Current Date

Search
Close this search box.
Search
Close this search box.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഇസ്‌ലാമോഫോബിയക്കെതിരെ ബ്രിട്ടീഷ് മുസ്‌ലിംകള്‍

ലണ്ടന്‍: ബ്രിട്ടനിലെ ഭരണപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഇസ്ലാം വിരുദ്ധ നിലപാടിനും പരാമര്‍ശത്തിനും എതിരെ ബ്രിട്ടീഷ് മുസ്‌ലിംകള്‍ രംഗത്ത്. 300ഓളം വരുന്ന ഉന്നത തല ഉദ്യോഗസ്ഥരടക്കമുള്ള മുസ്ലിംകളാണ് പ്രസ്താവനയില്‍ കേസെടുത്ത് അന്വോഷണം നടത്തണമെന്നാവശ്യപ്പെട്ടത്.

മുഖം മറക്കുന്ന മുസ്‌ലിം സ്ത്രീകളെകുറിച്ച് സഞ്ചരിക്കുന്ന എഴുത്ത് പെട്ടികളാണെന്ന മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായ ബോറിസ് ജോണ്‍സന്റെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. നിഖാബ് ധരിച്ച സ്ത്രീകളെ കണ്ടാല്‍ ബാങ്ക് കൊള്ളക്കാരെപോലുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പാര്‍ട്ടിയിലെ മറ്റു എം.പിമാരും പ്രസ്താവനക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും പരാമര്‍ശം പിന്‍വലിക്കാനോ മാപ്പ് പറയാനോ അദ്ദേഹം തയാറായില്ല. ഇമാമുമാര്‍, പണ്ഡിതര്‍,അധ്യാപകര്‍,മറ്റു ജീവനക്കാര്‍ എന്നിവരടങ്ങിയ കൂട്ടായ്മയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. തുറന്ന കത്തിലൂടെയായിരുന്നു പ്രതിഷേധം.

യു.കെയില്‍ ഇസ്ലാമോഫോബിയ മുഖ്യധാരയിലേക്ക് കടന്നു വരുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തയാറായിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം പാര്‍ട്ടിയും ഈ പരാമര്‍ശത്തെയും ഇസ്ലാമോഫോബിയയെയും പിന്തുണക്കുന്നു എന്നാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നേരത്തെ ലണ്ടന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സാക് ഗോള്‍ഡ്‌സ്മിത്തും പാര്‍ട്ടിയിലെ മറ്റു എം.പിമാരും ഇത്തരത്തില്‍ പ്രസ്താവന നടത്തിയിരുന്നു.

Related Articles