Current Date

Search
Close this search box.
Search
Close this search box.

ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത സംഭവം: ഇറാനെതിരെ നടപടിയെടുക്കണമെന്ന് സൗദി

റിയാദ്: ഹൊര്‍മൂസ് കടലിടുക്കില്‍ വെച്ച് ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടികൂടിയതിനെതിരെ പ്രതികരണവുമായി സൗദിയും ഒമാനും രംഗത്ത്. കപ്പല്‍ പിടിച്ചെടുത്ത ഇറാന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും തീര്‍ത്തും അപലപനീയമാണെന്നും സൗദി പ്രതികരിച്ചു. ഇത്തരം നടപടികള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ നടപടികള്‍ കൈകൊള്ളണമെന്നും സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഞായറാഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇറാനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചത്. കപ്പല്‍ ഗതാഗതത്തിനു നേരെയുള്ള ഏത് ആക്രമണവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. കപ്പലുകളെ തടസ്സപ്പെടുത്തുന്ന നടപടികളാണിതെന്ന് ഇറാന്‍ മനസ്സിലാക്കണം. ബ്രിട്ടീഷ് കപ്പലിനു നേരെയുണ്ടായ നടപടികളും ഒരിക്കലും അംഗീകരിക്കാനാവില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാന്‍ കപ്പല്‍ വിട്ടുനല്‍കണമെന്ന് ഒമാനും ആവശ്യപ്പെട്ടു. ഹൊര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്നവര്‍ അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ മാനിക്കണമെന്നും ബന്ധപ്പെട്ട ഇരു കക്ഷികളും സംയമനം പാലിക്കണമെന്നും ഒമാന്‍ വിദേശകാര്യം മന്ത്രാലയം പ്രസ്താവിച്ചു. കപ്പല്‍ വിട്ടു നല്‍കിയ ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നയതന്ത്ര മാര്‍ഗത്തിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും ഒമാന്‍ അറിയിച്ചു.

ശനിയാഴ്ചയാണ് ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്റ്റെന ഇംപറോ പിടിച്ചെടുത്തതായി ഇറാന്‍ അറിയിച്ചത്. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡിന്റെ നാവിക വിഭാഗമാണ് കപ്പല്‍ പിടിച്ചെടുത്തതായി അവകാശ വാദമുന്നയിച്ചത്. ഇതിന്റെ വീഡിയോയും അവര്‍ പുറത്തുവിട്ടിരുന്നു. നേരത്തെ ഇറാന്റെ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടന്‍ കടലിടുക്കില്‍ വെച്ച് ബ്രിട്ടന്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഈ നടപടിയെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇറാന്റെ മത്സ്യബന്ധ ബോട്ടില്‍ ഇടിച്ചതിനാണ് ബ്രിട്ടന്റെ കപ്പല്‍ പിടിച്ചെടുത്തതെന്നാണ് ഇറാന്‍ അറിയിച്ചത്.

Related Articles