Current Date

Search
Close this search box.
Search
Close this search box.

ഇടതുസര്‍ക്കാറിന്റെ സംവരണ അട്ടിമറി: സോളിഡാരിറ്റി കോടതിയെ സമീപിക്കും

കോഴിക്കോട്: സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെതന്നെ കീഴ്‌മേല്‍ മറിച്ച് നടപ്പാക്കുന്ന സാമ്പത്തിക സംവരണമെന്ന സവര്‍ണ സംവരണത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. മുന്നോക്ക സംവരണത്തിന്റെ പേരില്‍ സംവരണ അട്ടിമറി നടപ്പാക്കുന്ന ഇടത് സര്‍ക്കാറിന്റെ സവര്‍ണ നിലപാടിനെതിരെ സോളിഡാരിറ്റി നിയമനടപടിയുമായി മുന്നോട്ടു പോകും. സാമൂഹിക നീതിയുടെയും ഭരണഘടന നിലനില്‍ക്കുന്ന സാമൂഹിക ഉടമ്പടിയുടെയും അടിസ്ഥാനമായ സാമുദായിക സംവരണത്തെയാണ് ഇടതു സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. സംഘ്പരിവാറിന്റെ പദ്ധതികള്‍ അവരെക്കാള്‍ ആവേശത്തില്‍ ഏറ്റെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.

മെഡിക്കള്‍ പി.ജി, യു.ജി സീറ്റുകളിലും പ്ലസ്ടു സീറ്റുകളിലുമെല്ലാം എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തിയാണ് സര്‍ക്കാര്‍ മുന്നോക്ക സംവരണം നടപ്പാക്കുന്നത്. മുന്നോക്കക്കാരെ ഉള്‍കൊള്ളാന്‍ നിലവിലുള്ള പ്രവേശന മാനദണ്ഡങ്ങള്‍ തിരുത്തുന്ന അവസ്ഥപോലുമുണ്ടായി.

ഇനി ഉദ്യോഗങ്ങളിലും നിയമനങ്ങളിലും ഇതേ രീതിയില്‍ സംവരണം നടപ്പാക്കുമെന്നാണ് ഇടതുപക്ഷം പറയുന്നത്. ഇപ്പോള്‍ തന്നെ അധികാര പങ്കാളിത്തത്തിലും പ്രാതിനിധ്യത്തിലും പിറകിലായ പിന്നാക്കവിഭാഗങ്ങള്‍, മുസ്ലിംകള്‍, പട്ടികജാതി, പട്ടിക വിഭാഗങ്ങള്‍ എന്നിവര്‍ കൂടുതല്‍ പാര്‍ശ്വവല്‍കരിക്കപ്പെടാനാണ് ഈ നടപടി കാരണമാകുക. ഈ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് കോടതിയെ സമീപിക്കല്‍ അനിവാര്യമായിരിക്കുകയാണെന്നും നഹാസ് മാള കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പീഡിത വിഭാഗങ്ങള്‍ക്ക് അവകാശങ്ങള്‍ നേടിയെടുക്കാന്‍ നിയമനടപടികള്‍ ആവശ്യമായി വരുന്നു എന്നത് ജനാധിപത്യത്തിന്റെ ദൗര്‍ബല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Articles