Current Date

Search
Close this search box.
Search
Close this search box.

ജറൂസലം: ട്രംപിന്റെ തീരുമാനം ലോകസമാധാനത്തിന് ഭീഷണി

കൊച്ചി: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം  ലോകസമാധാനത്തിന് ഭീഷണിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതിയംഗം ഡോ.അബ്ദുസ്സലാം വാണിയമ്പലം അഭിപ്രായപ്പെട്ടു. ജറൂസലം വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ കമ്മിറ്റി ഹൈക്കോടതിക്ക് സമീപം സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ലോകത്തെങ്ങും ഉയര്‍ന്നു കൊണ്ടിരിക്കുന്ന ശക്തമായ പ്രതിഷേധത്തില്‍ ഇസ്രായേലിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട 1917 ലെ ബാല്‍ഫര്‍ പ്രഖ്യാപനത്തിന് ചുക്കാന്‍ പിടിച്ച ബ്രിട്ടനും പങ്ക് ചേര്‍ന്നിരിക്കുന്നു.

ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ 100-ാം വാര്‍ഷിക വേളയില്‍ എല്ലാ അന്താരാഷ്ട്ര മര്യാദകളേയും ലംഘിച്ചു കൊണ്ട് ജൂതരാഷ്ട്രം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ബാല്‍ഫര്‍ പ്രഖ്യാപനം നടക്കുമ്പോള്‍ കേവലം 3 ശതമാനമുണ്ടായിരുന്ന ജൂത ജനസംഖ്യ 1948 ല്‍ ഇസ്രായേല്‍ രൂപീകരണ പ്രഖ്യാപനം നടക്കുമ്പോള്‍ 32ശതമാനമായും 2017 ല്‍ 85 ശതമാനമായും വര്‍ദ്ധിച്ചിരിക്കുന്നു. 70 ലക്ഷം തദ്ദേശീയരെ ആട്ടിപ്പായിച്ചാണ് പലപ്പോഴായി അവര്‍ രാജ്യം വിസ്തൃതമാക്കിയത്. 568 ബില്യണ്‍ ഡോളര്‍ വരുന്ന സ്വത്ത് ഇതിലൂടെ തട്ടിയെടുക്കുകയും ചെയ്തു. യുദ്ധങ്ങളില്‍ മാത്രം 3 ലക്ഷം മനുഷ്യരെ കൊലപ്പെടുത്തി. സമാധാനത്തോട് വെറുപ്പ് പുലര്‍ത്തുന്ന രാജ്യമാണ് ഇസ്രായേല്‍. കരാര്‍ ലംഘനം ഇസ്രായേലിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. 15 ലക്ഷം ഫലസ്തീനികള്‍ അധിവസിക്കുന്ന ഗസ്സ പത്ത് വര്‍ഷം പട്ടിണിക്കിട്ടിട്ടും ഇപ്പോഴും  അസാമാന്യമായ ചെറുത്തു നില്‍പ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നു എന്നതിന്റെ പേരില്‍ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേലിനെ ചങ്ങാതിയാക്കിയിരിക്കുന്നത്. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹൃവുമൊക്കെ പ്രഖ്യാപിച്ച ഫലസ്തീന്‍ അനുകൂല നയങ്ങളില്‍ നിന്നുള്ള വ്യക്തമായ വ്യതിചലനമാണ് മോദി സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്.  സമാധാനത്തോട് വെറുപ്പ് പുലര്‍ത്തുന്ന രാജ്യമാണ് ഇസ്രായേല്‍. കരാര്‍ ലംഘനം ഇസ്രായേലിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1948 ലെ രാഷ്ട്ര രൂപീകരണസമയത്ത് യു.എന്‍ നിര്‍ണ്ണയിച്ച വിസ്തീര്‍ണ്ണത്തിന്റെ മൂന്നിരട്ടിയാണ് ഇന്ന് ഇസ്രായേലിനുള്ളതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് പി.കെ. ശംസുദ്ധീന്‍ അഭിപ്രായപ്പെട്ടു. ദിനം പ്രതി അതിര്‍ത്തി വിസ്തൃതമാക്കിക്കാണ്ടിരിക്കുന്ന ഇസ്രായേലിന്റെ ക്രൂരനടപടികള്‍ക്കെതിരെ നൂറിലധികം പ്രമേയങ്ങളാണ് ഐക്യരാഷ്ട്രസഭ പാസ്സാക്കിയത് പക്ഷേ ഇവക്ക് കടലാസ്സിന്റെ വില പോലും നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് എം.കെ.അബൂബക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.സലീം സ്വാഗതവും എറണാകുളം ഏരിയാ പ്രസിഡന്റ് കെ.എ.മുഹമ്മദ് നന്ദിയും പറഞ്ഞു.

 

Related Articles