Current Date

Search
Close this search box.
Search
Close this search box.

ന്യൂജെന്‍ കോഴ്‌സുകളില്‍ അറബി ഭാഷയെ ഉള്‍പ്പെടുത്തണം: എം.എസ്.എം

കോഴിക്കോട്: കേരള സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ പുതുതലമുറ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് സ്വാഗതര്‍ഹമാണ്. പുതിയ കോഴ്‌സുകളുടെ ലിസ്റ്റ് ഹയര്‍ എജ്യൂക്കേഷന്‍ വകുപ്പ് പുറത്തിറക്കിയപ്പോള്‍ ആധുനിക കാലത്ത് തൊഴില്‍ വ്യാപാര നയതന്ത്ര മേഖലകളില്‍ വളരെയേറെ പ്രാധാന്യമുള്ളതും അന്താരാഷ്ട്ര ഭാഷയുമായ അറബിക്കിന് തീരെ ഇടം ലഭിക്കാതെ പോകുന്നത് നീതികരിക്കാനാവില്ലെന്നും എം.എസ്.എം പ്രസ്താവിച്ചു.

സര്‍വകലാശാലകള്‍ അംഗീകരിച്ച്, സര്‍ക്കാറിന് സമര്‍പ്പിച്ച ലിസ്റ്റില്‍ മറ്റു ഭാഷാ കോഴ്‌സകള്‍ സ്ഥാനം പിടിച്ചപ്പോഴും ഒരു ബിരുദ, ബിരുദാനന്തര അറബിക് കോഴ്‌സ് സ്ഥാനം പിടിച്ചിട്ടില്ല എന്നത് ഭാഷയോടുള്ള അവഗണനയും പ്രതിഷേധാര്‍ഹവുമാണ്. ലോക പ്രശസ്ത സര്‍വകലാശാലകളടക്കം അറബിക് സ്റ്റഡീസിന് പ്രാധാന്യം നല്‍കി വരുന്ന ഈ കാലത്ത് അറബിയില്‍ ധാരാളം ന്യൂജനറേഷന്‍ കോഴ്‌സുകള്‍ക്ക് വലിയ സാധ്യതകളാണുള്ളത്. ലോകത്തിലെ വിവിധ വിഖ്യാത സര്‍വകലാശാലകളില്‍ പോലും നിലവിലുള്ള കോഴ്‌സുകളായ അറബിക് വിത്ത് മീഡിയ സ്റ്റഡീസ്, ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ്, ട്രാവല്‍ ആന്റ് ടൂറിസം, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, മിഡില്‍ ഈസ്റ്റ് സ്റ്റഡീസ്,
സ്റ്റഡീസ് ഇന്‍ കമ്യൂണിക്കേറ്റീവ് അറബിക് തുടങ്ങിയവ എറെ കാലോചിതവും മധ്യ പൗരസ്ത്യദേശത്തും അറബ് നാടുകളിലും ഓണ്‍ലൈന്‍ തൊഴില്‍ രംഗത്തും അവസരങ്ങളുടെ കലവറ തന്നെയാണ് നല്‍കുന്നത് എന്നിരിക്കെ ആധുനിക കോഴ്‌സുകളില്‍ അറബി ഭാഷ പഠനത്തിന് അവസരം നല്‍കണമെന്ന് എം.എസ്.എം സംസ്ഥാന നേതൃ സംഗമം ആവശ്യപ്പെട്ടു.

വിഷയം കേരളാ മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്ന് എം.എസ്.എം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ മാമാങ്കര പറഞ്ഞു. സംഗമം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന.സെക്രട്ടറി സൈഫുദ്ദീന്‍ സ്വലാഹി ചങ്ങനാശേരി അധ്യക്ഷത വഹിച്ചു.

Related Articles