Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയെ സന്ദര്‍ശിക്കാനും തടങ്കലിനെക്കുറിച്ച് പഠിക്കാനുമനുവദിക്കണമെന്ന് ബ്രിട്ടീഷ് എം.പിമാര്‍

കെയ്‌റോ: ജയിലില്‍ കഴിയുന്ന ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ തടങ്കലിനെക്കുറിച്ച് പഠിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ബ്രിട്ടീഷ് എം.പിമാര്‍ രംഗത്ത്.
അദ്ദേഹത്തിന്റെ കേസിനെക്കുറിച്ച് പഠിക്കാനും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കാനും തങ്ങളെ അനുവദിക്കണമെന്നാണ് ബ്രീട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളും അന്താരാഷ്ട്ര അഭിഭാഷകരും ഈജിപ്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് എം.പിമാരായ ക്രിസ്പിന്‍ ബ്ലണ്ട്,പോള്‍ വില്യംസ്,എഡ്വാര്‍ഡ് ഫോള്‍ക്‌സ് എന്നിവരും ലണ്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ മുതിര്‍ന്ന അഭിഭാഷകനും ചേര്‍ന്ന പാനലാണ് ഈജിപ്ത് സര്‍ക്കാരിന് കത്തയച്ചത്.

മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2013 മുതല്‍ ഈജിപ്തിലെ ജയിലില്‍ കഴിയുന്ന മുര്‍സിയെ സന്ദര്‍ശിക്കണമെന്നും അദ്ദേഹത്തെ ഇത്രയും കാലം ജയിലിനകത്തിടാനുള്ള കാരണങ്ങളും കുറ്റങ്ങളും അന്വേഷിക്കുകയുമാണ് ഇവരുടെ പ്രധാന ലക്ഷ്യമെന്നും കത്തില്‍ പറയുന്നു. ഇത്തരം തടങ്കലിന് ഈജിപ്തിലെയോ അന്താരാഷ്ട്ര നിയമമോ അംഗീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

തിങ്കളാഴ്ചയാണ് ലണ്ടനിലെ ഈജിപ്ത് എംബസി മുഖേന പാനല്‍ കത്തയച്ചത്. കൈറോവിലെ ജയിലിലെത്തി മുര്‍സിയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും കത്തില്‍ പാനല്‍ അംഗങ്ങള്‍ അപേക്ഷിച്ചു. മുര്‍സിയുടെ ആരോഗ്യനിലയെക്കുറിച്ചും കത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

മുര്‍സിക്ക് ആവശ്യമായ ചികിത്സ സഹായം ഈജിപ്ത് നല്‍കിയിട്ടില്ലെന്നതിന്റെ സത്യാവസ്ഥയും ആവശ്യമായ ശ്രദ്ധ അദ്ദേഹത്തിനു ലഭിച്ചില്ലെന്ന പരാതിയെക്കുറിച്ചും പാനല്‍ അന്വേഷിക്കും. ജയിലില്‍ അദ്ദേഹത്തിന് കിടക്കാന്‍ ബെഡ് നല്‍കിയിട്ടില്ലെന്നും ഒറ്റപ്പെട്ട തടങ്കലിലാണ് മുര്‍സിയെന്നും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ബന്ധുക്കളെയോ അഭിഭാഷകരെയോ അനുവദിക്കുന്നില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് ബ്രിട്ടീഷ് പാനല്‍ കത്തയച്ചിരിക്കുന്നത്.

 

Related Articles