Current Date

Search
Close this search box.
Search
Close this search box.

ശൈഖ് അബ്ദുറഹ്മാൻ അബ്ദുൽ ഖാലിഖ് അല്ലാഹുവിലേക്ക് യാത്രയായി

കുവൈത്തിലെ പ്രഗത്ഭ സലഫി പണ്ഡിതൻ ശൈഖ് അബ്ദുറഹ്മാൻ അബ്ദുൽ ഖാലിഖ് അല്ലാഹുവിലേക്ക് യാത്രയായി. ഇന്നാ ലില്ലാഹ്… കൂടുതലൊന്നും വായിച്ചിട്ടില്ലെങ്കിലും, വായിച്ച പഠനങ്ങളിലെ അവതരണ മികവ് കൊണ്ടും ആകർഷകമായ ശൈലികൊണ്ടും ഉള്ളടക്കം കൊണ്ടും നിലപാട് കൊണ്ടും ഇഷ്ടപ്പെട്ടുപോയ പണ്ഡിതനായിരുന്നു ഈയുള്ളവനെ സംബന്ധിച്ചേടത്തോളം ശൈഖ് അബ്ദുർറഹ്മാൻ അബ്ദുൽ ഖാലിഖ്.

സലഫി മാർഗത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ സലഫികൾക്കും ഇഖ് വാനികൾക്കും ഇടയിലുള്ള ‘മൻഹജ്’ പരമായ അഭിപ്രായവ്യത്യാസങ്ങളെ സങ്കുചിതത്വങ്ങളിൽനിന്ന് അടർത്തിമാറ്റി വിശാല മനസ്സോടെ നോക്കിക്കാണുകയും, സഹകരണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും വഴികളെക്കുറിച്ച് ഉറക്കെ സംസാരിക്കുകയും ചെയ്ത മഹാ പണ്ഡിതനായിരുന്നു അദ്ദേഹം.

1939 ൽ ഈജിപ്തിലായിരുന്നു ജനനം. ഉപരി പഠനം മദീന യൂണിവേഴ്സിറ്റിയിൽ. 1965 മുതൽ 1980 വരെ കുവൈത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കുവൈറ്റ് ഇഹ് യാഉത്തുറാസിൽ ഇസ്‌ലാമിയ്യയുടെ പ്രമുഖ സ്ഥാനമലങ്കരിച്ച അദ്ദേഹത്തിന് 2011ൽ കുവൈത്ത് പൗരത്വവും ലഭിക്കുകയുണ്ടായി. വിനയാന്വിതൻ, മിതഭാഷി, ഭക്തൻ… തന്റെ ആശയക്കാരല്ലാത്തവരെയെല്ലാം അഹ്‌ലുസ്സുന്നയിൽനിന്ന് പുറത്താക്കുന്ന, സലഫികൾക്കിടയിൽ ഉയർന്നുവന്ന അപകടകരമായ ‘ഹിസ്ബിയ്യത്തി’നെതിരെ അദ്ദേഹം പടപൊരുതി. ആ വിഷയത്തിൽ റബീഇബ്നു ഹാദി അൽമദ്ഖലിയെപ്പോലുള്ള തന്റെ സഹപാഠികളിൽനിന്ന് രൂക്ഷവും അമാന്യവുമായ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും, തന്റെ മുൻഗാമികളായ പ്രഗത്ഭ സലഫി പണ്ഡിതരുടെ നിലപാടുകൾ ഓർമപ്പെടുത്തിക്കൊണ്ടുള്ള കൃത്യവും വ്യക്തവുമായ മറുപടികളിലൂടെ അദ്ദേഹം തന്റെ വീക്ഷണത്തിൽ ഉറച്ചുനിന്നു.

അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷിയായ സയ്യിദ് ഖുതുബിനെയും ഹസനുൽ ബന്നയെയുമെല്ലാം അതിരൂക്ഷമായി വിമർശിക്കുകയും വഴിപിഴച്ചവരായി മുദ്രയടിക്കുകയും ചെയ്യുന്ന തീവ്രനവസലഫിസത്തെ ശക്തമായി പ്രതിരോധിച്ചു. പ്രവാചക പ്രബോധനത്തെ അരാഷ്ട്രീയവൽക്കരിക്കുവാൻ കിണഞ്ഞു ശ്രമിച്ച മദ്ഖലിയുടെ ആത്യന്തിക വാദങ്ങളിലെ അപകടവും അർത്ഥശൂന്യതയും തുറന്നുകാട്ടി. സയ്യിദ് മൗദൂദിയെപ്പോലുള്ള പണ്ഡിതന്മാർ ഇസ്‌ലാമിക സമൂഹത്തിന് ചെയ്ത സേവനങ്ങൾ നന്ദിപൂർവം അനുസ്മരിച്ചു. ഉറച്ച സലഫിയായിരുന്നിട്ടും ഇക്കാരണത്താൽ മാത്രം തീവ്രനവസലഫികൾ അദ്ദേഹത്തെ ഇഖ്‌വാനി ചാരൻ എന്ന് വിളിച്ചു!  സംഘടനാ സങ്കുചിതത്വം പരിധിവിടുന്ന ഇക്കാലത്ത്, അഭിപ്രായവ്യത്യാസങ്ങളുള്ള വിഷയങ്ങളിൽ തന്റെ വീക്ഷണത്തിനപ്പുറമുള്ള നിലപാട് സ്വീകരിക്കുന്നവരെ എങ്ങനെയൊക്കെ ഉൾക്കൊള്ളാം എന്ന കാര്യത്തിൽ നല്ലൊരു മാതൃകയാണ് ശൈഖ് അബ്ദുർറഹ്മാൻ അബ്ദുൽ ഖാലിഖ്.

കേരളീയ മുസ്‌ലിം സംഘടനകൾക്കിടയിൽ വളരെയേറെ ചർച്ചചെയ്യപ്പെട്ട പണ്ഡിതനാണ് ശൈഖ് അബ്ദുർറഹ്മാൻ അബ്ദുൽ ഖാലിഖ്. ജമാഅത്ത്-മുജാഹിദ് പ്രവർത്തകരിൽ വായനാശീലമുള്ളവർക്കിടയിൽ സുപരിചിതൻ. തൗഹീദിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഒട്ടും മടുപ്പുളവാക്കാത്ത വിധം ആകർഷകവും പുതുമയുള്ളതുമായ ശൈലിയിൽ എഴുതുവാൻ പ്രത്യേക പ്രാവീണ്യം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അത്തരം രചനകളിൽ ചിലത് 1980 കളിൽ മുഹ്‌യുദ്ധീൻ ഉമരി പരിഭാഷപ്പെടുത്തി മുജാഹിദുകളുടെ അൽമനാർ മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. ഈയുള്ളവന്റെ അറിവനുസരിച്ച് കേരളീയ മുസ്‌ലിം സമൂഹം ശൈഖ് അബ്ദുർറഹ്മാൻ അബ്ദുൽ ഖാലിഖിനെ പരിചയപ്പെടുന്നത് അങ്ങനെയാണ്.

‘സലഫി പ്രസ്ഥാനം അടിസ്ഥാന സിദ്ധാന്തങ്ങൾ’ എന്ന പേരിലുള്ള പ്രസ്തുത ലേഖനപരമ്പരയിൽ തൗഹീദിന്റെ ഭരണ-രാഷ്ട്രീയ മേഖലകളുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ പരാമർശങ്ങൾ കാണാൻ സാധിക്കും. ‘നിയമം നിർമിക്കാനുള്ള അധികാരം അല്ലാഹുവിനല്ലാതെ മറ്റാർക്കുമില്ല. അല്ലാഹു പറഞ്ഞു: ‘ഇനിൽ ഹുക്മു ഇല്ലാ ലില്ലാഹ്.’ അല്ലാഹുവിന്റെ ശരീഅത്തിനെ അവലംബമാക്കാതെയും അതിന്റെ അന്തസത്ത ഉൾക്കൊള്ളാതെയും മനുഷ്യരുടെ ഭൗതിക കാര്യങ്ങളിൽ നിയമനിർമാണത്തിനുള്ള പരമാധികാരം ഒരുത്തനുണ്ടെന്ന് ഒരാൾ വിശ്വസിച്ചാൽ അവൻ അല്ലാഹുവല്ലാത്തവർക്ക് ഇബാദത്ത് ചെയ്യുകയും വ്യക്തമായ ശിർക്കിൽ അകപ്പെടുകയും ചെയ്തതുതന്നെ!’ എന്ന 1988 സെപ്തംബർ മാസത്തെ അൽമനാറിൽ വന്ന വാചകം ഇപ്പോഴും നാവിൽ തത്തിക്കളിക്കുന്നു.

ചെറുതും വലുതുമായ അറുപതിൽപരം ഗ്രന്ഥങ്ങളുടെ കർത്താവാണ് ശൈഖ് അബ്ദുർറഹ്മാൻ അബ്ദുൽ ഖാലിഖ്. തൗഹീദിനെ സമഗ്രമായി ഉൾക്കൊള്ളുകയും പ്രബോധനം നടത്തുകയും ചെയ്തപോലെ, ഇസ്ലാമിന്റെ വിവിധവശങ്ങൾ ആധികാരികമായി വിശദീകരിക്കുന്ന നിരവധി പഠനങ്ങളും ഗ്രന്ഥങ്ങളും ഫത്‌വകളും അദ്ദേഹത്തിന്റേതായി വേറെയുമുണ്ട്‌. മുസ്‌ലിം ന്യൂനപക്ഷ കർമശാസ്ത്രത്തിലും ശ്രദ്ധേയമായ അഭിപ്രായങ്ങളാണ് അദ്ദേഹത്തിന്റേത്. ശൈഖുമായുള്ള അഭിമുഖവും, മദ്ഖലിയുടെ വിമർശനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലെ അദ്ദേഹത്തിന്റെ ഒരു ലഘുകൃതിയുടെ സംഗ്രഹവുമുൾകൊള്ളുന്നതാണ് അബ്ദുസ്സലാം അഹ്‌മദ്‌ പരിഭാഷപ്പെടുത്തി ഐപിഎച്ച് പ്രസിദ്ധീകരിച്ച ‘സലഫിസത്തിന്റെ സമീപനങ്ങൾ’ എന്ന പുസ്തകം. മദ്ഹബുകളോടുള്ള സലഫി നിലപാടുകളും മറ്റും വിശദീകരിക്കുന്ന ഒരു പുസ്തകം ‘യുവത’യും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ബോധന’ത്തിലൂടെയും ‘പ്രബോധന’ത്തിലൂടെയും ‘ഇബാദത്ത് ഒരു സമഗ്ര പഠന’ത്തിലൂടെയും മറ്റും പുറത്തുവന്ന അദ്ദേഹത്തിന്റെ പഠനങ്ങളും ഫത്‌വകളുമെല്ലാം മലയാളകരയിലെ ദീനീ സ്നേഹികളുടെ വിജ്ഞാന ദാഹം ശമിപ്പിക്കുന്നതായിരുന്നു.

ആ മഹാനുഭാവനും നമ്മെ വിട്ടുപിരിഞ്ഞു. വിജ്ഞാന താരകങ്ങൾ ഓരോന്നായി അസ്തമിക്കുമ്പോൾ ഉയർത്തപ്പെടുന്നത് അറിവാണ്. നാം അനന്തരമെടുക്കേണ്ടതും അതുതന്നെ. ശൈഖ് അബ്ദുർറഹ്മാൻ അബ്ദുൽ ഖാലിഖിന് അല്ലാഹു മഗ്ഫിറതും മർഹമതും നൽകി അനുഗ്രഹിക്കട്ടെ.

Related Articles