Current Date

Search
Close this search box.
Search
Close this search box.

‘കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മയ്യിത്ത് പരിപാലനത്തിന് ഇളവ് അനുവദിക്കണം’

കോഴിക്കോട്: കോവിഡ് മരണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങള്‍ പരിപാലിച്ച് സംസ്‌കരിക്കുന്നതിന് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഇളവുകള്‍ അനുവദിക്കണം എന്ന് മുസ്ലിം മത സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രോട്ടോകോള്‍ പാലിച്ച് സമൂഹത്തിലെ എല്ലാ മേഖലകളിലും കാര്യമായ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ മൃതദേഹത്തോട് അനാദരവ് പുലര്‍ത്തുന്ന വിധത്തില്‍ സംസ്‌കരിക്കേണ്ടി വരുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. മൃതദേഹത്തോട് മാന്യത പുലര്‍ത്തണമെന്ന് ഭരണഘടന 21ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ഇക്കാര്യം പ്രത്യേകം എടുത്തു പറയുന്നുമുണ്ട്. ഇപ്പോള്‍ കോവിഡ് ബാധിച്ചു മരിച്ച മൃതദേഹങ്ങളോട് കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ അനാദരവ് കാട്ടുന്നില്ലേയെന്ന് അധികൃതര്‍ പരിശോധിക്കേണ്ടതുണ്ട്.

ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ പോലുമില്ലാത്ത വ്യവസ്ഥകളാണ് ഈ വിഷയത്തില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളതെന്ന കാര്യം വേദനാജനകമാണ്. വിദഗ്ദ പരിശീലനം ലഭിച്ച സേവന സന്നദ്ധരായ വളണ്ടിയര്‍മാരെ ഉപയോഗിച്ച് മതപരമായ നിര്‍ബന്ധ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് മൃതദേഹം കുളിപ്പിക്കാനും മറവ് ചെയ്യാനുമുള്ള ഇളവ് ഭരണകൂടം അനുവദിക്കണം. മൃതദേഹത്തോട് ഇപ്പോള്‍ സ്വീകരിക്കുന്ന സമീപനത്തില്‍ അടിയന്തിരമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍:

1. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
2. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ( സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ)
3. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ ( സമസ്ത കേരള സുന്നി ജംഇയ്യത്തുല ഉലമ)
4. ടി.പി.അബ്ദുള്ളക്കോയ മദനി (കെ.എന്‍.എം)
5. എം.ഐ.അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്ലാമി)
6. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ)
7. എ.നജീബ് മൗലവി ( കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ)
8. ( ടി.കെ അഷ്‌റഫ്, ജന:സെക്രട്ടറി, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍)
9. അബുല്‍ ഖൈര്‍ മൗലവി (തബ്ലീഗ് ജമാഅത്ത്)
10. ഹാഫിള് അബ്ദു ശ്ശുക്കൂര്‍ അല്‍ ഖാസിമി ( മെമ്പര്‍, പേഴ്‌സണല്‍ ലോ ബോര്‍ഡ്)
11. വി.എച്ച്. അലിയാര്‍ ഖാസിമി ( ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് -കേരള ഘടകം)
12.സി.പി.ഉമ്മര്‍ സുല്ലമി ( നദ് വത്തുല്‍ മുജാഹിദീന്‍, മര്‍ക്കസുദ്ദഅ്വ)

Related Articles