷ്ട്രവും പ്രബലമോ വലുതോ ആയി നിലനില്‍ക്കരുത്. മുസ്‌ലിം നാടുകളെ തുണ്ടം തുണ്ടമാക്കി ശിഥിലമാക്കണം. സിറിയ, ഇറാഖ് തുടങ്ങിയ പ്രദേശങ്ങള്‍ വിഭജിക്കപ്പെടണമെന്ന് ചിന്തിക്കുന്നത് പോലെ സൗദി അറേബ്യയും പലതായി വിഭജിക്കപ്പെടണമെന്ന് ചിന്തിക്കുന്ന അമേരിക്കന്‍ ഇസ്രയേലി അച്ചുതണ്ടിന്റെ തന്ത്രം പടിപടിയായി മുന്നേറുന്നത് തിരിച്ചറിയപ്പെടാതെ പോകുകയാണ്.

സൗദി അറേബ്യയെ മൂന്നോ നാലോ നാടുകളും അവര്‍ക്കിടയിലെ അതിര്‍ത്തി പ്രശ്‌നങ്ങളും; അവയുടെ പ്രതിരോധ ബജറ്റും അത് വഴി ലഭ്യമാകുന്ന ആയുധ കച്ചവടവും സുരക്ഷാ സര്‍വീസും…. ശവപ്പെട്ടിയും ശവപ്പുടവയും അനുബന്ധ സംഗതികളും കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്ന അഥവാ ആയുധ വ്യാപാരം വഴിയും യുദ്ധം വഴിയും തങ്ങളുടെ നാട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യത്‌നിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വം മുസ്‌ലിം നാടുകളെ തുണ്ടം തുണ്ടമാക്കുന്നതില്‍ ബദ്ധശ്രദ്ധമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വമാണല്ലോ ഇന്ന് കാണുന്ന പല മുസ്‌ലിം നാടുകള്‍ക്കും രൂപം നല്‍കിയതും അവര്‍ക്കിടയില്‍ അതിര്‍ത്തി തര്‍ക്കങ്ങളുണ്ടാക്കാനുള്ള ബീജാവാപം നടത്തിയതും. പാകിസ്താന് ജന്മം നല്‍കിയതും പിന്നീടതിനെ പിളര്‍ത്തി ബംഗ്ലാദേശ് ഉണ്ടാക്കിയെടുത്തതും ഇനിയും പാകിസ്താനും അഫ്ഗാനിസ്ഥാനും കേന്ദ്രമാക്കി വിഭജന സാധ്യതകള്‍ ആരാഞ്ഞു കൊണ്ടിരിക്കുന്നതും മറ്റും വിശകലന വിധേയമാക്കിയാലും പലവിധ ഗൂഢാലോചനകളും ദര്‍ശിക്കാനാകും. ദേശസ്‌നേഹത്തിന് പകരം ദേശീയത എന്ന തീവ്രചിന്ത വളര്‍ത്തുക എന്നത് സാമ്രാജ്യത്വം പലേടത്തും പയറ്റുന്ന തന്ത്രമാണ്.

ഇന്ന് മുസ്‌ലിംകള്‍/ മുസ്‌ലിം ലോകം സൗദി അനുകൂലികളും ഖത്തര്‍ അനുകൂലികളുമായി പിളര്‍ന്നു കിടക്കുകയാണ്. സൗദി അറേബ്യക്ക് എന്തെങ്കിലും കനത്ത തിരിച്ചടി വന്നാല്‍ ഖത്തര്‍ പക്ഷം ആഹ്ലാദിക്കും. ഖത്തറിന് ദോഷം വരുമ്പോള്‍ സൗദി പക്ഷവും പക്ഷവും സന്തോഷിക്കും. ഇങ്ങനെ ഒരു കക്ഷിക്ക് ദോഷം വന്നാല്‍ മറുകക്ഷിക്ക് ദുഖം വരാത്ത ഒരു മാനസികാവസ്ഥ വ്യാപകമായി സൃഷ്ടിച്ചെടുക്കുന്നതിലും സാമ്രാജ്യത്വം നല്ല അളവില്‍ വിജയിച്ചിരിക്കുന്നു.

പഴയ സംഭവങ്ങളില്‍ നിന്ന് കുവൈത്ത് ചെറുതായെങ്കിലും പാഠം പഠിച്ചിട്ടുള്ളതു കൊണ്ടായിരിക്കാം അവര്‍ ഈ സങ്കീര്‍ണ സാഹചര്യത്തില്‍ വല്ലാതെ കക്ഷി ചേരാത്തത്. പക്ഷെ, ഗതകാല അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്ത, ഒരേ മാളത്തില്‍ നിന്ന് നിരവധി തവണ പാമ്പിന്‍ കടിയേല്‍ക്കുന്ന ഗതികേട് ആദര്‍ശ പ്രോക്തമായ ഒരു ഉള്‍ക്കാഴ്ച്ചയുടെയും ഉള്‍ക്കരുത്തിന്റെയും അഭാവമാണ് സൂചിപ്പിക്കുന്നത്.

Related Articles