Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് പുനരധിവാസവുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍

കോഴിക്കോട്: കോവിഡ് ബാധിച്ച് മരണമടഞ്ഞ ഗള്‍ഫ് പ്രവാസികളുടെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികളുടെ ഉദ്ഘാടനം നവംബര്‍ 15 ഞായറാഴ്ച വൈകുന്നേരം 4.30ന് നടക്കും. വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം എം.പി അബ്ദുസ്സമദ് സമദാനി നിര്‍വ്വഹിക്കും.

ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പദ്ധതി നിര്‍വഹണത്തിന്റെ സമാരംഭം കുറിക്കും. നിര്‍ധനരായ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് വീട്, മരണമടഞ്ഞ പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, അര്‍ഹരായ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി, ഭൂരഹിതരായ പ്രവാസി കുടുംബങ്ങള്‍ക്ക് ഭൂമി, പണി പൂര്‍ത്തിയാകാത്ത വീടുകള്‍ പൂര്‍ത്തിയാക്കാനും പുതിയ വീടുകള്‍ പണിയാനും സഹായം, വീടുവെക്കാന്‍ സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്റെ കൈവശമുള്ള സ്ഥലം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുനരധിവാസ പദ്ധതികള്‍.

പ്രവാസ ലോകത്ത് കോവിഡ്19 വ്യാപിക്കുകയും നിരവധി മലയാളികള്‍ മരണപ്പെടുകയും ചെയ്തതോടെയാണ് നിര്‍ധനരായ ഗള്‍ഫ് പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്. ഈ ഉദ്യമത്തെ കേരള ജനത ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രവാസി മലയാളി കൂട്ടായ്മകള്‍, വ്യാപാരി പ്രമുഖര്‍ തുടങ്ങി വിവിധ രംഗത്തുള്ളവര്‍ സഹായ ഹസ്തവുമായി മുന്നോട്ട് വന്നു.

പദ്ധതി നിര്‍വ്വഹണത്തിനായി കോവിഡ് ബാധിച്ചു മരണമടഞ്ഞ 300 ഗള്‍ഫ് പ്രവാസികളുടെ വിവരങ്ങളാണ് പ്രാഥമികമായി ശേഖരിച്ചത്. ഇതില്‍ നിന്നും സര്‍വ്വേ നടത്തി കണ്ടെത്തിയ നിര്‍ധനരായ 70 കുടുംബങ്ങളില്‍ നിന്നും പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രാദേശിക സംവിധാനങ്ങളിലൂടെ അപേക്ഷ സ്വീകരിച്ചു. ഓരോ അപേക്ഷകരുടെയും കുടുംബങ്ങളുമായും, അടുത്ത ബന്ധുക്കളുമായും പീപ്പിള്‍സ് ഫൗണ്ടേഷന്‍ ട്രസ്റ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തി കുടുംബങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ സഹായങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഏറ്റവും അര്‍ഹരായ 61 കുടുംബങ്ങളെ തിരഞ്ഞെടുത്തു. സാധ്യമാവുന്ന രൂപത്തില്‍ കുടുംബത്തിന്റെ വിഹിതവും, മറ്റ് സഹായങ്ങളും ചേര്‍ത്ത് അതിനെ പൂര്‍ണതയിലേക്ക് എത്തിക്കാന്‍ പ്രാദേശികമായി സംവിധാനങ്ങളും ഒരുക്കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

കേരളത്തിന്റെ സമഗ്ര വികസന മേഖലയില്‍ നിര്‍ണ്ണായകമായ പങ്കാണ് പ്രവാസികള്‍ വഹിക്കുന്നത്. പീപ്പിള്‍സ് ഫൗണ്ടേഷന്റെ ജനസേവന പദ്ധതികളിലെല്ലാം പ്രവാസികളുടെ അധ്വാനത്തിന്റെ പങ്ക് അവഗണിക്കാന്‍ പറ്റാത്തതാണ്. മറ്റ് സന്നദ്ധ സംഘടനകളും പ്രവാസികള്‍ക്കായി പദ്ധതികളുമായി മുന്നോട്ട് വരണമെന്നാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആഗ്രഹിക്കുന്നതെന്നും ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദലി എം കെ അധ്യക്ഷത വഹിക്കും. മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം.പി അഹമ്മദ്, പ്രമുഖ സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍, ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ പി. മുജീബ് റഹ്മാന്‍ എന്നിവരും പങ്കെടുക്കും.

Related Articles