Current Date

Search
Close this search box.
Search
Close this search box.

മലബാര്‍ സമരം നൂറാം വര്‍ഷത്തിലേക്ക്: എസ്.ഐ.ഒ കാമ്പയിന് തുടക്കമായി

മലപ്പുറം: മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്.ഐ.ഒ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന ഏടായ മലബാര്‍ സമരം ആഗസ്റ്റ് മാസത്തോടു കൂടി അതിന്റെ നൂറാം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുകയാണ്. കൊളോണിയല്‍ വിരുദ്ധ സമരങ്ങളില്‍ ലോകതലത്തില്‍ തന്നെ ശ്രദ്ധ നേടിയ മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം ജില്ലയിലുടനീളം വിപുലമായി ആഘോഷിക്കുന്നതാണ് കാമ്പയിന്‍ പരിപാടികള്‍. ‘മലബാര്‍ സമരം ഒരു നൂറ്റാണ്ടിലേക്ക്: പ്രതിരോധത്തിന്റെ ആഘോഷം’ എന്ന തലക്കെട്ടിലുള്ള കാമ്പയിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ നിര്‍വ്വഹിച്ചു. പൗരത്വ നിഷേധത്തിന്റെയും മുസ്ലിം വിരുദ്ധതയുടെയും ഫാഷിസ്റ്റ് കാലത്ത് മലബാര്‍ സമര ചരിത്രം പുതിയ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘മലബാര്‍ സമരം: ചരിത്ര രചനകളിലൂടെ’ എന്ന വിഷയത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ടി നാസര്‍, ‘ചരിത്രവഴികളിലൂടെ’ എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകനും ചരിത്രകാരനുമായ സമീല്‍ ഇല്ലിക്കല്‍ എന്നിവര്‍ സംസാരിച്ചു.

കാമ്പയിനിന്റെ ഭാഗമായി മലബാര്‍ സമരവുമായി ബന്ധപ്പെട്ട വ്യത്യസ്ത പ്രദേശങ്ങള്‍, വ്യക്തികള്‍, കുടുംബങ്ങള്‍ എന്നിവയെക്കുറിച്ച പ്രചാരണങ്ങള്‍ നടത്തും. 1921ലെ മലബാര്‍ സമരവുമായി ബന്ധപ്പെട്ട് അക്കാദമിഷ്യന്‍മാരുടെയും ചരിത്രപണ്ഡിതരുടെയും പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും. മലബാര്‍ സമരവുമായി ബന്ധപ്പെട്ട പാട്ടുകളും പാട്ടുകളുടെ ചരിത്രവും ചര്‍ച്ച ചെയ്യും. മലബാര്‍ സമരവും ഖിലാഫത്ത് പ്രസ്ഥാനവും സാധ്യമാക്കുന്ന ദേശീയതാ വിമര്‍ശനത്തെക്കുറിച്ചും മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ചുമുള്ള ഗഹനമായ ചര്‍ച്ചകളും അക്കാദമിക്ക് വെബിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലുടനീളം മലബാര്‍ സമര ചരിത്രത്തെക്കുറിച്ച് വിദ്യാര്‍ഥി സംഗമങ്ങള്‍, ബുക്ക് ടോക്കുകള്‍, വ്യത്യസ്ത തരം മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ഉദഘാടന പരിപാടിയില്‍ എസ് ഐ ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് സല്‍മാന്‍ ഫാരിസ് അധ്യക്ഷത വഹിച്ചു. കോവിഡ് സുരക്ഷ പരിഗണിച്ച് ഓണ്‍ലൈനിലായിരുന്നു പരിപാടി.

 

Related Articles