Current Date

Search
Close this search box.
Search
Close this search box.

സി.പി ജലീല്‍ കൊലപാതകം: ഭരണകൂട ഭീകരതയുടെ തുടര്‍ച്ചയെന്ന് സോളിഡാരിറ്റി

കോഴിക്കോട്: മാവോവാദത്തിന്റെ പേരില്‍ രണ്ട് വര്‍ഷം മുമ്പ് വയനാട് മാനന്തവാടിയില്‍ പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടല്‍ കഥയായിരുന്നെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സി.പി ജലീല്‍ വെടിവെച്ചപ്പോള്‍ തിരിച്ച് വെടിയുതിര്‍ത്ത് കൊന്നെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ സി.പി ജലീലില്‍നിന്ന് പിടിച്ചതെന്ന് വാദിക്കുന്ന തോക്കില്‍നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.

രാജ്യത്ത് വ്യത്യസ്ത രീതിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയുടെ തുടര്‍ച്ച തന്നെയാണിതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. മാവോവേട്ടയുടെ പേരിലും തീവ്രവാദവേട്ടയുടെ പേരിലും ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മാത്രം ധാരാളം ആളുകളെ പൊലീസ് കൊലപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളിലെല്ലാം തുടക്കം മുതല്‍ തന്നെ സംശയങ്ങളും ഉയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങളുടെയെല്ലാം സത്യാവസ്ഥ വെളിവാക്കുന്ന വസ്തുതകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണകൂട ഭീകരതയുടെ ക്രൂരമുഖമായി മാറിയ പൊലീസ് നടത്തുന്ന ഇത്തരം നടപടികള്‍ക്ക് പിന്തുണയേകുന്ന നടപടികളാണ് സര്‍ക്കാറുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് പൊലീസിന് മെജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള നീക്കം. നിലവിലെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെത്തന്നെ ഏറ്റുമുട്ടല്‍ കൊലകളും കസ്റ്റഡി മരണങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അവ തടയുന്നതിനുള്ള നടപടികളെടുക്കുന്നതിന് പകരം പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണ് അധികാരികളെന്നും നഹാസ് മാള പറഞ്ഞു.

Related Articles