Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനുള്ള പിന്തുണ തുടരുമെന്ന് യു.എ.ഇയും ബഹ്‌റൈനും

അബൂദബി: ഇസ്രായേലുമായി നയതന്ത്ര കരാറില്‍ ഏര്‍പ്പെട്ടെങ്കിലും ഫലസ്തീനും അവിടുത്തെ ജനതക്കും നല്‍കുന്ന പിന്തുണ തുടരുമെന്ന് യു.എ.ഇയും ബഹ്‌റൈനും അറിയിച്ചു. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ ആണ് മാധ്യമങ്ങളോട് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

സ്വതന്ത്ര രാഷ്ട്രമെന്ന പലസ്തീന്‍ ജനതയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒപ്പം നില്‍ക്കും. സമാധാനത്തിനു വേണ്ടിയുള്ള നീക്കങ്ങള്‍ക്കാണ് യു.എ.ഇ മുന്‍കൈയെടുത്തിരിക്കുന്നത്. വെസ്റ്റ്ബാങ്കിലെ കൂട്ടിച്ചേര്‍ക്കലുകള്‍ നിര്‍ത്തിവെക്കുമെന്ന് ഇസ്രയേല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ സമാധാനമാണ് കരാറിലൂടെ തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഫലസ്തീനുള്ള പിന്തുണ തുടരുമെന്ന് അറിയിച്ചു. അതേസയമയം, പശ്ചിമേഷ്യയിലെ അഞ്ച് രാജ്യങ്ങള്‍ കൂടി ഇസ്രയേലുമായി സമാധാന കരാര്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ചൊവ്വാഴ്ച വാഷിങ്ടണില്‍ വെച്ചാണ് യു.എ.ഇ,ബഹ്‌റൈന്‍ രാഷ്ട്ര നേതാക്കള്‍ ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്. ട്രംപിന്റെ നേതൃത്വത്തിലായിരുന്നു കരാര്‍. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി,ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരാണ് പരസ്പരം കരാറില്‍ ഒപ്പുവെച്ചത്. കരാറിനെതിരെ ഫലസ്തീനിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.

ആദ്യമായിട്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത്. പശ്ചിമേഷ്യയിലെ കൂടുതല്‍ രാജ്യങ്ങള്‍ യു.എ.ഇക്കും ബഹ്‌റൈനും പിന്നാലെ ഇസ്രായേലുമായി ബന്ധം പുന:സ്ഥാപിക്കും എന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്. ഇതിനായി കൊണ്ടുപിടിച്ച ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നത്. നേരത്തെ ഈജിപ്ത്,ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ മാത്രമാണ് ഇസ്രായേലുമായി നയതന്ത്രം ബന്ധം സ്ഥാപിച്ചിരുന്നത്.

 

Related Articles