Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെ കുറിച്ച് ഐന്‍സ്റ്റീന്‍ പറഞ്ഞത്

Einstein.gif

ഹന്ന അരന്‍ഡ് ഉള്‍പ്പെടെയുള്ള ജൂത പ്രതിഭകള്‍ക്കൊപ്പം ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും 1948 ഡിസംബര്‍ 4-ന് ന്യൂയോര്‍ക്ക് ടൈംസില്‍ ഒരു കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഇസ്രായേല്‍ എന്ന രാഷ്ട്രം നിലവില്‍ വന്ന് ഏതാനും മാസങ്ങള്‍ക്കു ശേഷമായിരുന്നു അദ്ദേഹം ആ കത്തെഴുതിയത്. അന്നേരം തദ്ദേശവാസികളെ ആട്ടിയോടിച്ചതിന് ശേഷം നൂറുകണക്കിന് ഫലസ്തീന്‍ ഗ്രാമങ്ങള്‍ തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

ഇസ്രായേലില്‍ പുതുതായി രൂപീകരിച്ച ഹെറൂത്ത് പാര്‍ട്ടിയെയും അതിന്റെ യുവനേതാവ് മെനാശം ബെഗിനെയും അപലപിക്കുന്നതായിരുന്നു പ്രസ്തുത കത്ത്.

ഇര്‍ഗുന്‍ ഭീകരവാദ സംഘത്തില്‍ നിന്നാണ് ഹെറൂത്ത് ഉണ്ടായത്. 1947-48-ല്‍ ഫലസ്തീന്‍ ജനതയെ അവരുടെ സ്വന്തം ഭൂമിയില്‍ വംശീയ ഉന്മൂലനത്തിന് ഇരയാക്കിയ നഖബ ദുരന്തത്തിലേക്ക് നയിച്ച ഫലസ്തീന്‍ അറബ് സമൂഹങ്ങള്‍ക്ക് നേരെ അരങ്ങേറിയ അനേകം കൂട്ടക്കൊലകളുടെ പേരില്‍ പ്രസിദ്ധരാണ് ഇര്‍ഗുന്‍ ഭീകരവാദ സംഘം.

‘സംഘടന, രീതിശാസ്ത്രം, രാഷ്ട്രീയ തത്വശാസ്ത്രം, സാമൂഹ ശ്രദ്ധയാകര്‍ഷിക്കല്‍ എന്നിവയുടെ കാര്യത്തില്‍ നാസികളുമായും ഫാസിസ്റ്റ് പാര്‍ട്ടികളുമായും വളരെ അടുത്തു നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി’ എന്നാണ് ഹെറൂത്ത് (സ്വാതന്ത്ര്യം) പാര്‍ട്ടിയെ ഐന്‍സ്റ്റീനും മറ്റുള്ളവരും കത്തിലൂടെ വിശേഷിപ്പിച്ചത്.

രണ്ടാം ലോകയുദ്ധത്തിനും ഹോളോകോസ്റ്റിനും ശേഷം ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് പുറത്തുവന്ന ഇത്തരത്തിലുള്ളൊരു കത്ത്, അക്കാലത്ത് ജൂത ബുദ്ധിജീവികള്‍ക്കിടയില്‍ നിലനിന്നിരുന്ന വ്യക്തമായ അഭിപ്രായ വ്യത്യാസത്തിന്റെ ശക്തമായ സൂചകമാണ്: ഇസ്രായേലിനെയും അതിന്റെ ഹിംസാത്മക പിറവിയെയും പിന്തുണച്ച സയണിസ്റ്റുകള്‍ ഒരുവശത്തും ഇസ്രായേലിനെ എതിര്‍ക്കുക എന്ന ഉന്നത ധാര്‍മിക നിലപാടെടുത്തവര്‍ മറുവശത്തും.

സങ്കടകരമെന്ന് പറയട്ടെ, രണ്ടാമത് പറഞ്ഞ സംഘം -ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കിലും – പരാജയപ്പെടുകയാണുണ്ടായത്.

ലികുഡ് പാര്‍ട്ടി രൂപീകരിക്കുന്നതിന് വേണ്ടി ഹെറൂത്ത് പിന്നീട് മറ്റു ഗ്രൂപ്പുകളുമായി ലയിച്ചു. ബെഗിന്‍ നൊബേല്‍ സമ്മാന ജേതാവായി, ഇസ്രായേലിന്റെ വലതുപക്ഷ സഖ്യ സര്‍ക്കാറിലെ മുന്‍നിര പാര്‍ട്ടിയാണ് ഇന്ന് ലികുഡ്. ഹെറൂത്തിന്റെ ‘നാസി-ഫാസിസ്റ്റ്’ തത്വശാസ്ത്രം വിജയക്കൊടി പാറിച്ചു, അതാണിന്ന് ഇസ്രായേലിലെ മുഖ്യധാരാ സമൂഹത്തെ നിര്‍വചിക്കുകയും ചൂഴ്ന്നുനില്‍ക്കുകയും ചെയ്യുന്നത്.

മുന്‍തലമുറയെക്കാള്‍ യുവ ഇസ്രായേലികള്‍ക്കിടയിലാണ് ഈ വലതുപക്ഷ പ്രവണത കൂടുതല്‍ പ്രകടമായിട്ടുള്ളത്.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ബെഗിനിന്റെ ലികുഡ് പാര്‍ട്ടിയുടെ നേതാവ്. പ്രതിരോധമന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാന്‍, അള്‍ട്രാ-നാഷണലിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ യിസ്രയേല്‍ ബെയ്‌തെനു എന്നിവര്‍ അടങ്ങുന്നതാണ് നെതന്യാഹുവിന്റെ നിലവിലെ സഖ്യം.

ഉപരോധത്തില്‍ കഴിയുന്ന ഗസ്സയിലെ ഫലസ്തീനികളുടെ ജനകീയ പ്രതിഷേധങ്ങളോടുള്ള പ്രതികരണമായും, നിരായുധരായ പ്രതിഷേധക്കാരെ കൊന്നൊടുക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിയെ ന്യായീകരിച്ചും, ‘ഗസ്സയില്‍ നിഷ്‌കളങ്കരായ ആളുകള്‍ ഇല്ല’ എന്ന് ലിബര്‍മാന്‍ വാദിച്ചു.

ഒരു രാഷ്ട്രത്തിന്റെ പ്രതിരോധമന്ത്രി തന്നെ ഇങ്ങനെ പറയുമ്പോള്‍, ഫലസ്തീന്‍ യുവാക്കളെ വെടിവെച്ചിട്ടതിന് ശേഷം വെടിയുണ്ട ലക്ഷ്യം കണ്ടതില്‍ കാമറയില്‍ നോക്കി ആഹ്ലാദപ്രകടനം നടത്തുന്ന ഇസ്രായേലി സ്‌നൈപ്പര്‍മാരെ കണ്ട് ആര്‍ക്കും വലിയ ഞെട്ടലൊന്നും ഉണ്ടാകില്ല. ഇസ്രായേല്‍ സമൂഹത്തിനുള്ളിലെ ഒരു ന്യൂനപക്ഷ വാദമല്ലിത്. അത്തരം അധാര്‍മിക വ്യക്തികളാല്‍ നിറഞ്ഞതാണ് നെതന്യാഹുവിന്റെ സഖ്യം.

ഇസ്രായേലി രാഷ്ട്രീയ പ്രവര്‍ത്തക, അയലെത് ശാകെദ്, ഫലസ്തീനികള്‍ക്കെതിരെ വംശഹത്യക്ക് നിരന്തരം ആഹ്വാനം ചെയ്തിരുന്നു. ‘ഫലസ്തീനികളെല്ലാം തന്നെ ശത്രുക്കളാണ്, അവരുടെ രക്തംചിന്തുക തന്നെ വേണം’ 2015-ല്‍ അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘ഫലസ്തീന്‍ അമ്മമാരും ഇതില്‍ ഉള്‍പ്പെടും…. അവരും കൊല്ലപ്പെടണം, പാമ്പുകളെ വളര്‍ത്തുന്ന അവരുടെ വീടുകള്‍ തകര്‍ക്കപ്പെടേണ്ടത് പോലെ. അല്ലെങ്കില്‍ കൂടുതല്‍ ചെറുപാമ്പുകള്‍ പാലൂട്ടി വളര്‍ത്തപ്പെടും.’

ഈ പ്രസ്താവന വന്ന് ഏതാനും മാസങ്ങള്‍ക്കു ശേഷം, 2015 ഡിസംബറില്‍, നെതന്യാഹു അവരെ രാജ്യത്തിന്റെ നിയമമന്ത്രിയായി നിയോഗിച്ചു.

നഫ്താലി ബെന്നറ്റ് നയിക്കുന്ന ജ്യൂയിഷ് ഹോം പാര്‍ട്ടി അംഗമാണ് ശാകെദ്. ഇസ്രായേലിന്റെ വിദ്യാഭ്യാസ മന്ത്രിയായ നഫ്താലി ബെന്നറ്റ് സമാനമായ ഹിംസാത്മക പ്രസ്താവനകള്‍ക്ക് പ്രസിദ്ധനാണ്. ഗസ്സ അതിര്‍ത്തിയില്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് ആരോപിക്കപ്പെട്ട ഇസ്രായേല്‍ സൈനികരെ പിന്തുണച്ചു കൊണ്ട് ആദ്യം രംഗപ്രവേശനം ചെയ്ത രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. പിന്നാലെ മറ്റു പ്രമുഖ ഇസ്രായേലി രാഷ്ട്രീയക്കാരും വന്നു.

ഏപ്രില്‍ 19-ന് ഇസ്രായേല്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 1948-ല്‍ ഹെറൂത്തിനെ നിര്‍വചിച്ച ‘നാസി ഫാസിസ്റ്റ്’ മാനസികാവസ്ഥയാണ് ഇന്ന് ഇസ്രായേലിലെഏറ്റവും ശക്തരായ ഭരണകൂടവര്‍ഗത്തെ നിര്‍വചിക്കുന്നത്. ഇസ്രായേലിനെ നാഗരികതയുടെയും ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രതീകമായി ഉയര്‍ത്തിപ്പിടിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യാനും വംശീയ ഉന്മൂലനം നടത്താനും പരസ്യമായി ആഹ്വാനം ചെയ്യുന്നവരാണ് ഇസ്രായേലി നേതാക്കള്‍.

ജനിച്ച് ഏഴു ദശാബ്ദങ്ങള്‍ക്കു ശേഷമുള്ള തങ്ങളുടെ പ്രിയപ്പെട്ട ഇസ്രായേലിന്റെ ഇന്നത്തെ രൂപം കണ്ട് പഴയകാല സാംസ്‌കാരിക സയണിസ്റ്റുകള്‍ തന്നെ ഒരുവേള ഭയചകിതരായേക്കാം.

തീര്‍ച്ചയായും, തങ്ങളുടെ രാജ്യത്തിനും സ്വത്വത്തിനും ആത്മാഭിമാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇന്നും ഫലസ്തീന്‍ ജനത. പക്ഷെ സത്യമെന്താണെന്നാല്‍ ഇസ്രായേലിന്റെ ഏറ്റവും വലിയ ശത്രു ഇസ്രായേല്‍ തന്നെയാണ് എന്നുള്ളതാണ്. കഴിഞ്ഞകാലങ്ങളിലെ പ്രത്യയശാസ്ത്രവും ഹിംസാത്മക രാഷ്ട്രീയവും തമ്മില്‍ വേര്‍പിരിക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടു. നേരെമറിച്ച്, അക്രമം, വംശീയത, വര്‍ണ്ണവിവേചനം എന്നിവക്കനുകൂല നിലപാടെടുത്ത് ഇസ്രായേലിന്റെ പ്രത്യശാസ്ത്ര സംവാദങ്ങള്‍ അവസാനിച്ചു.

‘മിഡിലീസ്റ്റിലെ ഏക ജനാധിപത്യ രാജ്യത്ത്’, വിമര്‍ശന സ്വാതന്ത്ര്യം വളരെയധികം നേര്‍ത്തുവന്നു.

നെതന്യാഹു, ബെന്നറ്റ്, ശാകെദ് എന്നിവരെ പോലുള്ളവരാണ് ഇന്ന് ആധുനിക ഇസ്രായേലിനെ പ്രതിനിധീകരിക്കുന്നത്. ഫലസ്തീനികള്‍, മനുഷ്യാവകാശങ്ങള്‍, അന്താരാഷ്ട്ര നിയമങ്ങള്‍, സമാധാനം, നീതി തുടങ്ങിയ അടിസ്ഥാന മൂല്യങ്ങള്‍ എന്നിവക്ക് യാതൊരു വിലയും കല്‍പിക്കാത്ത വലതുപക്ഷ മത തീവ്ര ദേശീയവാദികളുടെ ഒരു വന്‍ നിര അവരുടെ പിന്നിലുണ്ട്.

1938-ല്‍, ഇസ്രായേല്‍ രൂപീകരണത്തിന് പിന്നിലെ ആശയത്തിനെതിരെ ഐന്‍സ്റ്റീന്‍ പോരാടി. ‘ജൂദായിസത്തിന്റെ സത്തക്കെതിരാണ് ഇസ്രായേല്‍’ എന്ന് അദ്ദേഹം പറഞ്ഞു.

കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം, 1946-ല്‍, ‘അതിന്റെ (ഇസ്രായേലിന്റെ) ആവശ്യം എന്തായിരുന്നെന്ന് എനിക്ക് മനസ്സിലാവുന്നില്ല… അത് നല്ലതല്ലെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്’ എന്ന് ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട ആംഗ്ലോ-അമേരിക്കന്‍ കമ്മിറ്റി ഓഫ് ഇന്‍ക്വയറിക്ക് മുമ്പാകെ ഐന്‍സ്റ്റീന്‍ വാദിച്ചു.

ഐന്‍സ്റ്റീന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, ഇസ്രായേലിനെതിരായ ബി.ഡി.എസ് മൂവ്‌മെന്റില്‍ അദ്ദേഹവും അണിച്ചേരുമായിരുന്നെന്ന് പറയേണ്ടതില്ല. തീര്‍ച്ചയായും, ഇസ്രായേലി നേതാക്കളും അവരെ പിന്തുണക്കുന്നവരും അദ്ദേഹത്തെ സെമിറ്റിക് വിരുദ്ധനായും അല്ലെങ്കില്‍ സ്വന്തത്തെ വെറുക്കുന്ന ജൂതനായും അദ്ദേഹത്തെ മുദ്രകുത്തുമായിരുന്നു. അതിന് മടിക്കാത്തവരാണ് ഇന്നത്തെ സയണിസ്റ്റുകള്‍.

ഈ വേദനാജനകമായ അവസ്ഥ മാറേണ്ടതുണ്ട്. ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ ഭീകരവാദികളല്ല, അവരോട് അങ്ങനെ പെരുമാറരുത്. അവര്‍ ‘ചെറുപാമ്പുകളുമല്ല’. ഫലസ്തീന്‍ അമ്മമാര്‍ കൊല്ലപ്പെടാന്‍ പാടില്ല. നശിപ്പിക്കപ്പെടേണ്ട ‘ശത്രു സൈനികരല്ല’ ഫലസ്തീന്‍ ജനത. വംശഹത്യയെ നിസ്സാരവത്കരിക്കരുത്.

ഇസ്രായേലിന്റെ സ്വാതന്ത്ര്യത്തിനും, ഐന്‍സ്റ്റീന്റെ കത്തിനും ശേഷം 70 വര്‍ഷങ്ങള്‍ കഴിഞ്ഞു, നിരപരാധികളുടെ രക്തം ചിതറിത്തെറിച്ച് വികൃതമാക്കപ്പെട്ടതാണ് ഇന്നും ഈ രാജ്യത്തിന്റെ പൈതൃകം. തെല്‍അവീവില്‍ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല.

പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല, കാരണം ഫലസ്തീന്‍ ജനത ഇന്നും ചെറുത്തുനില്‍പ്പ് പോരാട്ടത്തിലാണ്; ലോകം മുഴുവന്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതുണ്ട്. ഫലസ്തീനികളെ വേട്ടയാടുന്ന ഹെറൂത്തിനെ പ്രേതത്തെ കെട്ടുക്കെട്ടിക്കാനും ‘നാസി ഫാസിസ്റ്റ്’ തത്വശാസ്ത്രങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനും അതുമാത്രമാണ് വഴി.

ഫലസ്തീന്‍ ക്രോണിക്കഌന്റെ എഡിറ്ററും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമാണ് റംസി ബറൂദ്. ‘ദി ലാസ്റ്റ് എര്‍ത്ത്: എ ഫലസ്തീനിയന്‍ സ്റ്റോറി’ (പ്ലൂട്ടോ പ്രസ്സ്, ലണ്ടന്‍, 2018) ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതി.

മൊഴിമാറ്റം :  ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം :  countercurrents.org

Related Articles