Current Date

Search
Close this search box.
Search
Close this search box.

ഫേസ് മര്‍ക്കസ് കാലഘട്ടത്തിന്റെ ആവശ്യം: ടി ആരിഫലി

കൊണ്ടോട്ടി: ധാര്‍മിക മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന പഠനരീതിയുള്ള അന്തര്‍ദേശീയ കലാലയം സ്ഥാപിച്ചുകൊണ്ട് മലബാര്‍ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് പുത്തന്‍ ചിറകുകള്‍ നല്കാന്‍ കൊണ്ടോട്ടിയിലെ അന്‍സാറുല്‍ ഇസ്ലാം ചാരിറ്റബ്ള്‍ (എഐസി) ട്രസ്റ്റ് ഒരുങ്ങിക്കഴിഞ്ഞു.
ഫേസ് മര്‍ക്കസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്ന പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. സി.എല്‍ ജോഷി നിര്‍വ്വഹി്ചചു.

ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും എഐസി ട്രസ്റ്റ് ചെയര്‍മാനുമായ ടി.ആരിഫലി പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്റഗ്രേറ്റഡ് എഡുക്കേഷന്‍ കൗണ്‍സില്‍ ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ. ആര്‍. യൂസുഫ് സംസാരിച്ചു.

കഴിവുറ്റ വിദ്യാര്‍ത്ഥികളെ പ്രത്യേക പരീക്ഷകളിലൂടെ തെരഞ്ഞെടുത്ത് സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളില്‍ പ്ലസ് വണ്‍, പ്ലസ്ടു കോഴ്സുകള്‍ നല്കുന്നതോടൊപ്പം അവരെ ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് പോലുള്ള മത്സരപ്പരീക്ഷകള്‍ എഴുതാനും, ഇന്ത്യക്കകത്തും പുറത്തുമുള്ള ലോകപ്രസിദ്ധ യൂണിവേഴ്സിറ്റികളില്‍ ഉന്നത പഠനം നടത്താനും പ്രാപ്തരാക്കുന്നു.
ഓരോ വിദ്യാര്‍ത്ഥിക്കും വിദ്യാര്‍ത്ഥിനിക്കും പ്രത്യേകം മെന്റേഴ്സിനെ നിശ്ചയിച്ചുകൊണ്ട് അവരുടെ പഠനത്തിലും സ്വഭാവത്തിലും ഗുണപരമായ സ്വാധീനം ചെലുത്തുന്നതോടൊപ്പം അവരുടെ വ്യക്തിത്വ വികാസത്തിന്നും അവരില്‍ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തുന്നതിന്നും സ്‌കൂള്‍ പ്രതിജ്ഞാബദ്ധമായിരിക്കും.

എക്കാപറമ്പിലെ മര്‍ക്കസ് ക്യാംപസില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ലോഗോ പ്രകാശനം, ഫേസ് മര്‍കസ് തീം അവതരണം,ദൃശ്യാവിഷ്‌കാരം, സംഗീതശില്പം എന്നിവ നടന്നു.ഫേസ്മര്‍കസ് വെബ്സൈറ്റ് ലോഞ്ചിങ് ടി ആരിഫലി നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രശ്നോത്തരി മത്സര വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു.

ഫേസ്മര്‍കസ് പദ്ധതിയുയുടെ ഭാഗമായ മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡണ്ട് അജ്മല്‍ ആനത്താന്‍,ഫേസ് മര്‍ക്കസ് അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ.മുഹമ്മദ് നിഷാദ്, എഐസി ട്രസ്റ്റ് ആക്ടിംഗ് ചെയര്‍മാന്‍ മീരാന്‍ അലി,മര്‍കസ് ഇംഗ്ലീഷ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൗക്കത്തലി,ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ പ്രസിഡണ്ട് എന്‍.സി. അബൂബക്കര്‍, അബ്ദുറഹിമാന്‍ കോഴിക്കോടന്‍, ഓടക്കല്‍ മുഹമ്മദാലി, അഡ്വ. ഫസലുല്‍ ഹഖ്, നൗഷാദ് ചുള്ളിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രശസ്ത ഗസല്‍ ഗായകന്‍ ഷമീര്‍ ബിന്‍സി,ഇമാം മജ്ബൂര്‍ എന്നിവര്‍ നയിച്ച സംഗീത നിശ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.

കൊണ്ടോട്ടിയില്‍ ഫേസ് മര്‍ക്കസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഉദ്ഘാടനം ട്രസ്റ്റ് ചെയര്‍മാന്‍ ടി. ആരിഫലി സാഹിബിന് എന്റോള്‍മെന്റ് ഫോം നല്‍കിക്കൊണ്ട് കോഴിക്കോട് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷി നിര്‍വഹിക്കുന്നു.

Related Articles