Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിലേക്ക് ആദ്യ വിമാന സര്‍വീസ് നടത്തി ഫ്‌ളൈ ദുബൈ

അബൂദബി: യു.എ.ഇ ബജറ്റ് എയര്‍ലൈന്‍ ആയ ഫ്‌ളൈ ദുബൈ ഇസ്രായേലിലേക്കുള്ള ആദ്യ യാത്ര സര്‍വീസ് ആരംഭിച്ചു. വ്യാഴാഴ്ചയാണ് ദുബൈയില്‍ നിന്നും തെല്‍ അവീവിലേക്ക് സര്‍വീസ് നടത്തുന്നത്. നാലുമണിക്കൂറോളം നീണ്ട യാത്രയ്ക്ക് ശേഷം ഉദ്ഘാടന വിമാനത്തെ സ്വീകരിക്കാനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു എത്തിച്ചേരുമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം മുതല്‍ ദുബൈയില്‍ നിന്നും തെല്‍ അവീവിലേക്ക് ദിവസേന രണ്ട് സര്‍വീസുകള്‍ ഉണ്ടാകുമെന്ന് നേരത്തെ ഫ്ളൈ ദുബൈ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ നയതന്ത്ര കരാര്‍ ഒപ്പിട്ടത്തിന്റെ ഭാഗമായാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത്. നവംബര്‍ 26 മുതല്‍ ആഴ്ചയില്‍ 14 സര്‍വീസുകളാണ് ക്രമീകരിക്കുക. ദുബൈ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയായ ഫ്ളൈ ദുബൈ തങ്ങളുടെ വെബ്സൈറ്റ് മുഖേനയാണ് ഇക്കാര്യമറിയിച്ചത്. ദുബൈയിലെ ഏറ്റവും വലിയ വിമാനകമ്പനിയായ ഫളൈ എമിറേറ്റ്സുമായി കോഡ് ഷെയര്‍ കരാറിലൂടെ ഫ്ളൈ ദുബൈയുമായി സഹകരിച്ച് സര്‍വീസ് നടത്തും. ഇരു രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാന്‍ വിസ വേണ്ട എന്ന നിയമവും നേരത്തെ പാസാക്കിയിരുന്നു.

ഡിസംബര്‍ 9 മുതല്‍ ഇസ്രായേല്‍ വിമാനക്കമ്പനികളായ ഇസ്രഎയറും അര്‍ക്കിയയും ദുബായിലേക്കുള്ള പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിമാനങ്ങള്‍ക്ക് അന്തിമ അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലിന്റെ ഔദ്യോഗിക വിമാന സര്‍വീസ് ആയ എല്‍ അലും അബുദാബിയുടെ ഇത്തിഹാദ് എയര്‍വേസും അടുത്തിടെ ഇരു രാജ്യങ്ങളിലെയും ഔദ്യോഗിക പ്രതിനിധികളുമായി പരസ്പരം വിമാന സര്‍വീസ് നടത്തിയിരുന്നു.

Related Articles