Current Date

Search
Close this search box.
Search
Close this search box.

ബലി കര്‍മം; നിര്‍ദേശങ്ങളുമായി മുസ്‌ലിം നേതാക്കളുടെ സംയുക്ത പ്രസ്താവന

ന്യൂഡല്‍ഹി: ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ച് മുസ്‌ലിം നേതാക്കളുടെ സംയുക്ത പ്രസ്താവന. രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ബലിയറുക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്കാണ് ഇതില്‍ നേതാക്കള്‍ മുഖ്യ ഊന്നല്‍ നല്‍കിയിരിക്കുന്നത്. പ്രയാസകരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സാധ്യമായവരെല്ലാം ബലി കര്‍മം നിര്‍വഹിക്കുകയും അതിന് പരസ്പരം സഹായിക്കുകയും ചെയ്യണം. കഴിവുണ്ടായിട്ടും ബലിയറുക്കാത്തവര്‍ നമ്മുടെ ഈദ്ഗാഹുകളോട് അടുത്താതിരിക്കട്ടെ എന്ന പ്രവാചക വചനം നമ്മുടെ ഓര്‍മയില്‍ ഉണ്ടായിരിക്കണം. ബലിയറുക്കല്‍ കേവലം ഒരു ആചാരമല്ല, മറിച്ച് പ്രവാചകന്‍മാരായ ഇബ്‌റാഹീം നബിയുടെയും മുഹമ്മദ് നബിയുടെയും ചര്യയാണ്. അതിന് പകരം വെക്കാന്‍ മറ്റൊരു കര്‍മവുമില്ല. എന്നും നേതാക്കള്‍ വ്യക്തമാക്കി.
റോഡുകളിലും നടപ്പാതകളിലും ബലിയറുക്കുന്നത് ഒഴിവാക്കുകയും പകരം അതിനായി ഒഴിഞ്ഞ സ്ഥലങ്ങള്‍ തെരെഞ്ഞെടുക്കുകയും ചെയ്യുക. അതിനെ തുടര്‍ന്നുണ്ടാകുന്ന രക്തവും മറ്റ് അവശിഷ്ടങ്ങളും കുഴിച്ചുമൂടുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. ഇക്കാര്യങ്ങളില്‍ ശുചിത്വത്തിന്റെ ഉയര്‍ന്ന നിലവാരം കാത്തുസൂക്ഷിക്കാനും ശ്രദ്ധിക്കുക. സാധ്യമാകുന്നത്ര സംഘടിതമായി ബലി കര്‍മം നിര്‍വഹിക്കാന്‍ ശ്രമിക്കുക. അയല്‍ക്കാര്‍ക്ക്, പ്രത്യേകിച്ചും ഇതരമത വിശ്വാസികളായിട്ടുള്ളവര്‍ക്ക പരാതിക്ക് അവസരം നല്‍കുന്ന പ്രവര്‍ത്തനങ്ങളും പെരുമാറ്റവും ഒഴിവാക്കുക. ബന്ധങ്ങള്‍ വഷളാവാതെ പരമാവധി ആത്മനിയന്ത്രണം പാലിക്കുക. ഏത് സാഹചര്യത്തിലും ഒരിക്കലും നിയമം കയ്യിലെടുക്കാതിരിക്കുക. തെറ്റായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ബലികര്‍മത്തിന്റെ സുഗമമായ നടത്തിപ്പിനും വേണ്ടി മുതിര്‍ന്നവരും ഉത്തരവാദപ്പെട്ടവരുമായ അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു കമ്മറ്റി രൂപീകരിക്കുക. പ്രസ്തുത കമ്മറ്റി പ്രാദേശിക ഭരണസംവിധാനങ്ങളുമായി ബന്ധപ്പെടുകയും ക്രമസമാധാനം നിലനിര്‍ത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്യും. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക. ഏതെങ്കിലും അനിഷ്ട സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മേല്‍സൂചിപ്പിച്ച കമ്മറ്റിയെ അറിയിക്കുക. അക്കാര്യം പരിശോധിച്ച ശേഷം കമ്മറ്റി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തുടങ്ങിയ നിര്‍ദേശങ്ങളാണ് അതിലുള്ളത്.
ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റ് മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹുസൈനി, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി, ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് മഹ്മൂദ് മദനി, ആള്‍ ഇന്ത്യ പേഴ്‌സണല്‍ ലോ ബോര്‍ഡ് സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി, ആള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ് നവൈദ് ഹാമിദ്, മര്‍കസി ജംഇയ്യത്ത് അഹ്‌ലെ ഹദീസ് ജനറല്‍ സെക്രട്ടറി മൗലാനാ അലി അസ്ഗര്‍ ഇമാം മെഹ്ദി, ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം മൗലാനാ ഖാലിദ് റാശിദ് ഫിറാംഗി മഹല്ലി, ഡല്‍ഹിയിലെ ദാറുല്‍ ഖലം സ്ഥാപകനും പ്രസിഡന്റുമായ മൗലാനാ യാസീന്‍ അഖ്തര്‍ മിസ്ബാഹി, ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം മൗലാനാ കല്‍ബെ ജവാദ് നഖ്‌വി തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.

Related Articles