Current Date

Search
Close this search box.
Search
Close this search box.

മ്യാന്‍മര്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി വ്യാഴാഴ്ച്ച ചേരുന്നു

ന്യൂയോര്‍ക്ക്: മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള വ്യാപകമായ അതിക്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന രക്ഷാസമിതിയുടെ പ്രഥമ യോഗം ഈ വ്യാഴാഴ്ച്ച നടക്കും. രക്ഷാസമിതിയുടെ സെപ്റ്റംബര്‍ മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന എത്യോപ്യയുടെ സ്ഥിരാംഗമായ തികെഡ അലേമു പത്രപ്രസ്താവനയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. വ്യാഴാഴ്ച്ച വൈകിയിട്ട് ചേരുന്ന യോഗത്തില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസിന്റെ സാന്നിദ്ധ്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക, കസാകിസ്താന്‍, ഈജിപ്ത്, സ്വീഡന്‍ എന്നീ രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് രക്ഷാസമിതി ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേരുന്നത്. ഈ ആവശ്യത്തെ ഇറ്റലി പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. മ്യാന്‍മര്‍ ഭരണകൂടം റോഹിങ്ക്യകള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളെ വംശീയ ഉന്മൂലനം എന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിന് നിരപരാധികളാണ് അവിടെ കൊലചെയ്യപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 25 മുതല്‍ മ്യാന്‍മറില്‍ നിന്നുള്ള 436,000 റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ബംഗ്ലാദേശിലേക്ക് കടന്നിട്ടുണ്ട്.
മ്യാന്‍മറിലെ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ ഔദ്യോഗിക പ്രസ്താവനയിറക്കുന്നതിനെ കുറിച്ച് രക്ഷാസമിതി പഠിക്കുന്നുണ്ടെന്ന് നയതന്ത്ര രംഗത്തെ വിദഗ്ദര്‍ പറഞ്ഞു. എന്നാല്‍ ചൈനയും റഷ്യയും തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് ആ ശ്രമത്തെ പരാജയപ്പെടുത്തിയേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. രക്ഷാസമിതിയില്‍ ഒമ്പത് അംഗങ്ങളുടെ പിന്തുണ നേടുകയും സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അതിനെതിരെ വീറ്റോ അധികാരം ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ മാത്രമേ അതിലെ പ്രമേയങ്ങള്‍ അംഗീകരിക്കപ്പെടുകയുള്ളൂ. രക്ഷാസമിതിയുടെ നീക്കങ്ങളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മ്യാന്‍മര്‍ ഭരണകൂടം ഈ മാസം ചൈനയുമായും റഷ്യയുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles