Current Date

Search
Close this search box.
Search
Close this search box.

കോവിഡിനെ നേരിടാന്‍ ഗസ്സയ്ക്ക് കഴിയില്ല; മുന്നറിയിപ്പുമായി റെഡ്‌ക്രോസ്

ഗസ്സ സിറ്റി: കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഗസ്സയ്ക്ക് സാധിക്കില്ലെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര സന്നദ്ധ സേവന സംഘടനയായ International Committee of the Red Cross (ICRC) അഭിപ്രായപ്പെട്ടു. സംഘര്‍ഷ ഭൂമിയായ ഗസ്സ മുനമ്പിലെ ആരോഗ്യ പരിരക്ഷ സംവിധാനങ്ങള്‍ക്ക് കോവിഡ് മഹാമാരിയെ നേരിടാനുള്ള ശക്തിയില്ലെന്നാണ് റെഡ് ക്രോസിന്റെ ഗസ്സ ഡയറക്ടര്‍ ഇഗ്നേഷ്യോ കാസറസ് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സമൂഹത്തോട് മുന്നറിയിപ്പ് നല്‍കിയത്. കുറച്ച് ഡസനിലധികം കോവിഡ് രോഗികളെ ശുശ്രൂഷിക്കാനുള്ള ആരോഗ്യ സംവിധാനം മാത്രമാണ് ഗസ്സയിലുള്ളത്.

കോവിഡ് 19 രോഗികളുടെ ചികിത്സയ്ക്കായി മെഡിക്കല്‍, ലബോറട്ടറി ഉപകരണങ്ങളും മരുന്നുകളും സൗകര്യങ്ങളുമുള്ള പ്രത്യേക ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും ആവശ്യമാണ്, ഇതൊന്നും ഉപരോധ മുനമ്പില്‍ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസ്സയിലെ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. ആളുകള്‍ സമ്മര്‍ദ്ദത്തിലാണ്; ഒരു ദിവസം വെറും നാല് മണിക്കൂര്‍ മാത്രമാണ് അവര്‍ക്ക് വൈദ്യുതി ലഭ്യമാകുന്നത്. വൈറസിനെക്കുറിച്ചുള്ള അവരുടെ ആശങ്കകള്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ഗസ്സന്‍ ജനത ഇപ്പോള്‍ ലോക്ക്ഡൗണിന് കീഴിലാണ്. റെഡ് ക്രോസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച വരെ ഗസ്സയില്‍ കോവിഡ് സാമൂഹ്യവ്യാപനം നിയന്ത്രിക്കാനായി നന്നായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നു. കര്‍ശനമായ ക്വാറന്റൈന്‍ സംവിധാനമാണ് ഭരണകൂടം ഒരുക്കിയത്. എന്നാല്‍ അടുത്തിടെ പുതിയ കേസുകള്‍ വര്‍ധിച്ചതോടെ ഭീതി കൂടിയിരിക്കുകയാണ്. തങ്ങള്‍ പരമാവധി സഹായം നല്‍കുന്നുണ്ടെന്നും ഗസ്സയെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരണമെന്നും റെഡ് ക്രോസ് അഭ്യര്‍ത്ഥിച്ചു.

Related Articles