Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇക്കുള്ള ആയുധ വിതരണത്തിനെതിരെ യു.എസ് സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: അമേരിക്ക യു.എ.ഇയുമായുണ്ടാക്കിയ ആയുധ വിപണനം കരാറിനെതിരെ ഏതാനും യു.എസ് സെനറ്റര്‍മാര്‍ രംഗത്ത്. ട്രംപ് ഭരണകൂടം യു.എ.ഇയുമായുണ്ടാക്കിയ 23 ബില്യണ്‍ ഡോളറിന്റെ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് സെനറ്റര്‍മാരാണ് പ്രതിഷേധമറിയിച്ചത്.

ട്രംപ് അധികാരമൊഴിയുന്നതിന് മുന്‍പായി ആയുധ ഇടപാട് നടത്താനാണ് നീക്കം. ഡ്രോണുകളും മറ്റ് അത്യാധുനിക യുദ്ധോപകരണങ്ങളും യു.എ.ഇക്ക് കൈമാറാനാണ് ധാരണ. ഈ നീക്കം നിര്‍ത്തിവെക്കണമെന്നാണ് ഡെമോക്രാറ്റിക് സെനറ്റര്‍മാരായ ബോബ് മെനെന്‍ഡെസ്, ക്രിസ് മര്‍ഫി, റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ എന്നിവര്‍ ആവശ്യപ്പെട്ടത്. മൂന്ന് വ്യത്യസ്ത പ്രമേയങ്ങളിലൂടെയാണ് ആവശ്യമുന്നയിച്ചത്. എഫ് 35 യുദ്ധ വിമാനങ്ങളും മിസൈലുകളുമെല്ലാം ഈ കരാറില്‍ ഉള്‍പ്പെടുന്നുണ്ട്.

സാധാരണ കോണ്‍ഗ്രസ് അവലോകന പ്രക്രിയയെ മറികടന്നാണ് അത്യാധുനിക ആയുധങ്ങള്‍ യു.എ.ഇക്ക് വില്‍ക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നും സെനറ്റംഗങ്ങള്‍ കുറ്റപ്പെടുത്തി. യു.എ.ഇയുടെ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇവര്‍ ബുധനാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

Related Articles