Current Date

Search
Close this search box.
Search
Close this search box.

അഴിമതി വിരുദ്ധ റെയ്ഡ്: 45 പേരെ അറസ്റ്റ് ചെയ്ത് സൗദി

റിയാദ്: സൗദി ഭരണകൂടത്തിന്റെ ഏറ്റവും പുതിയ അഴിമതി വിരുദ്ധ റെയ്ഡില്‍ സൈനിക ഉദ്യോഗസ്ഥര്‍ അടക്കം വിവിധ മേഖലകളിലുള്ള 45 പേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിലേറിയ ശേഷം രൂപീകരിച്ച ‘നസഹ’ അഴിമതി വിരുദ്ധ സ്‌ക്വാഡ് ആണ് കഴിഞ്ഞ ദിവസം വിവിധ ഓഫിസുകളില്‍ ഡ്രൈവ് നടത്തി ഉന്നത ഉദ്യോഗസ്ഥരെ അടക്കം അറസ്റ്റ് ചെയ്തത്.

വിവിധ ക്രിമിനല്‍ അച്ചടക്കവുമായി ബന്ധപ്പെട്ട് 900 കേസുകളിലാണ് അന്വേഷണം നടക്കുന്നത്. അഴിമതി, കൈക്കൂലി, സ്വാധീനം, സോഷ്യല്‍ മീഡിയകള്‍ വഴി നിയമവിരുദ്ധമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുക തുടങ്ങിയവയെല്ലാം അന്വേഷണത്തില്‍ വരും.

അറസ്റ്റിലായവരില്‍ നാല് സൈനിക ഉദ്യോഗസ്ഥരും അഞ്ച് പ്രതിരോധ മന്ത്രാലയ കരാറുകാരും ഉള്‍പ്പെടുന്നു. തട്ടിപ്പ്, കൈക്കൂലി എന്നീ കുറ്റങ്ങളില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം 14 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ചിലര്‍ നീതി, ഗതാഗതം, മാനവ വിഭവശേഷി മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ്. 60 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സമ്പത്തും റിയല്‍ എസ്റ്റേറ്റ് ആസ്തികളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും നസഹ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നേരത്തെയും സൗദിയില്‍ അഴിമതി വിരുദ്ധ റെയ്ഡ് നടത്തുകയും നിരവധി ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Related Articles