Current Date

Search
Close this search box.
Search
Close this search box.

കൊലയാളിയായ അസദ് രാജ്യം ഭരിക്കാന്‍ യോഗ്യനല്ല: തുര്‍ക്കി

ബൈറൂത്ത്: അലപ്പോയുടെ അവസ്ഥയെ അപകടകരമെന്ന് വിശേഷിപ്പിച്ച തുര്‍ക്കി വിദേശകാര്യ മന്ത്രി സിറിയയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഭരണം നടത്താന്‍ യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു. ലബനാന്‍ വിദേശകാര്യ മന്ത്രി ജിബ്‌റാന്‍ ബാസീലിനൊപ്പം ബൈറൂത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹമിത് പറഞ്ഞത്. സിറിയയുടെ അവസ്ഥ പ്രത്യേകിച്ചും അലപ്പോയുടേത് തങ്ങളെയെല്ലാം ഏറെ ഉത്കണ്ഠപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ പരിഹാരം ഉണ്ടാക്കുന്നതിനും മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും അനുരഞ്ജന ചര്‍ച്ചകള്‍ തുടരുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആറ് ലക്ഷം പേരുടെ മരണത്തിന് ഉത്തരവാദിയാണ് സിറിയന്‍ പ്രസിഡന്റ് എന്നും അത്തരം ഒരാളെ ഭരണാധികാരിയാക്കാന്‍ കൊള്ളില്ലെന്നും അസദിനെ കുറിച്ച ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. സ്വന്തം ജനതയെ കൊന്നൊടുക്കുന്നതിന് മുമ്പ് ഞങ്ങള്‍ അസദ് ഭരണകൂടത്തെ പിന്തുണച്ചിരുന്നു. സിറിയയെയും അവിടത്തെ ജനതയെയും ഞങ്ങള്‍ പിന്തുണച്ചിരുന്നു. എന്നാല്‍ നിലവിലെ അവസ്ഥയില്‍ ഞങ്ങള്‍ക്ക് യാഥാര്‍ഥ്യ ബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആറ് ലക്ഷം മനുഷ്യരെ കൊന്ന ഒരു രാജ്യത്തിന്റെയും ഭരണം നിര്‍വഹിക്കാന്‍ പാടില്ല. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ലബനാനും തുര്‍ക്കിക്കും ഇടയിലെ സഹകരണത്തെ കേന്ദ്രീകരിച്ചായിരുന്നു തുര്‍ക്കി മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയെന്ന് ലബനാന്‍ മന്ത്രി ജിബ്‌റാന്‍ ബാസീല്‍ വ്യക്തമാക്കി. സിറിയന്‍ അഭയാര്‍ഥികള്‍ത്ത് തങ്ങളുടെ നാടുകളിലെ തന്നെ സുരക്ഷിത ഇടങ്ങളിലേക്ക് മടങ്ങാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.

Related Articles