Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഇസ്രായേല്‍ ബന്ധം: അവരുടെ തീരുമാനാധികാരമെന്ന് ഖത്തര്‍

ദോഹ: ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിലേര്‍പ്പെട്ട ബഹ്‌റൈന്‍, യു.എ.ഇ എന്നീ ഗള്‍ഫ് രാഷ്ട്രങ്ങളുടെ നിലപാട് പൂര്‍ണമായും അവരുടെ അധികാരപരിധിയില്‍പ്പെട്ടതാണെന്നും അക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു നിലപാടുമില്ലെന്നും ഖത്തര്‍ പറഞ്ഞു. ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയാണ് ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

ഈഴാഴ്ച നടന്ന ഗ്ലോബല്‍ സെക്യൂരിറ്റി ഫോറം സംഘടിപ്പിച്ച വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം പരിഹരിക്കുന്നതിനും ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരമാണ് ഖത്തര്‍ മുന്നോട്ടുവെക്കുന്നതെന്നും ഇതിന് തന്റെ രാഷ്ട്രത്തിന്റെ പിന്തുണ എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായുണ്ടാക്കിയ ഉഭയകക്ഷി ബന്ധം അവരുടെ പരമാധികാര തീരുമാനമാണ്, അതില്‍ ഞങ്ങള്‍ ഇടപെടുന്നില്ല. എന്നിരുന്നാലും, ഇസ്രായേലിനെതിരെ അറബ് രാജ്യങ്ങളുടെ ‘ഐക്യമുന്നണി’ ഫലസ്തീനികള്‍ക്ക് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യമുന്നണി ഉണ്ടായിരിക്കുന്നതും ഫലസ്തീന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ സ്ഥാപിക്കുന്നതും നല്ലതാണെന്ന് ഞാന്‍ കരുതുന്നു, ഫലസ്തീന്‍ ജനത, അവരാണ് ഈ പോരാട്ടത്തിന് ഊര്‍ജ്ജം നല്‍കുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് വിസമ്മതിച്ച ഖത്തര്‍ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ കാതല്‍ ഇതല്ലെന്നും വ്യക്തമാക്കിയിരുന്നു.

Related Articles