Current Date

Search
Close this search box.
Search
Close this search box.

എന്‍.ഐ.എ റെയ്ഡ്: അപലപനവുമായി മുസ്‌ലിം സംഘടനകള്‍

ന്യൂഡല്‍ഹി: വിവിധ സന്നദ്ധ-സേവന സംഘടനകളുടെ ഓഫീസില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡിനെ അപലപിച്ച് മുസ്‌ലിം സംഘടനകള്‍ രംഗത്ത്. സിവില്‍ സൊസൈറ്റി സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണ് ചെയ്യുന്നതെന്നും കഴിഞ്ഞ ദിവസം ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെയും ചാരിറ്റി അലൈന്‍സ് ടുഡേയുടെയും ഓഫീസില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡിനെ ശക്തമായി അപലപിക്കുന്നതായും മുസ്ലിം സംഘടനകള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സിവില്‍ സൊസൈറ്റി സംഘടനകളെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നത്. സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും എന്‍.ജി.ഒകളെയും ശക്തമായ ശബ്ദങ്ങളെയും അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള തന്ത്രത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നു കരുതേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ സൗകര്യപ്രദമായി മുസ്‌ലിം ഭീതി പടര്‍ത്തുകയാണ് ഇതിലൂടെ കേന്ദ്രം ചെയ്യുന്നതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

വ്യാഴാഴ്ചയാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെയും, മുന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാന്റെയും ഓഫീസുകളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയത്. എന്‍.ഐ.എയുടെ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും തങ്ങളുടെ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ തികച്ചും സുതാര്യവും നിയമപരവുമായാണ് മുന്നോട്ടു പോകുന്നതെന്ന് പിന്നീട് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും ടി ആരിഫലിയും ഡോ. സഫറുല്‍ ഇസ്ലാം ഖാനും പ്രസ്താവിച്ചിരുന്നു. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ഇരുവരും പറഞ്ഞു.

ആള്‍ ഇന്ത്യ മുസ്ലിം മജ്‌ലിസെ മുശാവറ, എസ്.ഡി.പി.ഐ, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളാണ് അപലപനം രേഖപ്പെടുത്തിയത്.

Related Articles