Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് പ്രസിഡന്റ് സ്ഥാനത്ത് സീസി തുടരുന്നതാണ് ഇസ്രയേലിന് ഗുണമെന്ന് പഠനം

തെല്‍അവീവ്: ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അയല്‍രാഷ്ട്രമായ ഈജിപ്തില്‍ അബ്ദുല്‍ ഫത്താഹ് സീസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതാണ് ഗുണകരമെന്ന് ഇസ്രയേല്‍ ഗവേഷകന്റെ പഠനം. ഇസ്രയേല്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രസ്തുത സ്ഥാനത്തേക്ക് അദ്ദേഹത്തേക്കാള്‍ നല്ല മറ്റൊരാള്‍ ഇല്ലെന്നും പഠനം അഭിപ്രായപ്പെട്ടു. ജറൂസലേം സെന്റര്‍ ഫോര്‍ പബ്ലിക് അഫേഴ്സ് പ്രസിദ്ധീകരിച്ച പഠനം അറബ് വിഷയങ്ങളില്‍ വിദഗ്ദനായ ഇസ്രയേല്‍ ഗവേഷകന്‍ യൂനി ബെന്‍ മനാഹീമാണ് തയ്യാറാക്കിയത്.
ഈജിപ്തിന്റെ പ്രസിഡന്റ് സ്ഥാനത്ത് സീസിക്ക് പ്രാമുഖ്യം നല്‍കാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്താണെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഇസ്രയേലുമായി ഉടമ്പടികളുള്ള ഏറ്റവും വലിയ അറബ് രാഷ്ട്രമാണ് ഈജിപ്ത്, അവരുമായി ഇസ്രയേലിന് ശ്രദ്ധേയമായ രീതിയിലുള്ള സുരക്ഷാ സഹകരണ സംവിധാനമുണ്ട്, അതോടൊപ്പം തന്നെ രാഷ്ട്രീയ രംഗത്തും അവരുമായി സഹകരണങ്ങളുണ്ട് തുടങ്ങിയവ അതില്‍ പ്രധാനമാണ്. അടുത്ത വര്‍ഷം മധ്യത്തോടെ ഈജിപ്തില്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടക്കുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ അവിടെ ആരംഭിച്ചിട്ടുണ്ടെന്നും സീസിയെ വീണ്ടും പ്രസിഡന്റ് പദവിയില്‍ എത്തിക്കാനുള്ള മാധ്യമ പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും അനുയായികള്‍ തുടങ്ങിയിട്ടുണ്ടെന്നും ഇസ്രയേല്‍ ഗവേഷകന്‍ വിവരിച്ചു. അല്ലെങ്കില്‍ ഭരണഘടനാ ഭേദഗതിയിലൂടെ അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവിയുടെ കാലാവധി നീട്ടിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഭരണകൂടം ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്നും തടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന സീസിയുടെ പ്രതിയോഗികള്‍ തിറാന്‍, സനാഫീര്‍ ദ്വീപുകള്‍ സൗദിക്ക് കൈമാറിയതിനെ എതിര്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് ഇസ്രയേല്‍ മിലിറ്ററി ഇന്റലിജന്‍സിലെ മുന്‍ ഓഫീസറായ മനാഹീം വ്യക്തമാക്കി. പ്രതിയോഗികളുടെ ഭാഷയില്‍ സീസി സ്വേച്ഛാധിപത്യ അടിച്ചമര്‍ത്തല്‍ ഭരണമാണ് നടത്തുന്നതെന്നും മുസ്‌ലിം ബ്രദര്‍ഹുഡിനും മറ്റ് ജിഹാദി ഗ്രൂപ്പുകള്‍ക്കുമെതിരെ കടുത്ത നിലപാടാണ് സീസി സ്വീകരിക്കുന്നതെന്നും പഠനം സൂചിപ്പിച്ചു. സീസിയുടെ അടിച്ചമര്‍ത്തല്‍ നടപടികള്‍ അമേരിക്കയുടെ പ്രതിഷേധത്തിന് കാരണമായതിനെയും അതിനെ തുടര്‍ന്ന് ഈജിപ്തിനുള്ള 290 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കിയതിനെ കുറിച്ചും പഠനത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു. 2018 തെരെഞ്ഞെടുപ്പില്‍ എതിരാളികളില്ലാതെ ഈജിപ്ത് സീസിയുടെ പൂര്‍ണ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് പ്രതിപക്ഷം ഭയക്കുന്നതെന്നും അദ്ദേഹത്തിനെതിരെ മത്സരിക്കുന്നത് ആരാണെങ്കിലും അവര്‍ ഈജിപ്തുകാര്‍ക്കിടിയില്‍ വലിയ സ്വാധീനമുള്ള മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പിന്തുണ നേടാന്‍ ശ്രമിക്കുമെന്നും അഭിപ്രായപ്പെട്ടു കൊണ്ടാണ് പഠനം സമാപിക്കുന്നത്.

Related Articles