Current Date

Search
Close this search box.
Search
Close this search box.

സംവരണ അട്ടിമറിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം: ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: സംവരണ തത്വങ്ങളെ അട്ടിമറിച്ച് പിന്നാക്കവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കത്തില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ സംവരണവിരുദ്ധ നിലപാടാണ് ഉദ്യോഗ, വിദ്യാഭ്യാസ മേഖലകളില്‍ തുടരുന്നത്. മുന്നാക്ക, സവര്‍ണ സമുദായങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിധേയപ്പെട്ട് അവര്‍ക്കുവേണ്ടി സംവരണം നടപ്പാക്കുകയും അതേസമയം പിന്നാക്കവിഭാഗങ്ങളുടെ ന്യായമായ അവകാശത്തെ നിരാകരിക്കുകയുമാണ് സര്‍ക്കാര്‍. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മെഡിക്കല്‍, ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത്.

ജനറല്‍ സീറ്റില്‍ നിന്നാകും മുന്നാക്ക സംവരണം എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ആകെ സീറ്റിന്റെ 10 ശതമാനം മുന്നാക്കാര്‍ക്കായി മാറ്റിവെച്ച് സര്‍ക്കാര്‍ ആ വാക്ക് ലംഘിച്ചു. ആ സീറ്റുകളില്‍ ബഹുഭൂരിപക്ഷത്തിലേക്കും അപേക്ഷിക്കാന്‍ പോലും ആളില്ലായിരുന്നു. അപ്പോള്‍തന്നെ പിന്നാക്ക സമുദായങ്ങളില്‍ പെട്ടവരടക്കം പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാതെ പോകുന്നു.

ബിരുദാനന്തര ബിരുദ മെഡിക്കല്‍ രംഗത്ത് ജനസംഖ്യയുടെ 27 ശതമാനംവരുന്ന പിന്നാക്ക ഈഴവ സമുഹത്തിന് സംവരണം ചെയ്യപ്പെട്ടിരിക്കുന്നത് 13 സീറ്റും, 26 ശതമാനം വരുന്ന മുസ്ലിംകള്‍ക്ക് ഒമ്പതു സീറ്റുമായിരിക്കെ 20 ശതമാനത്തില്‍ താഴെ ജനസംഖ്യ വരുന്ന മുന്നാക്ക വിഭാഗത്തിന് 30 സീറ്റാണ് സംവരണം ചെയ്തിരിക്കുന്നത്. പിന്നാക്കവിഭാഗങ്ങളോടുള്ള കടുത്ത അനീതിയും വഞ്ചനയുമാണിത്. ഇടത് സര്‍ക്കാറിന്റെ ഈ നയത്തിനെതിരെ എല്ലാ പിന്നാക്ക, മത, ജാതി, സമുദായ രാഷ്ട്രീയ സംഘടനകളും രംഗത്തു വരണമെന്നും എം.ഐ. അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.

Related Articles