Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിന്റെ മൂല്യങ്ങള്‍ ലോകത്തെ വളരെയധികം സ്വാധീനിച്ചു: ഡോ. അലക്‌സാണ്ടര്‍ ജേക്കബ്

കൊച്ചി: ഇസ്‌ലാമിന്റെ മൂല്യങ്ങളും രാഷ്ട്രീയ,ഭരണ രീതികളും സന്മാര്‍ഗീയതയും ലോകത്തെ വളരെയധികം സ്വാധീനിച്ചതായി മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ് പറഞ്ഞു. എല്ലാ ജനങ്ങള്‍ക്കും ഭൂഖണ്ഡത്തിനും ആവശ്യമായ കാര്യങ്ങള്‍ ചേര്‍ന്നതാണ് ഖുര്‍ആന്‍ എന്നും അദ്ദേഹം പറഞ്ഞു. ‘ഡി ഫോര്‍ മീഡിയ’ കൊച്ചി ടൗണ്‍ഹാളില്‍ വച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ അറബി ഭാഷയുടെ സാന്നിധ്യം അത്ഭുതമാണ്.

ഇന്ന് ഇസ്‌ലാമിനെക്കുറിച്ച് പലരും തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ഇസ്ലാം എവിടെയെല്ലാം പ്രചരിച്ചോ അവിടെയെല്ലാം സമാധാനമാണ് നിലകൊണ്ടത്. ബിട്ടീഷുകാര്‍ ഇന്ത്യയിലെ മുസ്ലിംകളെ വിഭജിക്കാന്‍ പ്രചരിപ്പിച്ച കള്ളക്കഥകളാണ് തെറ്റിദ്ധാരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പരിപാടി മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടന വെച്ച് മൂല്യങ്ങളെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ കഴിയില്ലെന്നും മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ അതിന് കഴിയൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നീതിയും ദയയും ധര്‍മവും കാരുണ്യവുമൊന്നും കോടതിയും ഭരണഘടനയും വെച്ച് മാത്രം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ദൈവം നീതിയെക്കുറിച്ച് പറയുന്നത് ആര്‍ക്കും മനസ്സിലാകുന്ന രീതിയിലാണ്. കോടതി പലപ്പോഴും നീതിയെക്കുറിച്ച് പറയുന്നത് അങ്ങിനെയല്ല. അടിസ്ഥാന ആവശ്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതിനെയാണ് നീതിയെന്ന് പറയുന്നത്. ആലംബഹീനര്‍ക്കു വേണ്ടി ചെയ്യുന്നതാണ് നീതിയെന്ന് ഖുര്‍ആന്‍ പറയുന്നത് അതുകൊണ്ടാണ്. കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. ജസ്റ്റിസ്. പി.കെ ശംസുദ്ദീന്‍,എച്ച്.ഇ മുഹമ്മദ് ബാബു സേട്ടു,അഡ്വ. ടി.പി.എം ഇബ്രാഹീം ഖാന്‍,കെ.കെ അബൂബക്കര്‍ ഫാറൂഖി ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് എം.കെ അബൂബക്കര്‍,സി.എച്ച് അബ്ദുറഹീം എന്നിവര്‍ സംസാരിച്ചു. ബഷീര്‍ മുഹിയുദ്ധീന്‍ പ്രാര്‍ത്ഥന നടത്തി. ഡി ഫോര്‍ മീഡിയ ഡയറക്ടര്‍ പി.കെ ഇംതിയാസ് സ്വാഗതം പറഞ്ഞു.
ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം നേടിയ ജെസ്ന ഫാറൂഖ്,ഡോ. ഖദീജ ഹസന്‍,ഹിബ അബുല്ലൈസ് എന്നിവര്‍ക്കും പ്രോത്സാഹന സമ്മാനത്തിനര്‍ഹരായവര്‍ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Related Articles