Current Date

Search
Close this search box.
Search
Close this search box.

വിചാരണയുടെ നിയമസാധുതയെ ചോദ്യം ചെയ്ത് മുഹമ്മദ് മുര്‍സി

കെയ്‌റോ: കോടതി തനിക്ക് നേരെ നടത്തുന്ന വിചാരണയുടെ നിയമപരമായ സാധുതയെ ചോദ്യം ചെയ്ത് പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി. താന്‍ തന്നെയാണ് ഇപ്പോഴും ഈജിപ്തിന്റെ പ്രസിഡന്റെന്നും അതുകൊണ്ടു തന്നെ സാധാരണ കോടതി തനിക്ക് മേല്‍ നടത്തുന്ന വിചാരണക്ക് നിയമപരമായി ഒരു സാധുതയുമില്ലെന്നും ഞായറാഴ്ച്ച നടന്ന വിചാരണക്കിടെ ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഈജിപ്തിന്റെ പ്രഥമ പ്രസിഡന്റായ അദ്ദേഹം പറഞ്ഞു. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ ഭരണഘടന പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെയ്‌റോ ക്രിമിനല്‍ കോടതിയില്‍ ഹമാസുമായി ഗൂഢാലോചന നടത്തിയ കേസില്‍ അദ്ദേഹത്തിന്റെയും മറ്റ് 21 പേരുടെയും വാദം കേള്‍ക്കുന്നതിനിടെയാണ് മുര്‍സി ഇക്കാര്യം പറഞ്ഞത്.
‘മുഴുവന്‍ ആദരവോടെയും ഞാന്‍ പറയട്ടെ, ഈ കോടതിക്ക് എന്റെ മേല്‍ കുറ്റം ചുമത്താനുള്ള അര്‍ഹതയില്ല’ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് അനദോലു ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റിനെ വിചാരണ ചെയ്യാന്‍ നിശ്ചിതമായ ഒരു സംവിധാനം ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷക വൃന്ദത്തിന്റെ തലവന്‍ അബ്ദുല്‍ മുന്‍ഇം അബ്ദുല്‍ അഖ്‌സൂദ് പറഞ്ഞു.
സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ തലവന്റെ അധ്യക്ഷതയിലുള്ള, ഭരണഘടനാ കോടതി അധ്യക്ഷന്‍മാരും സ്‌റ്റേറ്റ് കൗണ്‍സിലും അടങ്ങിയ പ്രത്യേക കോടതിയായിരിക്കണം പ്രസിഡന്റിനെ വിചാരണ ചെയ്യേണ്ടത് എന്നാണ് 2012ലെ ഈജിപ്ത് ഭരണഘടനയുടെ 152ാം വകുപ്പ് നിഷ്‌കര്‍ശിക്കുന്നത്. 2014ലെ ഭരണഘടനയും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്. 2013ലാണ് പ്രതിരോധ മന്ത്രി അബ്ദുല്‍ ഫത്താഹ് സീസി നടത്തിയ സൈനിക അട്ടിമറിയിലൂടെ മുര്‍സി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്.

Related Articles