Current Date

Search
Close this search box.
Search
Close this search box.

ഭീകരതയെ ചെറുക്കലും മനുഷ്യാവകാശം: ഈജിപ്ത് പ്രസിഡന്റ്

കെയ്‌റോ: അഭിപ്രായ പ്രകടനത്തിനുള്ള അവകാശം പോലെ മനുഷ്യാവകാശങ്ങളുടെ കൂട്ടത്തിലെ ഒരു അവകാശമാണ് ‘ഭീകരതക്കെതിരെയുള്ള പോരാട്ടം’ എന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി. തന്റെ ഭരണകൂടം നടമാടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ തീര്‍ത്തും അവഗണിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം ശറമുശ്ശൈഖില്‍ സംഘടിപ്പിക്കപ്പെട്ട വേള്‍ഡ് യൂത്ത് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരത നമ്മുടെ മനുഷ്യത്വത്തെ ഹനിക്കുന്ന ഒന്നാണ്. അതിനെ ചെറുക്കല്‍ ഈജിപ്തിലെ മനുഷ്യാവകാശങ്ങളുടെ പുതിയ അവകാശമായി ഞാന്‍ ചേര്‍ക്കുകയാണ്. വികസനത്തിന്റെയും പുരോഗതിയുടെയും പോരാടിയ ഈജിപ്തിലെ യുവാക്കള്‍ സമാന്തരമായി ഭീകരതക്കെതിരെയും പോരാടണം. യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് സീസി പറഞ്ഞു.
അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന വേള്‍ഡ് യൂത്ത് ഫോറത്തില്‍ നൂറിലേറെ രാഷ്ട്രങ്ങളില്‍ നിന്നുളള മൂവായിരത്തിലേറെ യുവാക്കളാണ് പങ്കെടുക്കുന്നത്. അതിന് പുറമെ രാഷ്ട്ര നേതാക്കളും ഭരണകൂടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയുടെ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളായും പങ്കെടുക്കുന്നുണ്ട്.
യൂത്ത് ഫോറത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനവുമായി നിരവധി ഈജിപ്ഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. ഫോറത്തിന്റെ അതേ ലോഗോ ഉപയോഗിച്ച് ഈജിപ്ത് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ തുറന്നു കാട്ടാനുള്ള അവസരമായിട്ടാണ് അവരതിനെ കാണുന്നത്. ഈജിപ്ത് പോലീസിന്റെ മര്‍ദന മുറകളുടെ വീഡിയോകളും തടവിലാക്കപ്പെട്ടവരുടെ ഫോട്ടോകളും അതിന്റെ ഭാഗമായി പ്രചരിപ്പിക്കുന്നുമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന സീസിയുടെ സമീപനത്തിനെതിരെ പ്രാദേശികവും അന്തര്‍ദേശീയവുമായി നിരവധി കൂട്ടായ്മകള്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Related Articles