Current Date

Search
Close this search box.
Search
Close this search box.

മറ്റുള്ളവരും ജയില്‍ മോചിതരായാലെ എന്റെ സന്തോഷം പൂര്‍ണമാവൂ: അഹദ് തമീമി

വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന മറ്റു ഫലസ്തീനികളും ജയില്‍ മോചിതരാവുന്നത് വരെ എന്റെ സന്തോഷം പൂര്‍ണമാവില്ലെന്ന് കഴിഞ്ഞ ദിവസം ജയില്‍ മോചിതയായ ഫലസ്തീന്‍ ആക്റ്റിവിസ്റ്റ് അഹദ് തമീമി.

ജയിലില്‍ കഴിയവെ പുറത്ത് തനിക്ക് പിന്തുണ നല്‍കിയ മുഴുവന്‍ പേര്‍ക്കും തമീമി നിറകണ്ണുകളോടെ നന്ദി പറഞ്ഞു. ”എന്റെ കുടുംബത്തിന്റെ കൈകളില്‍ എത്തിയതില്‍ എനിക്ക് അത്യധികം സന്തോഷമുണ്ട്. എന്നാല്‍ ആ സന്തോഷം പൂര്‍ണമല്ല. മറ്റുള്ളവര്‍ ഇപ്പോഴും ഇസ്രായേലിന്റെ അഴികള്‍ക്കുള്ളിലാണ്. ഫലസ്തീനിലെ എന്റെ സഹോദരിമാര്‍ ഇപ്പോള്‍ എന്റെ കൂടെയില്ല. അവരും ഉടന്‍ ജയില്‍ മോചിതരാവുമെന്നാണ് എന്റെ പ്രതീക്ഷ”. അഹദ് തമീമി മാധ്യമങ്ങളോട് പറഞ്ഞു. ഫലസ്തീനു വേണ്ടി ഒത്തൊരുമിച്ച് നില്‍ക്കണമെന്നും ജയിലുകളില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി ശബ്ദമുയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനത അവരുടെ അവകാശ പോരാട്ടം തുടരണം. അധിനിവേശ ശക്തികളെ നാടു കടത്തണം. അവസാനമായി ജനങ്ങള്‍ക്കായിരിക്കണം അധികാരം. തമീമി കൂട്ടിച്ചേര്‍ത്തു. തന്റെ ജന്മനാടായ നബി സാലെഹില്‍ അവരെ സ്വീകരിക്കാന്‍ വന്‍ പുരുഷാരം തന്നെ ഒത്തുകൂടിയിരുന്നു. തമീമിയുടെ ഉമ്മ നരിമാനും അവരോടൊപ്പം ജയില്‍ മോചിതയായിരുന്നു.

ഓഗസ്റ്റ് 19നാണ് തമീമിയുടെ ജയില്‍ ശിക്ഷ അവസാനിക്കുകയെന്നും എന്നാല്‍ ഈ ആഴ്ച അവരെ ജയിലില്‍ നിന്നും വിട്ടയച്ചേക്കുമെന്നും അവരുടെ പിതാവ് ബാസിം തമീമി നേരത്തെ അറിയിച്ചിരുന്നു.

2017 ഡിസംബറിലാണ് തമീമിയെ ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്തത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഗ്രാമമായ നബിസാലിഹിലെ ഇവരുടെ വീട്ടിലേക്ക് രാത്രി അതിക്രമിച്ചു കയറിയാണ് സൈന്യം തമീമിയെയും സഹോദരനെയും ഉമ്മയെയും അറസ്റ്റു ചെയ്തത്. ഇസ്രായേല്‍ സൈന്യത്തിന്റെ മുഖത്തടിക്കുന്ന തമീമിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

റബ്ബര്‍ ബുള്ളറ്റ് കൊണ്ട് തന്റെ സഹോദരന്റെ തലക്കു വെടിവച്ച ഇസ്രായേല്‍ സൈന്യത്തിനെതിരേ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു തമീമി പട്ടാളക്കാരന്റെ മുഖത്തടിച്ചത്. സൈന്യത്തിനു നേരെ കൈയേറ്റശ്രമം,കല്ലെറിയാന്‍ പ്രേരിപ്പിക്കുക,കൈയേറ്റത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക,അതിന് പ്രേരണ നല്‍കുക തുടങ്ങിയ 14ഓളം കുറ്റങ്ങള്‍ ചുമത്തി എട്ടു മാസമാണ് ശിക്ഷ വിധിച്ചത്. അറസ്റ്റിനെതിരെ അമേരിക്ക,ബ്രിട്ടന്‍,പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം വ്യാപക പ്രതിഷേധങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു.

Related Articles