Current Date

Search
Close this search box.
Search
Close this search box.

പ്രതിപക്ഷ മേയര്‍ അടക്കം 82 പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ടുമായി തുര്‍ക്കി

അങ്കാറ: ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കുര്‍ദിഷ് അനുകൂല പ്രക്ഷോഭം സംഘടിപ്പിച്ചതിന് പ്രതിപക്ഷത്തിരിക്കുന്ന മേയര്‍ അടക്കം 82 പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുര്‍ക്കി. വെള്ളിയാഴ്ച തുര്‍ക്കി പ്രാദേശിക മാധ്യമങ്ങളാണ് തുര്‍ക്കി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2014 ഒക്ടോബറിലായിരുന്നു തെക്കുകിഴക്ക് തുര്‍ക്കിയില്‍ കുര്‍ദ് അനുകൂലികള്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. സിറിയന്‍ അതിര്‍ത്തിക്കപ്പുറത്ത് കോബാനെ നഗരത്തില്‍ തുര്‍ക്കി സൈന്യം ഇസ്ലാമിക് സ്‌റ്റേറ്റിനായി നിലകൊള്ളുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഐ.എസ് കൈയേറിയ കുര്‍ദ് സിറിയന്‍ നഗരമാണ് കോബാനെ.

സമരം സംഘര്‍ഷത്തിലാണ് കലാശിച്ചത്. പ്രതിഷേധക്കാരും പൊലിസും തമ്മില്‍ കലാപമുണ്ടായി. 37 പേര്‍ കൊല്ലപ്പെടാനിടയായി. തെക്കുകിഴക്കന്‍ നഗരങ്ങളില്‍ നടന്ന സഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഈ സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന 82 പേര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് തുര്‍ക്കി ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

തുര്‍ക്കി തലസ്ഥാനത്തും മറ്റ് ആറ് പ്രവിശ്യകളിലും പോലീസ് അന്വേഷണം നടത്തിവരികയായിരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Related Articles