Current Date

Search
Close this search box.
Search
Close this search box.

സൗദി,യു.എ.ഇയടക്കമുള്ള ഉപരോധ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ ഖത്തര്‍ നിരോധിക്കുന്നു

ദോഹ: ഖത്തറിനെതിരായി സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈന്‍,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒരു വര്‍ഷത്തോടടുക്കാനിരിക്കെ ഈ രാജ്യങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് ഖത്തര്‍ നിരോധനമേര്‍പ്പെടുത്തുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കടകളില്‍ നിന്നും നീക്കം ചെയ്യാന്‍ ഖത്തര്‍ സാമ്പത്തിക മന്ത്രാലയം വിവിധ സ്റ്റോറുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ഖത്തര്‍ അധികൃതരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈന്‍,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും സ്റ്റോറുകളില്‍ നിന്നും എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും പരിശോധന സംഘം കടകളിലെത്തി പരിശോധന നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ നിന്ന് മറ്റൊരു രാജ്യം വഴി ഇറക്കുമതി ചെയ്യുന്ന പാലും പാലുത്പന്നങ്ങളും നിര്‍ത്തലാക്കാനും ഖത്തര്‍ ആലോചിക്കുന്നുണ്ട്. ഉപഭോക്താവിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് ഖത്തര്‍ ഗവര്‍ണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫിസ് അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളിലൊന്നായ ഖത്തര്‍ ഒരു വര്‍ഷത്തിനകം തന്നെ ഉപരോധത്തില്‍ നിന്നും മോചിതരായെന്നും ഉപരോധ രാജ്യങ്ങളെക്കാള്‍ സാമ്പത്തിക നേട്ടം കൈവരിച്ചിട്ടുണ്ടെന്നും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഖത്തറിന്റെ സാമ്പത്തിക രംഗത്ത് മികച്ച നേട്ടമാണ് കൈവരിച്ചതെന്നും ഈ വര്‍ഷം അതിനെ മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈന്‍,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനെതിരെ വ്യോമ,കര,നാവിക നയതന്ത്ര ബന്ധങ്ങള്‍ റദ്ദാക്കിയത്.

 

Related Articles