Onlive Talk

ഇസ്‌ലാമിലെ ജിഹാദ്: കുളം കലക്കി മീന്‍ പിടിക്കുന്നവര്‍

നഫീസത്തയുടെ വിഷയം മരുമകള്‍ സജ്നയാണ്. മറ്റൊരു പണിയും അവര്‍ക്കിപ്പോഴില്ല. മരുമകളുടെടെ പിന്നാലെ ഭൂതക്കണ്ണാടി വെച്ച് നോക്കലാണ് മുഖ്യ ജോലി. അങ്ങിനെ മറ്റൊരു കാരണം കൂടി അവര്‍ക്കു കിട്ടി. ഉടനെ അവര്‍ മകന്‍  നജീബിന് എഴുതി അറിയിച്ചു ‘സജ്ന  വെള്ളം കൊണ്ടാണ് കുട്ടിയെ കുളിപ്പിക്കുന്നത്, കുട്ടിക്ക് മുല കൊടുക്കുന്നത് ഇരുന്നിട്ടാണ്, അരിമാവ് കുറുകിയാണ് നല്‍കുന്നത് …………………… ഇതൊന്നും കണ്ടിട്ട് ഉമ്മാക്ക് ഇവിടെ നില്‍ക്കാന്‍ വയ്യ. ഉടനടി ഒരു തീരുമാനം വേണം’. കാത്തു വായിച്ച നജീബിന്റെ രക്തം തിളച്ചു. ഒന്നും നോക്കാതെ അവന്‍ ഫോണ്‍ കയ്യിലെടുത്തു. പെട്ടെന്നാണ് അവനു ബോധം വന്നത്. ‘വെള്ളം കൊണ്ടല്ലാതെ പിന്നെ എന്ത് കൊണ്ടാ കുളിപ്പിക്കുക’

ബഹുമാന്യനായ ഹമീദ് ചേന്ദമംഗല്ലൂര്‍ സാഹിബ് ഇന്നലെ ഒരു ചാനലില്‍ അടിച്ചു കസറുകയായിരുന്നു. വിഷയം അഭിമന്യൂ കൊലയാണ്. പക്ഷെ സാധാരണ പോലെ അദ്ദേഹം ചെന്ന് നിന്നതു മൗദൂദിയിലും. സാക്കിര്‍ നായിക്കിനെതിരെ അദ്ദേഹം ഒരു വലിയ ആരോപണം ഉന്നയിക്കുന്നു. മറ്റൊന്നുമല്ല, ‘സ്വര്‍ഗ്ഗ പ്രവേശനത്തിന് ഇസ്ലാം നിര്‍ബന്ധമാണ്’ എന്നദ്ദേഹം പറഞ്ഞത്രേ. ‘നഫീസത്തയുടെ കത്തു പോലെയാണ് പലപ്പോഴും അദ്ദേഹം ഇസ്ലാമിനെ കണ്ടത്.

ജിഹാദ് നിര്‍ബന്ധമാണ് എന്ന് മൗദൂദി പറഞ്ഞു എന്നൊരു താങ്ങും. ഒരാള്‍ ഇസ്ലാമാകാന്‍ വേണ്ടതും ഇസ്ലാമായാല്‍ ആവശ്യമായി വരുന്നതും അദ്ദേഹം മൗദൂദിയുടെ തലയില്‍ കെട്ടിവെച്ചു. ജിഹാദ് എന്നത് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. അതിനേക്കാള്‍ കൂടുതല്‍ പലരെയും തെറ്റിദ്ധരിപ്പിച്ചിട്ടുമുണ്ട്. ഹമീദ് സാഹിബിനെ പോലുള്ളവര്‍ പോലും അത് മനസ്സിലാക്കിയ രീതി കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഒന്നുകില്‍ അദ്ദേഹം ജിഹാദ് എന്തെന്ന് വായിച്ചിട്ടില്ല. അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും മറ്റാര്‍ക്കോ വേണ്ടി തെറ്റിദ്ധരിപ്പിക്കല്‍ തുടരുന്നു.

തമാശ അതല്ല ഹമീദ് അവര്‍കളുടെ വിടുവായത്തങ്ങള്‍ക്കു പ്രതികരിക്കാന്‍ ആ സദസ്സില്‍ ആരുമുണ്ടായില്ല. ഒരു ഇടതുപക്ഷ ചാനല്‍ എന്നതിനാല്‍ അത്തരക്കാരെ വിളിക്കാതിരിക്കുക എന്ന സാമാന്യ മര്യാദ അവരും കാണിക്കും. സയ്യിദ് മൗദൂദിയല്ല ജിഹാദ് നിര്‍ബന്ധം എന്ന് പറഞ്ഞത് അത് ഖുര്‍ആന്‍ തന്നെ നേരിട്ട് പറഞ്ഞതാണ്. നരക ശിക്ഷയില്‍ നിന്നും രക്ഷ നേടാന്‍ പറഞ്ഞ കാരണങ്ങളില്‍ ഒന്ന് ധനം കൊണ്ടും ശരീരം കൊണ്ടും ദൈവിക മാര്‍ഗത്തിലെ ജിഹാദാണ്. ‘നിങ്ങള്‍ ദൈവിക മാര്‍ഗത്തില്‍ ജിഹാദ് ചെയ്യണം’ എന്നതും മറ്റൊരിടത്തു ഖുര്‍ആന്‍ പറയുന്നു. ‘നിങ്ങള്‍ ഇബ്രാഹിം പാരമ്പര്യം മുറുകെ പിടിച്ചു കൊണ്ട് ശരിയായ രീതിയില്‍ ജിഹാദ് ചെയ്യണം’.അപ്പോള്‍ ജിഹാദ് എന്നത് ഖുര്‍ആനിന്റെ നിര്‍ദ്ദേശമാണ്.

ഏതോ ചില സാമൂഹിക വിരുദ്ധര്‍ നടത്തിയ കാമ്പസ് കൊലപാതകത്തിന് കാരണം ഇസ്ലാമിലെ ജിഹാദാണ് എന്ന് പറയാനാണ് പലര്‍ക്കും താല്‍പര്യം. ഇസ്ലാമിലെ ജിഹാദ് ആളെ കൊല്ലലല്ല എന്ന് മനസ്സിലാക്കാന്‍ ജിഹാദ് അതിന്റെ സ്ഥാനത്തു നിന്നും പഠിക്കണം.  ഇബ്രാഹിം നബി ജിഹാദിന്റെ പേരില്‍ ആരെയും കൊന്നില്ല. സമ്പൂര്‍ണമായ ത്യാഗ പരിശ്രമമാണ് ജിഹാദ്. യുദ്ധം സമം ജിഹാദ് എന്നല്ല യുദ്ധത്തിന്റെ ഒരു ഭാഗം മാത്രമാണ് ജിഹാദ്.  ജിഹാദ് തെമ്മാടികളുടെ വഴിയല്ല അത് വിശ്വാസികളുടെ ജീവിത രീതിയാണ്.

ഇസ്ലാം കേവലം ഒരു മതമല്ല എന്ന് മൗദൂദി സാഹിബ് പറഞ്ഞു എന്നതാണ് മറ്റൊരു ആരോപണം. കേവലം ഒരു മതം പലപ്പോഴും മോക്ഷത്തെ കുറിച്ച് മാത്രം സംസാരിക്കുന്നു. അത് പലപ്പോഴും ഈ ലോകത്തെ അവഗണിക്കുന്നു. ഇസ്ലാം ഈ ലോകത്തെയും അതിനു ശേഷമുള്ള ലോകത്തെയും കുറിച്ച് സംസാരിക്കുന്നു. അത് കേവലം സംസാരമല്ല. അതിനപ്പുറം ഈ ലോകത്തെ ജീവിതമാണ് അതിനു ശേഷമുള്ള ജീവിതത്തിലെ അടിസ്ഥാനം എന്നും പഠിപ്പിക്കുന്നു.

അപ്പോള്‍ ഈ ലോകത്തു മനുഷ്യന്‍ ദൈവത്തെ ആരാധിക്കുക എന്നത് മാത്രമല്ല അനുസരിക്കുക എന്നത് കൂടി ആവശ്യമാണ്. എല്ലാവരും ഒരേ ദൈവത്തിന്റെ അടിമകള്‍ എന്നതിലേക്ക് വരുമ്പോള്‍ ആര്‍ക്കും ആരുടെ മേലിലും അനര്‍ഹമായ അധികാരം ഇല്ലെന്നു വരും. ഇത് മൂന്നും കൂടി ചേര്‍ന്ന ഒന്നാണ് ഇസ്ലാം. അത് നേടിയെടുക്കാനായുള്ള വഴിയാണ് ജിഹാദ്. ജീവിതത്തെ ഈ മാര്‍ഗത്തില്‍ പൂര്‍ണ സജ്ജമാക്കുന്ന നിലപാട്.  

അത് ഇരുട്ടിനു മറവില്‍ ആളുകളുടെ വയറ്റിലേക്ക് കത്തി ഇറക്കലല്ല. ജീവനുള്ള മനുഷ്യനെ അനേകം വെട്ടു വെട്ടി കൊല്ലലുമല്ല.  ഇസ്ലാമിനെ കുറിച്ച വിഷയത്തില്‍ പലരും നഫീസത്തയുടെ നിലവാരത്തിലാണ്. ഒന്ന് ചിന്തിക്കാന്‍ സമയം കണ്ടെത്തി എന്നതാണ് നജീബ് ചെയ്ത നല്ല കാര്യം. പലരുടെയും വിടുവായത്തങ്ങള്‍ ഒരു വേള ഇരുന്നു ചിന്തിച്ചാല്‍ ആര്‍ക്കും പെട്ടെന്നു മനസ്സിലാവും.

 

Facebook Comments
Show More

Related Articles

Close
Close