Current Date

Search
Close this search box.
Search
Close this search box.

ചാര്‍ലി ഹെബ്ദോയുടെ പുതിയ കവര്‍: നികൃഷ്ടമെന്ന് ഉര്‍ദുഗാന്‍

അങ്കാറ: വിവാദങ്ങള്‍ക്ക് നിരന്തരം തിരികൊളുത്തുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഫ്രഞ്ച് മാഗസിനായ ചാര്‍ലി ഹെബ്ദോ തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പുറത്തിറക്കിയതിന്റെ വിവാദമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ ശക്തമായ രീതിയില്‍ പ്രതികരണം നടത്തിയതും ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതുമാണ് ഫ്രഞ്ച് മാസികയെ ചൊടിപ്പിച്ചത്. പിന്നാലെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാഗസിന്റെ കവര്‍ ഫോട്ടോയില്‍ ഉര്‍ദുഗാനെ നീചമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് തുര്‍ക്കിയില്‍ നിന്നും ഉയര്‍ന്നു വന്നത്. മാസികയുടേത് നികൃഷ്ടവും ഹീനവുമായ നടപടിയാണെന്നാണ് ഉര്‍ദുഗാന്‍ പ്രതികരിച്ചത്. മാസികയുടെ ഉടമസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും അപലപനം രേഖപ്പെടുത്തുന്നതായും തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുഹമ്മദ് നബിയെ അവഹേളിക്കുന്ന മാസിക ഇപ്പോള്‍ തന്നെ ലക്ഷ്യമിടുന്നതായാണ് ഉര്‍ദുഗാന്‍ സ്വന്തം പാര്‍ട്ടിയെ അഭിസംബോധന ചെയ്തുകൊണ്ട് പാര്‍ലമെന്റില്‍ പറഞ്ഞത്. ഞാന്‍ ആ കാരിക്കേച്ചര്‍ നോക്കിയിട്ടില്ല, കാരണം അധാര്‍മിക എഡിറ്റോറിയല്‍ നയമുള്ള ഒരു മാഗസിന്‍ നോക്കിയിട്ട് അതിന് ക്രെഡിറ്റ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഞങ്ങളുടെ പ്രവാചകനെ അപമാനിച്ച ഈ അപഹാസികളെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല- ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

ഉര്‍ദുഗാനെ അപമാനിച്ചവരെ ഉത്തരവാദിത്തത്തോടെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ തുര്‍ക്കി നിയമപരവും നയതന്ത്രപരവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസും പ്രസ്താവനയില്‍ അറിയിച്ചു. അങ്ങേയറ്റം വെറുപ്പുളവാക്കുന്നതും ഇസ്ലാമോഫോബിക്കുമാണിതെന്നും തുര്‍ക്കി പ്രസ്താവിച്ചു.

ടീ ഷര്‍ട്ടും അടിവസ്ത്രവും മാത്രം ധരിച്ച ഉര്‍ദുഗാന്‍ ഹിജാബ് ധരിച്ച ഒരു സ്ത്രീയുടെ വസ്ത്രം പൊക്കിനോക്കുന്ന കാര്‍ട്ടൂണാണ് ചാര്‍ലി ഹെബ്ദോ പ്രസിദ്ധീകരിച്ചത്. ഉര്‍ദുഗാന്‍ ‘ഓ പ്രവാചകന്‍’ എന്ന് പറയുന്നതായും കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുണ്ട്. സ്ത്രീയുടെ കൈയില്‍ മദ്യത്തിന്റെ ഗ്ലാസുകളുമുണ്ട്. ‘ഉര്‍ദുഗാന്‍ സ്വകാര്യമായി വളരെ തമാശക്കാരനാണെന്നാണ്’ ചിത്രത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്.

കാര്‍ട്ടൂണ്‍ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധങ്ങളാണ് തുര്‍ക്കിയിലെ തെരുവുകളിലും സോഷ്യല്‍ മീഡിയയിലും ഫ്രാന്‍സിനും ചാര്‍ലി ഹെബ്ദോക്കുമെതിരെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

Related Articles