Current Date

Search
Close this search box.
Search
Close this search box.

ലെബനാനിലെ സ്‌ഫോടനം: മരണം 100 ആയി, അടിയന്തരാവസ്ഥ നടപ്പിലാക്കും

ബെയ്‌റൂത്ത്: ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ വെയര്‍ഹൗസിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി ഉയര്‍ന്നു. നാലായിരത്തിലേറെ പേര്‍ക്ക് പരുക്കുണ്ട്. മൂന്ന് ലക്ഷം പേര്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. മരണസംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്ത് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. രാജ്യത്ത് ഉടന്‍ തന്നെ അടിയന്തരാവസ്ഥ നടപ്പിലാക്കുമെന്ന് ലെബനാന്‍ പ്രസിഡന്റ് മൈക്കല്‍ ഔന്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ നഗരമൊന്നടങ്കം പ്രകമ്പനം കൊണ്ടു. ഇതിന്റെ ഞെട്ടലില്‍ നിന്ന് നഗരവാസികള്‍ ഇപ്പോഴും മുക്തരായിട്ടില്ല. വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. അനവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ നടുക്കി കൂറ്റന്‍ സ്‌ഫോടനം അരങ്ങേറിയത്. ബെയ്‌റൂത്ത് തുറമുഖത്തിന് സമീപം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന കെട്ടിടമാണ് പൊട്ടിത്തെറിച്ചത്. തൊട്ടുപിന്നാലെ മറ്റൊരു സ്‌ഫോടനവും അരങ്ങേറി. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തുറമുറഖത്തിന് സമീപം 2750 ട
ണ്‍ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിനാണ് തീപിടിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ആറ് വര്‍ഷമായി ഈ വെയര്‍ഹൗസ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

സ്‌ഫോടനത്തിന്റെ ആഘാതം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും വ്യാപക നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രസിഡന്റ് മൈക്കല്‍ ഓന്‍ ബുധനാഴ്ച രാവിലെ അടിയന്തര ക്യാബിനറ്റ് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാണ് നീക്കം. ദുരന്തബാധിതരുടെ സുരക്ഷക്ക് സൈന്യം മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീം ഡിഫന്‍സ് കൗണ്‍സില്‍ പറഞ്ഞു.

സ്‌ഫോടനത്തിനു പിന്നാലെ രാജ്യത്തെ ഉന്നത പ്രതിരോധ കൗണ്‍സില്‍ യോഗം പ്രസിഡന്റ് മൈക്കല്‍ ഔന്‍ വിളിച്ചു ചേര്‍ത്തിരുന്നു. ബുധനാഴ്ച ദു:ഖാചരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി ഹസന്‍ ദിയാബ് പറഞ്ഞു. സ്‌ഫോടനത്തെക്കുറിച്ച് വിദഗ്ധ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനുള്ളില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നും സ്‌ഫോടനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

updating…..

 

 

 

Related Articles