Current Date

Search
Close this search box.
Search
Close this search box.

സ്വാമി അഗ്‌നിവേശ് തന്നെയാണ് കുറ്റക്കാരന്‍!

ആള്‍ക്കൂട്ട കൊലപാതകം ഒരിക്കലും അനുവദിക്കാന്‍ പാടില്ലെന്നും, തദ്ദേശഭരണകൂടങ്ങളും സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുമാണ് അതിന്റെ ഉത്തരവാദികളെന്നും സുപ്രീംകോടതി നിരീക്ഷിച്ച അതേദിവസമാണ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം സ്വാമി അഗ്നിവേശിനെതിരെ ആക്രമണം നടത്തിയത്.

പഹാരിയ ട്രൈബല്‍ ഓര്‍ഗനൈസേഷന്റെ ക്ഷണം സ്വീകരിച്ചെത്തിയതായിരുന്നു സ്വാമി അഗ്നിവേശ്. ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും യുവജനവിഭാഗമായ ബി.ജെ.വൈ.എം (ഭാരതീയ ജനതാ യുവ മോര്‍ച്ച) അദ്ദേഹത്തിനെതിരെ കരിങ്കൊടി കാണിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അഗ്നിവേശിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രസ്തുത സംഘടനാ നേതാക്കള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സ്വാമി അഗ്നിവേശ് ബീഫ് കഴിക്കുന്നതിനെ അനുകൂലിക്കുകയും നക്‌സലുകളെ പിന്തുണക്കുകയും ചെയ്യുന്നുണ്ടെന്നാണ് അവര്‍ പറയുന്ന കാരണം. ആക്രമണത്തിന് ശേഷം, തങ്ങളുടെ പ്രവര്‍ത്തകരാരും തന്നെ ആക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് പ്രസ്താവനയിറക്കിയ അവര്‍, അഗ്നിവേശിന്റെ പ്രവര്‍ത്തനങ്ങളോടുള്ള സ്വാഭാവിക പ്രതികരണമാണ് അദ്ദേഹത്തിനെതിരെയുള്ള ആക്രമണമെന്ന് ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.

നൂറിലധികം വരുന്ന പുരുഷന്‍മാരുടെ സംഘമാണ് 78 വയസ്സുകാരനായ ആ വന്ദ്യവയോധികനെ നിലത്തുകൂടെ വലിച്ചിഴക്കുകയും അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത്. അക്രമികള്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ പിച്ചിചീന്തുകയും തലപ്പാവ് അഴിച്ച് വലിച്ചെറിയുകയും ചെയ്തു. അവശനായി നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിത്രം ആ മനുഷ്യനെ അടുത്തറിയുന്നവരെയും അല്ലാത്തവരെയും ഒരുപോലെ സങ്കടപ്പെടുത്തുമെന്ന കാര്യം തീര്‍ച്ചയാണ്.

2002ല്‍ അഹ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ വെച്ച് മേധാ പട്കര്‍ക്കെതിരെ സമാനരീതിയില്‍ നടന്ന ആക്രമണമാണ് ഈ അവസരത്തില്‍ ഓര്‍മവരുന്നത്. അന്ന് മേധാ പട്കറെ ആക്രമിച്ചതും ഇതേ സംഘടനാശൃംഖലയിലെ കണ്ണികള്‍ തന്നെയായിരുന്നു.

ഇപ്പോള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് പോലെ, പ്രദേശവാസികളായ ആളുകള്‍ ആരുടെയും പ്രേരണകൂടാതെ സ്വന്തംനിലക്ക് നടത്തിയ ഒരു ആക്രമണമല്ല സ്വാമി അഗ്നിവേശിനെതിരെ നടന്നത് എന്ന കാര്യം വളരെ വ്യക്തമാണ്. ബീഫിന്റെയും പശുവിന്റെയും പേരില്‍ നടന്ന എല്ലാ ആള്‍ക്കൂട്ട കൊലപാതകങ്ങളോടും സ്വീകരിച്ച സമാന നിലപാട് തന്നെയാണ് സ്വാമി അഗ്നിവേശിനെതിരെയുള്ള ആക്രമണത്തെ ന്യായീകരിക്കാനും ബി.ജെ.പി, ബി.ജെ.വൈ.എം നേതാക്കള്‍ ഉപയോഗിക്കുന്നത്. ആക്രമണത്തിന് ഇരയായവരുടെ മേലാണ് അവര്‍ കുറ്റം മുഴുവന്‍ ചാര്‍ത്തുന്നത്. ആക്രമണത്തിന് ഇരയായവരുടെ മതവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് തികഞ്ഞ സമാധാനപ്രിയരായ അക്രമികളെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ പ്രകോപിപ്പിച്ചതെന്നാണ് അവരുടെ വാദം. അതായത് ആക്രമണത്തിന് ഇരയായവരുടെ മേല്‍ രണ്ടു കുറ്റങ്ങളാണ് ചാര്‍ത്തപ്പെട്ടിട്ടുള്ളത്: ഒന്നാമതായി അവര്‍ കുറ്റം ചെയ്തു, രണ്ടാമതായി, ഒരിക്കല്‍ ചെയ്യാന്‍ കഴിയാത്ത ഒരു കാര്യം ചെയ്യാന്‍ ആള്‍ക്കൂട്ടത്തെ പ്രകോപിച്ചു.

ദുര്‍ബല മനസ്‌കരായ പഹാരിയകളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി ക്രിസ്തുമതത്തിലേക്ക് മതം മാറ്റാനും, അശാന്തി വിതക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സ്വാമി അഗ്നിവേശ് വന്നതെന്നാണ് ബി.ജെ.വൈ.എമ്മിന്റെ ആരോപണം. താന്‍ പങ്കെടുക്കുന്ന പരിപാടിയെ കുറിച്ച് പ്രാദേശിക ഭരണകൂടത്തെയും പോലിസിനെയും അറിയിക്കാത്തതിന് അവര്‍ സ്വാമിയെ പഴിചാരുന്നുണ്ട്. അത് സത്യമാണെന്ന് തന്നെ വെക്കുക, എന്നാല്‍ അതെങ്ങനെ അദ്ദേഹത്തിനെതിരെയുള്ള ആക്രമണത്തിന് കാരണമാവും? ആക്രമണം തടയുന്നതില്‍ മാത്രമല്ല, ആക്രമണത്തിന് ശേഷം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ എളുപ്പം കണ്ടെത്തുന്നതിലും പോലിസ് പൂര്‍ണ്ണമായും പരാജയപ്പെട്ടു. ആള്‍ക്കൂട്ടം യാദൃഛികമായി നടത്തിയ ഒരു ആക്രമണമാണ് അതെന്ന് കേവലമായി പറയാന്‍ പറ്റുമോ?

അക്രമികളുടെ ധൈര്യവും ആവേശവും ഒന്ന് കാണേണ്ടത് തന്നെയാണ്. സ്വാമി അഗ്നിവേശ് ഒരു ദേശീയ വ്യക്തിത്വമാണ്. അദ്ദേഹം പോലും ഇത്തരത്തില്‍ അതിക്രൂരമായി ആക്രമിക്കപ്പെടുകുയും കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്‌തെങ്കില്‍, എല്ലാ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും ആക്രമിക്കപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. ഭരണപാര്‍ട്ടിയുമായി ബന്ധമുള്ള ഈര്‍ക്കിലി സംഘടനകള്‍ വരെ സ്വയം കരുതുന്നത് അവരാണ് ഈ രാജ്യത്തെ പോലിസും സൈന്യവുമെന്നാണ്. രാജ്യദ്രോഹികള്‍, ദേശവിരുദ്ധര്‍ എന്നിവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യേണ്ട ചുമതല തങ്ങള്‍ക്കാണെന്നാണ് അവര്‍ വിചാരിക്കുന്നത്. അവര്‍ രാജ്യത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന കാലത്തോളം അവരെ ക്രിമിനലുകളെന്ന് ആരും വിളിക്കില്ല.

ഒരു മുസ്‌ലിമിനെ സംഘം ചേര്‍ന്ന് കൊന്നുകളഞ്ഞ കേസില്‍ പിടിക്കപ്പെട്ട പ്രതികളെ ഹൈകോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതിന്റെ പേരില്‍ അഭിനന്ദിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് ഒരു കേന്ദ്രമന്ത്രി കരുതുന്നത്. മറ്റൊരാളാകട്ടെ, ആള്‍ക്കൂട്ട കൊലപാതകത്തിലെ ഒരു പ്രതിയുടെ വീട്ടില്‍ പോയി ‘ഹിന്ദുക്കളെ’ സംരക്ഷിക്കാന്‍ തനിക്ക് കഴിയുന്നില്ലല്ലോ എന്ന് വിലപിച്ച് കണ്ണീരൊഴുക്കി. മരണപ്പെട്ട ഒരു കൊലപാതക കേസ് പ്രതിയുടെ ത്രിവര്‍ണ്ണ പതാക പുതപ്പിച്ച ഭൗതികശരീരത്തിന് മുന്നില്‍ നമ്രശിരസ്‌കനായി നില്‍ക്കുന്ന മറ്റൊരു മന്ത്രിയെയും നാം കണ്ടു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നവര്‍ക്ക് ഈ മന്ത്രിമാരുടെ പെരുമാറ്റം എന്ത് സന്ദേശമാണ് നല്‍കുന്നത്? ആള്‍ക്കൂട്ടം യഥാര്‍ഥത്തില്‍ ഭരണകൂടത്തിന്റെ ഭാഗമാണ് അല്ലെങ്കില്‍ ഭരണകൂടം ആള്‍ക്കൂട്ടത്തിനൊപ്പമാണ് എന്ന് പറയുന്നതില്‍ വല്ല തെറ്റുമുണ്ടോ?

ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ നിന്നും തന്ത്രപൂര്‍വ്വം അകന്നു നില്‍ക്കുമെങ്കിലും, ഭരണകൂടവും ഭരണപാര്‍ട്ടിയും എല്ലാവിധ പിന്തുണയും നല്‍കുമെന്ന സന്ദേശമാണ് അത് ആള്‍ക്കൂട്ട കൊലപാതകികള്‍ക്ക് നല്‍കുന്നത്. ഭരണകൂടത്തിന്റെയും പാര്‍ട്ടിയുടെയും പരിമിതികളെ കുറിച്ച് ആള്‍ക്കൂട്ടത്തിന് ബോധ്യമുണ്ട്. തന്റെ സഹോദരന്‍ നാഥുറാം ഗോഡ്‌സെയും മറ്റും മഹാത്മ ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നുവെങ്കിലും തങ്ങളുടെ സംഘടനയെ നാണംകെടുത്താന്‍ അവര്‍ തയ്യാറായിരുന്നില്ലെന്നും, അതിനാല്‍ ഒരു വിഷയത്തിലും അവര്‍ സംഘടനയെ ബന്ധപ്പെടുത്തിയിരുന്നില്ലെന്നും ഗോപാല്‍ ഗോഡ്‌സെ എഴുതിയിട്ടുണ്ട്. അതിലുപരി, നാഥുറാമില്‍ നിന്നും ഗോപാലില്‍ നിന്നും സംഘടന സ്വയം അകലം പാലിച്ചപ്പോഴും അവര്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല. സമാനമായി, ബാബരി മസ്ജിദ് ധ്വംസനത്തെ ആര്‍.എസ്.എസ്സും ബി.ജെ.പിയും തള്ളിക്കളഞ്ഞിരുന്നു.

അത്തരം ശക്തികള്‍ നടത്തുന്ന ഹിംസയുടെ ഒരു രൂപമാണ് ആള്‍ക്കൂട്ട കൊലപാതകമെന്ന് നാം നിര്‍ബന്ധമായും മനസ്സിലാക്കണം. ബാബരി മസ്ജിദ് ധ്വംസനത്തെയും അഖ്‌ലാക്ക്, പെഹ്‌ലു ഖാന്‍, ഖാസിം, സ്വാമി അഗ്നിവേശ് എന്നിവര്‍ക്ക് നേരെ നടന്ന ഹിംസയെയും നിങ്ങള്‍ എങ്ങനെയാണ് നോക്കികാണുന്നത്? അടിസ്ഥാപരമായി, അവയെല്ലാം ഒരേ വിഭാഗത്തില്‍പെടുന്നവയാണ്. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ നടന്ന അക്രമസംഭവങ്ങളില്‍ ഭൂരിഭാഗവും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ളവയാണ്. ആള്‍ക്കൂട്ടങ്ങള്‍ സര്‍വ്വസന്നാഹങ്ങളോടു കൂടി ഒരുക്കപ്പെട്ടവര്‍ തന്നെയാണ്. അവര്‍ നടത്തുന്ന കൊലപാതകങ്ങള്‍ക്ക് ആകസ്മികതയുടെയും യാദൃഛികതയുടെയും വര്‍ണം നല്‍കപ്പെടുന്നു. അതിന് വേണ്ട സാഹചര്യവും പശ്ചാത്തലവുമൊരുക്കാന്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം തന്നെയുണ്ട്.

ആള്‍ക്കൂട്ട കൊലപാതകം എന്ന പകര്‍ച്ചവ്യാധിക്കെതിരെ സുപ്രീംകോടതി ശക്തമായ നിലപാട് എടുത്തുകഴിഞ്ഞു. ആകസ്മികമെന്ന് പുറമേക്ക് തോന്നുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആഴത്തില്‍ രാഷ്ട്രീയ പ്രേരിതം തന്നെയാണ്. ചിന്താശേഷിയില്ലാത്ത ആളുകളെ അചിന്തനീയമായ കാര്യങ്ങള്‍ ചെയ്യുന്ന ആള്‍ക്കൂട്ടങ്ങളായി മാറ്റുക എന്നതാണ് ഈ രാഷ്ട്രീയത്തിന്റെ മുഖ്യപദ്ധതി. ആളുകളിലെ ഹിംസാത്മക പ്രവണത പുറത്തുവരാന്‍ ആവശ്യമായ കാരണങ്ങള്‍ അവര്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. അവരുടെ ഉള്ളിലെ പൈശാചിക വാസനകളെ അവര്‍ ഉണര്‍ത്തിക്കൊണ്ടേയിരിക്കും. ഒരിക്കല്‍ അവരുടെ കെണയില്‍ അകപ്പെട്ടു പോയാല്‍, അതോടെ വിവേചനബുദ്ധി നഷ്ടപ്പെടും. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങും.

ഹിംസയുടെ രാഷ്ട്രീയം ഇങ്ങനെയാണ് ആള്‍ക്കൂട്ടങ്ങളെ ക്രിമിനലുകളാക്കി മാറ്റുന്നത്. സാഹചര്യത്തിന്റെ തടവുകാരായി അവര്‍ മാറും. ഈ കുറ്റകൃത്യത്തിനെതിരെ സംസാരിക്കുന്നവര്‍ ശത്രുക്കളായി കണക്കാക്കപ്പെടും.

ആള്‍ക്കൂട്ട കൊലപാതകങ്ങളെ സംബന്ധിച്ച് സുപ്രീംകോടതി ശക്തമായ താക്കീത് പുറപ്പെടുവിച്ച അതേദിവസം തന്നെയാണ് സ്വാമി അഗ്നിവേശിനെതിരെ ആക്രമണം നടന്നത്. ഭരണത്തിലിരിക്കുന്നവര്‍ അതിനും നിയമസാധുത നല്‍കി. പിന്നെ എങ്ങനെയാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തടയാന്‍ കഴിയുക? നിയമങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും, പക്ഷേ ഹിംസയാല്‍ തഴച്ചുവളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തെയാണ് നേരിടാനുള്ളത്. ഈ സംസ്‌കാരത്തിന്റെ രക്ഷാധികാരികളും നേതാക്കളും രാഷ്ട്രീയ അധികാരത്തില്‍ ഇരിക്കുന്ന കാലത്തോളം, സുപ്രീംകോടതി പറഞ്ഞത് നടപ്പാക്കുക എന്നതാണ് തീര്‍ത്തും അസാധ്യമാണ്.

(ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകനാണ് ലേഖകന്‍.)

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

 

Related Articles