Current Date

Search
Close this search box.
Search
Close this search box.

ജയില്‍ പീഡനം സംബന്ധിച്ച റിപോര്‍ട്ട് രാഷ്ട്രീയ പ്രേരിതം: കെയ്‌റോ

കെയ്‌റോ: ഈജിപ്തിലെ ജയിലുകളില്‍ രാഷ്ട്രീയ തടവുകാര്‍ പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നുവെന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപോര്‍ട്ടിനെതിരെ ഈജിപ്ത് വിദേശകാര്യ മന്ത്രാലയം. ഈ മനുഷ്യാവകാശ സംഘടനക്ക് രാഷ്ട്രീയ അജണ്ടകളുണ്ടെന്നും അവര്‍ക്ക് ഫണ്ടനുവദിക്കുന്ന രാഷ്ട്രങ്ങളോട് ചായ്‌വ് പുലര്‍ത്തുന്ന നിലപാടാണ് അവ സ്വീകരിക്കുന്നതെന്നും മന്ത്രാലയം ആരോപിച്ചു. 2013ല്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാര്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപോര്‍ട്ട്.
പ്രസ്തുത റിപോര്‍ട്ട് അബദ്ധങ്ങള്‍ നിറഞ്ഞതാണെന്നും അതിന്റെ ബോധപൂര്‍വമുള്ള കുപ്രചാരണങ്ങളുടെ ഭാഗമാണ് ഈ റിപോര്‍ട്ടെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രാലയം വക്താവ് അഹ്മദ് അബൂ സൈദ് റിപോര്‍ട്ടിനോട് പ്രതികരിച്ചു. റിപോര്‍ട്ട് സൂക്ഷ്മമായി വായിച്ചാല്‍ തന്നെ അതിനായി വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്ന സ്രോതസ്സുകളുടെ സൂക്ഷ്മത വ്യക്തമാകും. ഭരണകൂടത്തിന്റെ എതിര്‍പക്ഷത്ത് നിലകൊള്ളുന്നവരില്‍ നിന്നും അജ്ഞാതരില്‍ നിന്നുമാണ് പ്രസ്തുത വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ തടവുകാരെ ഈജിപ്ത് പോലീസും ഓഫീസര്‍മാരും വളരെ ആസൂത്രിതമായി പീഡിപ്പിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട് പറയുന്നത്. നൂറുകണക്കിനാളുകള്‍ തട്ടിക്കൊണ്ടു പോകപ്പെട്ടിട്ടുണട്. മാനവരാശിക്ക് നേരെയുള്ള കുറ്റകൃത്യങ്ങളുടെ തലത്തിലെത്തുന്ന കുറ്റകൃത്യങ്ങളാണ് അവിടെ നടക്കുന്നതെന്നും റിപോര്‍ട്ട് അഭിപ്രായപ്പെട്ടു. മുന്‍ രാഷ്ട്രീയ തടവുകാരും തടവുകാരുടെ കുടുംബങ്ങളുമായ 199 വ്യക്തികളുമായി അഭിമുഖങ്ങള്‍ നടത്തിയാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2014നും 2016നും ഇടയില്‍ കടുത്ത പീഡനങ്ങള്‍ക്ക് തങ്ങള്‍ വിധേയരാക്കപ്പെട്ടിട്ടുണ്ടെന്നാണ് തടവുകാര്‍ പറയുന്നത്.

Related Articles