Current Date

Search
Close this search box.
Search
Close this search box.

ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ നാല് റോക്കറ്റുകള്‍ പതിച്ചു

ബാഗ്ദാദ്: ഇറാഖിലെ അതിസുരക്ഷ മേഖലയായ ഗ്രീന്‍ സോണില്‍ വീണ്ടും റോക്കറ്റാക്രമണം. യു.എസ് എംബസി അടക്കം വിവിധ രാജ്യങ്ങളുടെ എംബസി സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണില്‍ നാല് റോക്കറ്റുകളാണ് പതിച്ചതെന്ന് ഇറാഖ് സൈന്യം അറിയിച്ചു. രാജ്യത്തെ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യത്തിനെതിരെ ഇറാന്റെ പിന്തുണയള്ള മിലീഷ്യകള്‍ നിരന്തരം ആക്രമണം നടത്താറുണ്ട്.

കഴിഞ്ഞ ദിവസം ഇറാഖ്, അഫ്ഗാന്‍ എന്നിവടങ്ങളില്‍ നിന്നും യു.എസ് സൈനികരെ പിന്‍വലിച്ചേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് റോക്കറ്റാക്രമണമുണ്ടായിരിക്കുന്നത്.

ഗ്രീന്‍ സോണിലെ ഇറാഖ് ഭരണകൂടത്തിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ന്യൂ ബാഗ്ദാദിലെ അല്‍ അല്‍ഫ്ദാര്‍ ജില്ലയിലാണ് റോക്കറ്റുകള്‍ പതിച്ചതെന്ന് ഇറാഖ് സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തില്‍ നാശനഷ്ടമോ ആളപായമോ ഉണ്ടായതായി പ്രസ്താവനയില്‍ പറയുന്നില്ല.

യു.എസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങും മുന്‍പ് ഡൊണാള്‍ഡ് ട്രംപ് ഈ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങുന്നതായി അനദോലു ഏജന്‍സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജനുവരി 20നാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്നും പടിയിറങ്ങുന്നത്. ജനുവരി 15നകം അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാഖില്‍ നിന്നും 2500 വീതം സൈനികരെ പിന്‍വലിച്ചേക്കും. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ 4500ഉം ഇറാഖില്‍ 3000 സൈനികരുമാണുള്ളത്.

 

Related Articles