Current Date

Search
Close this search box.
Search
Close this search box.

എനിക്കെതിരെ നടക്കുന്നത് പ്രതികാര നടപടി: മുഹമ്മദ് ബദീഅ്

കെയ്‌റോ: ഈജിപ്ഷ്യന്‍ കോടതി തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആക്രമണത്തിന് പ്രേരിപ്പിച്ചു എന്ന ആരോപണം തന്നോടുള്ള പ്രതികാരമാണെന്ന് ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഅ്. ത്വര്‍റയിലെ പോലീസ് ആസ്ഥാനത്ത് ചെര്‍ന്ന ബനീ സുവൈഫ് ക്രിമിനല്‍ കോടതി ‘ബനീ സുവൈഫ്’ സംഭവങ്ങളുടെ പേരില്‍ ബദീഇനും മറ്റ് 92 പേര്‍ക്കും എതിരെയുള്ള കേസ് പരിഗണിക്കവെയാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. 2013ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. കേസിന്റെ വിധി പ്രസ്താവിക്കുന്നത് അടുത്ത സെപ്റ്റംബാര്‍ 28നാണെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.
”കേവലം പ്രതികാര നടപടി മാത്രമാണ് എനിക്കെതിരെ നടക്കുന്നത്. എന്നെ ജയിലിലടക്കുകയും ആക്രമണത്തിന് പ്രേരിപ്പിച്ചു എന്ന് എനിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തതില്‍ ഞാന്‍ കോടതിയോട് പരാതിപ്പെടുകയാണ്. ആ കേസില്‍ എനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ഒരൊറ്റ തെളിവു പോലും ഇല്ല.” എന്ന് ബദീഅ് കോടതിക്ക് മുമ്പാകെ വ്യക്തമാക്കി. 2013 ആഗസ്റ്റില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ആക്രമണം നടത്തി അതിന് പ്രേരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തി നിരവധി കേസുകളാണ് 72കാരനായ അദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്. 48 ക്രിമിനല്‍ കേസുകളാണ് അദ്ദേഹത്തിനെതിരെ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. അതേസമയം 2013 ആഗസ്റ്റില്‍ റംസീസ് സംഭവങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ മകന്‍ അമ്മാര്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ പരാതിയില്‍ യാതൊരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Related Articles