Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈനുമായുള്ള ഔദ്യോഗിക ബന്ധം ആരംഭിച്ചുവെന്ന് ഇസ്രായേല്‍

തെല്‍അവീവ്: അമേരിക്കയുടെ നേതൃത്വത്തില്‍ കരാര്‍ രൂപീകരിച്ചതിനു ശേഷം ആദ്യമായി ബഹ്‌റൈനുമായുള്ള നയതന്ത്ര ബന്ധത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ഇസ്രായേല്‍ അറിയിച്ചു. പ്രാഥമിക ഘട്ട ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ പ്രതിനിധികള്‍ ബഹ്‌റൈനിലെത്തിയിട്ടുണ്ട്. തലസ്ഥാനമായ മനാമയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഇരു വിഭാഗം നേതാക്കളും കൂടിക്കാഴ്ചക്ക് ശേഷം പുതിയ കരാറില്‍ ഒപ്പുവെക്കും.

ഇരു രാജ്യങ്ങളും തമ്മില്‍ പൂര്‍ണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന സംയുക്ത വിജ്ഞാപനം ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ബഹ്‌റൈനിലെത്തിയ ഇസ്രായേല്‍ പ്രതിനിധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെക്കുന്നതോടെ പരസ്പരം എംബസികള്‍ തുറക്കാന്‍ ധാരണയാകും. സെപ്റ്റംബര്‍ 15ന് വൈറ്റ്ഹൗസില്‍ വെച്ച് ഒപ്പിട്ട നയതന്ത്ര കരാറിന്റെ തുടര്‍നടപടികളാണ് ഞായറാഴ്ചത്തെ കൂടിക്കാഴ്ച.

ഇസ്രായേല്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മെയ്ര്‍ ബെന്‍ ഷാബത്ത്, യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് നുചിന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ട്രംപിന്റെ നേതൃത്വത്തിലാണ് കരാര്‍ രൂപീകരിച്ചത്.

യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി,ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരാണ് പരസ്പരം കരാറില്‍ ഒപ്പുവെച്ചത്. ആദ്യമായിട്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത്. നേരത്തെ ഈജിപ്ത്,ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ മാത്രമാണ് ഇസ്രായേലുമായി നയതന്ത്രം ബന്ധം സ്ഥാപിച്ചിരുന്നത്. കരാര്‍ ഫലസ്തീന്‍ ലക്ഷ്യത്തിന്റെയും ഫലസ്തീന്റെയും പിന്നില്‍ നിന്നുള്ള കുത്താണെന്നാണ് ഫലസ്തീന്‍ അതോറിറ്റി പ്രതികരിച്ചത്.

Related Articles