Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യം മരവിക്കുന്ന കലാശാലകള്‍

JNU.jpg

ജെ.എന്‍.യു കാമ്പസിനകത്ത് ദേശ-വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേരിട്ടുള്ള ഉത്തരവു പ്രകാരം ഇരച്ചെത്തിയ ഡല്‍ഹി പോലീസ് നടപടി വളരെ നിന്ദ്യമായിപ്പോയി. പോലീസ് നിരവധി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുകയും സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെതിരെ സെക്ഷന്‍ 124-A പ്രകാരം രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. രോഹിത് വെമുലയുടെ മരണശേഷം നമ്മുടെ കാമ്പസുകളുടെ വൃത്തികെട്ട മുഖം ദേശീയ തലത്തില്‍ മാത്രമല്ല അന്തര്‍ദേശീയ തലത്തിലും ചര്‍ച്ചയാവുകയാണ്. രാജ്യസ്‌നേഹം തെളിയിക്കാന്‍ സര്‍ക്കാറിന്റെ മാനദണ്ഡം മുസ്‌ലിം, പാകിസ്താന്‍, കശ്മീര്‍, ദേശീയത, പശു, ഭാരതമാതാവ്, ഗംഗ എന്നിവയൊക്കെയായി മാറിയിരിക്കുന്നു.

ബി.ജെ.പി വിദ്യാര്‍ഥി ശാഖയുടെ ചെറു സാന്നിധ്യമുള്ള കാമ്പസുകള്‍ പോലും വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണ്. എല്ലാ രാഷ്ട്രീയ മുന്നേറ്റങ്ങളിലും ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ ഭാഗവാക്കാവുന്നു എന്നതാണ് അവിടം ഉന്നം വെക്കപ്പെടാന്‍ കാരണം. ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പിച്ചും രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുമായിരുന്നു വിദ്യാര്‍ഥികള്‍ സമരരംഗത്തിറങ്ങിയത്. ആശയപരമായി ഈ വിദ്യാര്‍ഥി കൂട്ടായ്മകളോടൊക്കെ നമുക്ക് വിയോജിപ്പുകള്‍ ഉണ്ടാകാം. എന്നാല്‍ അടിയന്തിരാവസ്ഥ കാലത്തെ ഓര്‍മിപ്പിക്കുന്ന കാര്യങ്ങളാണ് ഇന്ന് ജെ.എന്‍.യുവില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ജെ.എന്‍.യു അടച്ചുപൂട്ടണം എന്ന ഹാഷ് ടാഗും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ജെ.എന്‍.യുവും അലീഗഢും ജാമിഅ മില്ലിയയുമൊക്കെ സംഘ്പരിവാര്‍ ശക്തികളെ ഇത്രത്തോളം വിറളി പിടിപ്പിക്കാന്‍ കാരണമെന്തെന്ന് മനസ്സിലാകുന്നില്ല. കാവി ചിന്താധാരകളില്‍ നിന്നും അകലം പാലിക്കുന്നവയാണ് ഈ സര്‍വകലാശാലകള്‍ എന്നതു തന്നെയാകാം. ജയിലുകളില്‍ നിന്ന് പുറത്തുകടക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് ദാസ്യപ്പണി ചെയ്യുകയും അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയെ പിന്തുണക്കുകയും ചെയ്ത അധമ സംഘ്പരിവാരത്തിന് ഈ കാമ്പസുകള്‍ ദേശ-വിരുദ്ധതാ കേന്ദ്രങ്ങളാണത്രെ!

വിദ്യാര്‍ഥികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനോ ആശയപ്രകാശനമോ സാധിക്കാത്ത, ദ്രോണാചാര്യന്മാര്‍ സ്വാതന്ത്ര്യത്തിന് അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്ന വെറും പ്രാഥമിക വിദ്യാലയങ്ങളായി നമ്മുടെ സര്‍വകലാശാലകള്‍ ചുരുങ്ങുന്നു. ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം വിപണിയില്‍ ഉയര്‍ന്നുവന്ന രണ്ട് പുസ്തകങ്ങള്‍ ഹിറ്റ്‌ലറിന്റെ ആത്മകഥയായ ‘മെയിന്‍ കാംഫ’ും ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ ‘ഞാന്‍ എന്തിന് ഗാന്ധിയെ കൊന്നു?’ എന്നിവയാണ്. ആശ്ചര്യകരമായ കാര്യമെന്നത്, എഴുത്തുകാരെയും സാഹിത്യകാരന്മാരെയും എഴുത്ത് നിര്‍ത്തിക്കാനും കൊല്ലാനും മുന്‍പന്തിയിലുള്ള ഒരു സര്‍ക്കാര്‍ ഗാന്ധി ഘാതകന്റെ സ്തുതിപാഠകരെ അറസ്റ്റ് ചെയ്യാന്‍ പോലീസിനോട് ആവശ്യപ്പെടുന്നില്ല എന്നതാണ്. ജനുവരി 26 കരിദിനമായി ആചരിച്ച ഹിന്ദു മഹാസഭക്കാര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറായില്ല.

ഭരണകൂടവും രാഷ്ട്രീയപാര്‍ട്ടികളുമൊക്കെ സര്‍വലാശാലകളില്‍ ഇടപെടുന്നത് ഒഴിവാക്കണം. വിദ്യാര്‍ഥികള്‍ സ്വയം തീരുമാനിക്കുകയും ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും ചെയ്യട്ടെ. സര്‍വകലാശാലകള്‍ക്കും അതിന്റെ അധികാരികള്‍ക്കും തീര്‍ച്ചയായും നിയമങ്ങള്‍ ലംഘിക്കുന്ന വിദ്യാര്‍ഥികളെ ശിക്ഷിക്കാനുള്ള അവകാശങ്ങളുണ്ട്. വിദ്യാര്‍ഥികളുടെ കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രൊഫസര്‍മാരുടെ ഒരു സമിതി രൂപീകരിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യാമല്ലോ. ഒരു വിഷയത്തില്‍ ഒരു അഭിപ്രായമോ വീക്ഷണമോ ഉണ്ടായതിന്റെ പേരിലാണോ നമ്മള്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത്? ആശയങ്ങളെ ആര്‍ക്കെങ്കിലും തടയാനാവുമോ?

അതെ, ഇനി കാര്യങ്ങള്‍ തീരുമാനിക്കുമ്പോഴും നടപ്പാക്കുമ്പോഴും വിദ്യാര്‍ഥികള്‍ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സംവാദങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നത് തെറ്റായ കാര്യമല്ല. എന്നാല്‍ ജനാധിപത്യ ശബ്ദങ്ങള്‍ക്കും ജനാധിപത്യത്തില്‍ വിശ്വാസമുള്ളവര്‍ക്കുമാണ് നാം അവയില്‍ ഇടം നല്‍കേണ്ടത്. നമ്മുടെ ജനാധിപത്യമാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ കാവലാള്‍. അതിനെ എന്തുവില കൊടുത്തും സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. കാരണം, ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തവരാണ് ഇന്ന് ജനാധിപത്യത്തിന് വേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നത്. പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും മദ്രാസ് ഐ.ഐ.ടിയിലും അധികാരികള്‍ എങ്ങനെയാണ് വിദ്യാര്‍ഥികളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ കൈകാര്യം ചെയ്തതെന്ന് നാം കണ്ടതാണ്. ഭിന്നാഭിപ്രായങ്ങള്‍ ദഹിക്കാനുള്ള പ്രയാസം കൊണ്ടാണോ സര്‍ക്കാര്‍ ഇതൊക്കെ കാണിച്ചുകൂട്ടുന്നത്. തമിഴ്‌നാട്ടിലെ ബ്രാഹ്മണാധിപത്യത്തിനെതിരെ വമ്പിച്ച പ്രക്ഷോഭം സംഘടിപ്പിച്ചയാളാണ് പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍. അദ്ദേഹം ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ഈ സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചേനെ.

വിദ്യാര്‍ഥികള്‍ എന്തുകൊണ്ടാണ് അസ്വസ്ഥരായിരിക്കുന്നത് എന്നതിന് ഗവണ്‍മെന്റിന് എന്ത് മറുപടിയാണ് പറയാനുള്ളത്? അവരുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തി പുകമറ സൃഷ്ടിക്കുകയല്ല വേണ്ടത്. ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് തൃപ്തികരമായ ഒരു മറുപടി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ? എന്നാല്‍ വൈസ് ചാന്‍സിലറെയാണ് കരുവായി അവര്‍ മുന്നില്‍ നിര്‍ത്തിയിരിക്കുന്നത്. ഫെല്ലോഷിപ്പുകള്‍ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് എന്തുകൊണ്ട് അവ ലഭിച്ചില്ല എന്നതിനെപറ്റി എന്തെങ്കിലും സൂചന നല്‍കാന്‍ സര്‍ക്കാറിന് സാധിച്ചോ? എന്തുകൊണ്ട് അലീഗഢിലെയും ജാമിഅയിലെയും വിദ്യാര്‍ഥികള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു? കാരണം, ഈ മഹത്തായ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിരവധി പ്രതിഭാശാലികളായ പണ്ഡിതന്മാരെയും ഗവേഷകന്മാരെയും പ്രദാനം ചെയ്ത ഈ സ്ഥാപനങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളെയും ആത്മാവിനെയും ന്യൂനപക്ഷ പദവി എടുത്തുകളയുന്നതിലൂടെ ഇല്ലാതാക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

ഇന്ത്യയുടെ ദേശീയതയും ജനാധിപത്യവും പോലീസിനും സൈന്യത്തിനും ഏല്‍പിച്ചുകൊടുക്കാനുള്ളതല്ല. അവര്‍ അതിന്റെ കാവല്‍ഭടന്മാര്‍ മാത്രമാണ്. നമ്മളെല്ലാം ഒരുമിച്ച് ഒരേ രാജ്യത്ത് ജീവിക്കുന്നു എന്നതാണ് നമ്മുടെ ദേശീയത. അതുകൊണ്ട് ഈ രാജ്യത്ത് നടക്കുന്നതിനെ പറ്റി നമുക്ക് ആശങ്കകളുണ്ടാകും. ഈ രാജ്യത്തെ ഒരു പൗരന്‍ പീഢിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമ്പോള്‍ നമ്മള്‍ അദ്ദേഹത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കുന്നു. ഇന്ത്യയിലെ പൗരന്മാര്‍ എന്ന നിലക്ക് ഭരണഘടനാപരമായ സദാചാരം കാത്തുസൂക്ഷിക്കുക എന്നതാണ് ഈ രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനുള്ള ഏകമാര്‍ഗം. ഉത്തരേന്ത്യന്‍ ബ്രാഹ്മണിക് മൂല്യങ്ങള്‍ എല്ലാവരിലും അടിച്ചേല്‍പ്പിക്കുക എന്നതല്ല ഐക്യം. ഇത് ഒരു ഉപദ്വീപാണ്. ഇവിടെ കാലാകാലങ്ങളായി വ്യത്യസ്ത മത-ഭാഷാ-വര്‍ണങ്ങള്‍ അധിവസിച്ചുപോരുന്നു. അതിനൊക്കെ അപ്പുറത്ത് നമ്മള്‍ ഇന്ത്യാക്കാര്‍ എന്ന ഐക്യബോധമാണ് നമുക്കുണ്ടാവേണ്ടത്.

അടിയന്തിരാവസ്ഥ കാലത്ത് ഭരണകക്ഷിയുടെ അഭിപ്രായങ്ങളും നിലപാടുകളും വെളിപ്പെടുത്തിയിരുന്നത് ‘സര്‍ക്കാര്‍ മീഡിയ’ ആയിരുന്നു. എന്നാല്‍ ഇന്ന് ബ്രാഹ്മണിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ജനാധിപത്യത്തിന് വലിയ ഭീഷണികള്‍ ഉയര്‍ത്തി അവരുടെ മധ്യവര്‍ഗ-ഉപരിവര്‍ഗ ഉപഭോക്താക്കള്‍ക്ക് അനുസരിച്ച് വാര്‍ത്തകളെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. മീഡിയകളെയും സ്ഥാപനങ്ങളെയും അവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചാലും സമൂഹമാധ്യമങ്ങള്‍ എന്ന ഫിഫ്ത് എസ്റ്റേറ്റിനെ നിയന്ത്രിക്കുക അവര്‍ക്ക് ദുഷ്‌കരമാകും. എന്നാല്‍ അവയെയും വരുതിയില്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ഈ വ്യാജ ദേശീയവാദികള്‍ അന്വേഷിക്കാതിരിക്കില്ല. എന്തുതന്നെയായാലും, എല്ലാ കുടില മനസ്ഥിതികളും മാറ്റിവെച്ച് നമ്മുടെ സ്വാതന്ത്ര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി നമ്മുടെ പക്കലുള്ള വിഭവങ്ങള്‍ വെച്ച് പോരാടാന്‍ സാധിക്കേണ്ടതുണ്ട്. നാടും കാടുമൊക്കെ നിങ്ങളുടെ കോര്‍പറേറ്റ് മിത്രങ്ങള്‍ക്ക് തീറെഴുതി കൊടുക്കുമ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ ദേശീയത? എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സാധാരണ ജനങ്ങളും ഒരുമിച്ച് കൈകോര്‍ത്ത് ഈ വര്‍ഗ്ഗീയ പ്രചാരകര്‍ക്കെതിരെ പോരാടാന്‍ തയ്യാറാവണം.

വിവ: അനസ് പടന്ന

Related Articles